പട്ടിണിയിൽ നിന്നും പാട്ടിൻ്റെ പാലാഴിതീർത്ത ആശാജി

 പട്ടിണിയിൽ നിന്നും പാട്ടിൻ്റെ പാലാഴിതീർത്ത   ആശാജി

മുംബൈ :പഴയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളെ  സ്നേഹിക്കുന്ന ഏതൊരു ആസ്വാദകനും ഒരു ദിവസത്തിൽ ഒരു നേരമെങ്കിലും ആശാഭോസ്‌ലെ പാടിയ ഏതെങ്കിലും ഒരു ഗാനം മൂളാതിരിക്കില്ല.ചിലപ്പോൾ അതൊരു മെലഡി ആയിരിക്കാം അല്ലെങ്കിൽ അതൊരു അടിപൊളി പാട്ടായിരിക്കാം .അത്രകണ്ട് ആലാപനം കൊണ്ട് ഹൃദയസ്പർശമാക്കിയ നിരവധിഗാനങ്ങളാണ് ആശാജി നമുക്കു സമ്മാനിച്ചിട്ടുള്ളത്.

80 വർഷത്തെ  ഗാന ജീവിതത്തിൽ, 20-ലധികം ഭാഷകളിലായി 12,000-ത്തിലധികം ഗാനങ്ങൾ !! 'ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡി'ൽ ആശാ ഭോസ്‌ലെ ഇടംപിടിക്കുന്നത് ഇന്ത്യയിൽ മറ്റൊരു ഗായികയ്ക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടങ്ങളിലൂടെയാണ് .ജനപ്രിയമായ "പിയാ തു അബ് തോ ആജാ" ആയാലും "ദിൽ ചീസ് ക്യാ ഹേ" എന്ന ഖവാലി ആയാലും, ആശാ ഭോസ്‌ലെയുടെ ഓരോ ഗാനവും വ്യത്യസ്ത ഭാവുകത്വമുള്ള  ആലാപന മികവുകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു.  1943-ൽ പിതാവ് ദീനനാഥ് മങ്കേഷ്‌കർ മരിച്ചതിനുശേഷമാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറാനായി  ആശ തന്റെ മൂത്ത സഹോദരി ലതാ മങ്കേഷ്‌കറോടൊപ്പം പാടാനായി ഇറങ്ങുന്നത്.

സംഗീത  ആസ്വാദകർക്ക് 'നീന്തിത്തുടിക്കു'വാനായി പാട്ടിൻ്റെ  പാലാഴി ഒരുക്കിയാണ് പട്ടിണിയിൽ തുടങ്ങിയ ആ സംഗീത ജീവിതം  നിശ്ശബ്ദമാകുന്നത്. 1943-ൽ  പത്താമത്തെ വയസ്സിലാണ്  ഒരു മറാഠി  സിനിമയിയ്ക്കുവേണ്ടി  ആശാ ഭോസ്‌ലെ ആദ്യ ഗാനം പാടുന്നത്. പിന്നീടോരിക്കൽ തൻ്റെ  ആദ്യ ഗാനാനുഭവത്തെക്കുറിച്ച് ഒരു വാർത്താ ചാനലിനോട് ആശാ ഭോസ്‌ലെഇങ്ങനെ  പറഞ്ഞു, "എന്റെ ആദ്യ ഗാനം ഒരു മൈക്രോഫോണിന് മുന്നിൽ നിന്ന് റെക്കോർഡുചെയ്യേണ്ടി വന്നു. ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. മൈക്രോഫോൺ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഗാനങ്ങൾ മൈക്രോഫോണിൽ റെക്കോർഡുചെയ്‌തിരുന്നു. ഞാൻ എന്റെ ആദ്യ ഗാനം ആലപിച്ചപ്പോൾ, എനിക്കും പാടാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. ദീദി (ലതാ മങ്കേഷ്‌കർ) മാത്രമല്ല, എനിക്കും പാടാൻ കഴിയും. ജീവിതം അവിടെ നിന്നാണ് ആരംഭിച്ചത്,"

