"എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി"; ഓടുന്ന ട്രെയിനിന് പുറത്ത് തൂങ്ങിക്കിടന്ന് നിലവിളിച്ച് യുവാവ്

"എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി"; ഓടുന്ന ട്രെയിനിന് പുറത്ത് തൂങ്ങിക്കിടന്ന് നിലവിളിച്ച് യുവാവ്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിന് സമീപം ഓടിക്കൊണ്ടിരുന്ന മഹാമന എക്സ്പ്രസ് ട്രെയിനിന് പുറത്ത് ജീവൻ പണയം വെച്ച് ഒരു യുവാവ് തൂങ്ങിക്കിടക്കുന്നതിന്റെ ഭീതിജനകമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിനുള്ളിൽ വെച്ച് തനിക്ക് നേരെ ക്രൂരമായ മർദ്ദനമുണ്ടായെന്നും, തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതാണെന്നും യുവാവ് ദൃശ്യങ്ങളിൽ വിളിച്ചുപറയുന്നുണ്ട്.

വൈറലായ വീഡിയോയിൽ, വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെ ജനൽ ജനലഴികളിലും എമർജൻസി വിൻഡോയിലും  അതീവ അപകടകരമായ രീതിയിൽ പിടിച്ച് തൂങ്ങിനിൽക്കുകയാണ് യുവാവ്. ട്രെയിനിനുള്ളിൽ ഇരുന്ന യാത്രക്കാർ ഇയാളോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ, “അവർ എന്നെ മർദ്ദിച്ചു, എനിക്കെതിരെ കള്ളക്കുറ്റം  ചുമത്തി” എന്ന് ഇയാൾ ഉറക്കെ വിളിച്ചുപറയുന്നത് കേൾക്കാം. ട്രെയിനിനുള്ളിലെ ചിലരുമായുണ്ടായ തർക്കമാണ് കൈയേറ്റത്തിലും തുടർന്ന് ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലും കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ഭോപ്പാൽ റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചത് ഏത് സ്റ്റേഷനുകൾക്കിടയിലാണെന്നും യുവാവ് നിലവിൽ സുരക്ഷിതനാണോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ട്രെയിനിനുള്ളിൽ വെച്ച് യുവാവിനെ മർദ്ദിച്ചവരെയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരെയും തിരിച്ചറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.