റോഡരികിൽ മാലിന്യം തള്ളിയ ദൃശ്യം വൈറലായി: അപമാനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു

റോഡരികിൽ മാലിന്യം തള്ളിയ ദൃശ്യം വൈറലായി: അപമാനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തു

പനാജി: സോഷ്യൽ മീഡിയയിലെ അതിരൂക്ഷമായ സൈബർ ആക്രണത്തിലും പൊതുഅപമാനത്തിലും മനംനൊന്ത് ഗോവയിൽ ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാർത്ഥി തോക്കെടുത്ത് സ്വയം വെടിവെച്ച് ജീവനൊടുക്കി . നോർത്ത് ഗോവയിലെ മാപുസ സ്വദേശിയായ സാമുവൽ ഡി ബ്രഗാൻസ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ ഒരു പ്രാദേശിക സന്നദ്ധ പ്രവർത്തകൻ മൊബൈലിൽ പകർത്തുകയും, മാലിന്യം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സാമുവലിനെതിരെ കടുത്ത സൈബർ ട്രോളിംഗും ജനരോഷവും ഉയരുകയുണ്ടായി. വീഡിയോ വൈറലായതിന് പിന്നാലെ മാപുസ പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും സാമുവലിന് നിയമപരമായ നോട്ടീസ് അയക്കുകയും ചെയ്തു.

വ്യാഴാഴ്ച അമ്മയോടും സഹോദരിയോടുമൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ സാമുവലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വീട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ നേരിട്ട കടുത്ത വ്യക്തിഹത്യയും വരാനിരിക്കുന്ന നിയമനടപടികളെക്കുറിച്ചുള്ള ഭയവും കാരണം സാമുവൽ അതീവ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയോടെ വീട്ടിലെ ശുചിമുറിയിൽ കയറിയ സാമുവൽ കുടുംബത്തിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിലെ അനിയന്ത്രിതമായ സൈബർ വിചാരണകളും ഓൺലൈൻ അധിക്ഷേപങ്ങളും യുവാക്കളുടെ മാനസികാരോഗ്യത്തെ എങ്ങനെ ഗുരുതരമായി ബാധിക്കുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ ദാരുണ സംഭവം.