മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസ്: 14 പ്രതികൾക്ക് ജീവപര്യന്തം തടവ്

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസ്: 14 പ്രതികൾക്ക് ജീവപര്യന്തം തടവ്

നർമദാപുരം: മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന കേസിൽ 14 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലെ നർമദാപുരം ജില്ലാ കോടതിയുടേതാണ് ഈ സുപ്രധാന വിധി. രാജ്യവ്യാപകമായി വലിയ ജനരോഷം ഉയർത്തിയ 2022-ലെ അതിക്രൂരമായ ആൾക്കൂട്ടക്കൊലപാതകത്തിലാണ് സെവോണി മാൽവയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ നസീർ അഹമ്മദ് (50) എന്നയാളാണ് ഗോരക്ഷാ ഗുണ്ടകളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. 2022 ഓഗസ്റ്റ് രണ്ടിന് രാത്രി സെവോണി മാൽവ തഹ്സിലിലെ ബർഖാദ് ഗ്രാമത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. നന്ദേർവാഡ ഗ്രാമത്തിൽ നിന്നും 28 കന്നുകാലികളുമായി ട്രക്കിൽ യാത്ര ചെയ്യുകയായിരുന്നു നസീർ അഹമ്മദും സുഹൃത്തുക്കളായ ഷെയ്ഖ് ലാല (38), സയീദ് മുഷ്താഖ് (40) എന്നിവർ. ഈ സമയം മാരകായുധങ്ങളും ഇരുമ്പ് വടികളുമായി തടിച്ചുകൂടിയ സംഘം ഇവരുടെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് ട്രക്കിൽ ഉണ്ടായിരുന്ന മൂന്നുപേരെയും വാഹനത്തിൽ നിന്ന് വെളിയിലേക്ക് വലിച്ചിറക്കിയ അക്രമികൾ കന്നുകാലികളെ കടത്തുന്നു എന്ന് ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ചു. മാരകമായി പരിക്കേറ്റ് ചോര വാർന്ന നസീർ അഹമ്മദ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പശുസംരക്ഷണത്തിന്റെ പേരിൽ നടന്ന ഈ ആൾക്കൂട്ടക്കൊലപാതകം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശ സംഘടനകളുടെ കടുത്ത അപലപനങ്ങൾക്കും ഇടയാക്കിയിരുന്നു.

നീണ്ട കോടതി നടപടികൾക്കൊടുവിൽ വിധി പ്രസ്താവന വന്നതിന് പിന്നാലെ കോടതി പരിസരത്ത് കനത്ത നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കടുത്ത കുറ്റകൃത്യത്തിൽ കോടതി ശിക്ഷിച്ച പ്രതികളുടെ ബന്ധുക്കൾ കോടതിക്ക് പുറത്ത് പൊട്ടിക്കരയുകയും പ്രകോപനപരമായി പ്രതിഷേധിക്കുകയും ചെയ്തു. വിധിക്ക് ശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റാനായി പോലീസ് വാഹനത്തിൽ കയറ്റിയപ്പോൾ ബന്ധുക്കൾ കൂട്ടത്തോടെ വാഹനത്തിന് മുന്നിൽ കിടന്ന് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചു. ഒടുവിൽ കൂടുതൽ പോലീസ് സേന രംഗത്തെത്തി ബലപ്രയോഗത്തിലൂടെ രംഗം ശാന്തമാക്കിയാണ് പ്രതികളെ ജയിലിലേക്ക് മാറ്റിയത്