 1948-ൽ പുറത്തിറങ്ങിയ 'ചുനാരിയ' എന്ന ചിത്രത്തിലായിരുന്നു ആശാ ഭോസ്‌ലെയുടെ ആദ്യ ബോളിവുഡ് ഗാനം. അതിനുശേഷം  ഉപജീവനത്തിനായി അവർ നിരവധി ചെറിയ സിനിമകളിൽ പാടി.പതിനാറാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി തൻ്റെ  സഹോദരി ലതാ മങ്കേഷ്‌കറിൻ്റെ സെക്രട്ടറിയായ ഗണപത്രാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.  ഈ തീരുമാനത്തിൽ കുടുംബത്തിലെ മറ്റുള്ളവർക്കും ലതാമങ്കേഷ്കറിനും  അതൃപ്തി ഉണ്ടായിരുന്നു . ആശാ ഭോസ്‌ലെ ഹിന്ദിചലച്ചിത്ര ഗാനശാഖയിലെ ഒരു അവിഭാജ്യഘടകമാകുന്നത്  1957-ൽ  മുഹമ്മദ് റാഫിയോടൊപ്പം  പാടിയ "ഉഡേ ജബ് ജബ് സുൽഫേൻ തേരി" എന്ന ഗാനം വൻ ഹിറ്റായതിനുശേഷമാണ് . പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. പക്ഷെ അപ്പോഴേക്കും കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ തലപൊക്കി.ഒരുദിവസം  ഗായിക മക്കളോടൊപ്പം ഭർത്താവിൻ്റെ  വീട് വിട്ടു. 

1950-കൾ മുതൽ 1980-കൾ വരെ, ആശാ ഭോസ്‌ലെയുടെ സുവർണകാലമായിരുന്നു.. പിന്നീട് 90-കളിൽ എ.ആർ. റഹ്മാൻ "രംഗീല" എന്ന സിനിമയുടെ ടൈറ്റിൽ ട്രാക്കിനായി അവരെ തിരഞ്ഞെടുത്തു. ഈ ഗാനം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് അവർ വീണ്ടും സിനിമയിൽ സജീവമാകുന്നത് .

മുഹമ്മദ് റാഫി, കിഷോർ കുമാർ, മന്നാ ഡേ തുടങ്ങിയ മഹാന്മാരായ ഗായകർക്കൊപ്പം ആശാ ഭോസ്‌ലെ നിരവധി മികച്ച ഗാനങ്ങൾ ആലപിച്ചു. റോഷൻ, ഒ.പി. നയ്യാർ, എസ്.ഡി. ബർമൻ, ആർ.ഡി. ബർമൻ തുടങ്ങിയ അക്കാലത്തെ ഇതിഹാസ സംഗീതസംവിധായകരുമായും അവർ സഹകരിച്ചു. അതിനിടയിൽ ആശാ ഭോസ്‌ലെ സംഗീതസംവിധായകൻ ആർ.ഡി. ബർമനെ ര വിവാഹം കഴിച്ചു. 1980 കളുടെ തുടക്കത്തിൽ ഇരുവരും വീണ്ടും ഒന്നിച്ചു, പക്ഷേ 1980 കളുടെ അവസാനത്തോടെ അവർ വേർപിരിഞ്ഞു. സംഗീതസംവിധായകൻ്റെ  മയക്കുമരുന്നുപയോഗമാണ്  ഇതിന് കാരണമായി  പറയപ്പെടുന്നത് അവർ വേർപിരിഞ്ഞെങ്കിലും അവരുടെ സൗഹൃദം അതേപടി തുടർന്നിരുന്നു .


