ഗുരുദേവ കൃതിയായ ആത്മവിലാസം നൃത്താവിഷ്‌കാരം അരങ്ങേറി

മുംബൈ : ശ്രീനാരായണ ഗുരു രചിച്ച'ആത്മവിലാസം'എന്ന ഗദ്യകാവ്യത്തിൻ്റെ നൃത്താവിഷ്‌ക്കാരം മെറ്റാമോർഫോസിസ് തിയ്യറ്റർ ആൻ്റ് ഫിലിംസ് ഡയറക്ടറും ശ്രദ്ധേയനായ കലാകാരനുമായ ഡോ. ഓംകാർ ഭട്കറും സംഘവും ചേർന്ന് അവതരിപ്പിച്ചു. മുംബൈ നാഷണൽ ഗാലറി  ഓഫ് മോഡേൺ ആർട്ട് ഹാളിലായിരുന്നു നൃത്താവിഷ്‌കാരം അരങ്ങേറിയത്. 

ശ്രീനാരായണ ഗുരു രചിച്ച ദാർശനിക കൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് 'ആത്മവിലാസം' എന്ന  കൃതി. ആത്മാവിൻ്റെ യാഥാർത്‌ഥ്യം, ആത്മബോധം, മോക്ഷം തുടങ്ങിയവയെ കുറിച്ചൊക്കെ കൃതി വിശകലനം ചെയ്യുന്നു. ലളിതമായ വാക്കുകളിൽ ആഴമുള്ള തത്വചിന്ത പ്രദാനം ചെയ്യുന്ന ഈ കൃതി ജീവനും ബ്രഹ്മവും ഒന്നാണെന്നും  അജ്ഞാനം മനുഷ്യനെ സത്യത്തിൽ നിന്നും അകറ്റുന്നു എന്നും ആത്മ ജ്‌ഞാനം നേടാനായാൽ മോക്ഷം ലഭിക്കുമെന്നും വിവരിക്കുന്നു. നൃത്താവിഷ്ക്കാരം ധ്യാനാത്മകമായും യോഗാത്മകമായും സ്വന്തം ഹൃദയത്തിലേക്കുള്ള തീർഥയാത്രയായി അനുഭവപ്പെട്ടുവെന്ന്  പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

ദൈവം എല്ലാം കാണുന്ന കണ്ണാണ്. പ്രേക്ഷകന് ദൈവം ദിവ്യമായ കണ്ണാടിയുമാണ് എന്ന് ശ്രീനാരായണ ഗുരു ആത്മവിലാസത്തിലൂടെ കാട്ടിത്തരുന്നതായി ഡോ. ഓംകാർ ഭട്കർ പറഞ്ഞു. പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങൾക്കും ഡോ. ഭട്കർ മറുപടി നൽകി. മലയാളം, മറാത്തി ഭാഷകളിൽ കൂടി ഈ നൃത്താവിഷ്‌കാരം താമസിയാതെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഓംകാറിനൊപ്പം രേഖ ഷെട്ടി, അക്ഷയാ ത്സാ, റോഷൻ സിംഗ്, അനുഷാ സമ്പത്ത്, രാഹുൽ ചൗധരി, രാധികാ മാത്രേ , ശർമിള വേ ലാസ്കർ, സായ്കസ്‌തൂരി എന്നിവരും രംഗത്തെത്തി. പ്രശാന്ത് സാവന്ത്, നാസർ ബുക്കാരി തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു.

ശ്രീനാരായണ മന്ദിര സമിതിയുടെ തത്വശാസ്ത്ര വിഭാഗമായ ബാക്ക് വാട്ടേഴ്‌സ് കളക്ടീവ്, മെറ്റാമോർഫോസിസ് തിയേറ്റർ, നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്സ് എന്നിവർ സംയുക്തമായാണ് നൃത്താവിഷ്‌ക്കാരം അരങ്ങിലെത്തിച്ചത്.