ആർ.ഡി.ബർമൻ -ആശാഭോസ്‌ലെ കൂട്ടുകെട്ടിൽ ജനിച്ച എല്ലാഗാനങ്ങളും ഹിറ്റായിരുന്നു.  ദം മാരോ ദം (ഹരേ രാമ ഹരേ കൃഷ്ണ),പിയാ തു അബ് തോ ആജ (കാരവൻ),ചുര ലിയ ഹേ തുംനെ ജോ ദിൽ കോ (യാദോൻ കി ബാരാത്ത്),ദോ ലഫ്‌സോൺ കി ഹേ ദിൽ കി കഹാനി,ഒ ഹസീന സുൽഫോൺവാലെ ജെയ്ൻ ജഹാൻ (തീസ്രി മൻസിൽ),ആജാ ആജാ മെയിൻ ഹൂൻ പ്യാർ തേരാ (തീസ്രി മൻസിൽ)റോസ് റോസ് ആങ്കോൺ  (ജീവ): യേ വാദ രഹ (യേ വാദ രഹ)ദുനിയ മേ ലോഗോൻ കോ (അപ്നാ ദേശ്)ജാനു മേരി ജാൻ (ഷാൻ )അങ്ങനെപോകുന്നു ഒരു കാലഘട്ടത്തെ മുഴുവൻ ത്രസിപ്പിച്ച അവർ തീർത്ത  ഗാനങ്ങളുടെ നിര.. 


. ആശാ ഭോസ്‌ലെ തന്റെ മൂത്ത സഹോദരി ലതാ മങ്കേഷ്‌കറുമായി എപ്പോഴും ഊഷ്മളമായ ബന്ധം പുലർത്തിയിരുന്നു. 16-ാം വയസ്സിൽ  പെട്ടെന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് അവർക്കിടയിൽ ചില  പ്രശ്‌നങ്ങൾ ആരംഭിച്ചത്.എന്നാൽ ആശയ്ക്ക് ഒരു  മകൻ  ജനിച്ചപ്പോൾ(ഹേമന്ത് ഭോസ്ലെ) കുടുംബത്തിലെ എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെട്ടു. എന്നിരുന്നാലും  ഗാനാലാപനത്തിൽ ചലച്ചിത്രലോകത്ത് മത്സരബുദ്ധിയോടെയായിരുന്നു രണ്ടുപേരും മുന്നോട്ട് പോയിരുന്നത്  .മൗലികവും വ്യത്യസ്തവുമായ ശൈലികളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന രണ്ടുപേരും ഹിന്ദി -മറാഠി ചലച്ചിത്രലോകത്തെ സംഗീത രാഞ്ജിമാരായി ഏറെക്കാലം വാണു .ഇവർ പാടി പ്രശസ്തമാക്കിയ ഗാനങ്ങളുടെ പടവുകൾ ചവുട്ടിവന്നവരാണ് സംഗീതലോകത്തെ ഇന്നത്തെ തലമുറ.എല്ലാ 'ടൈപ്പി'ലുള്ള ഗാനങ്ങളും പാടിസംഗീതലോകത്തിൻ്റെ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഗായികമാർക്ക്  മാതൃകയാകുന്നതാകട്ടെ ആശാഭോസ്ലേയുടെ അനശ്വരഗാനങ്ങളും !

ആശാ ഭോസ്‌ലെയും സഹോദരി ലതാ മങ്കേഷ്‌കറും ബോളിവുഡിലെ  "രാഗ രാജ്ഞികൾ" ആയിരുന്നു. സംഗീത മേഖലയിലെ അവരുടെ സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം, ഒരാൾക്ക് ഭാരതരത്നയും മറ്റൊരാൾക്ക് പത്മവിഭൂഷണുംനൽകി ആദരിച്ചു. ലതാമങ്കേഷ്‌ക്കറിനു  ശേഷം ആശാ ഭോസ്‌ലെയും സംഗീതലോകത്തുനിന്ന് വിടപറയുമ്പോൾ, കുറിക്കപ്പെടുന്നത് ഹിന്ദി -മറാഠി ചലച്ചിത്രസംഗീതത്തിൻ്റെ ഒരു യുഗപര്യവസാനമാണ്.