ഫിഫ ലോകകപ്പ് 2026; എഐ സെൻസറുകളുമായി പുതിയ ഔദ്യോഗിക പന്ത് ‘ട്രിയോണ്ട’ പുറത്തിറക്കി അഡിഡാസ്

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള ഔദ്യോഗിക മാച്ച് ബോൾ അഡിഡാസ് പുറത്തിറക്കി. ‘ട്രിയോണ്ട’ (Trionda) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പന്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെയും അത്യാധുനിക മോഷൻ സെൻസറുകളുടെയും സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത് . കളിക്കളത്തിലെ ഓഫ്സൈഡ്, ഹാൻഡ്ബോൾ പോലുള്ള സങ്കീർണ്ണമായ തീരുമാനങ്ങൾ വേഗത്തിലും കൃത്യമായും എടുക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സിസ്റ്റത്തെ സഹായിക്കുക എന്നതാണ് ഈ പന്തിന്റെ പ്രധാന ലക്ഷ്യം. സ്പാനിഷ് ഭാഷയിൽ ‘മൂന്ന് തരംഗങ്ങൾ’ എന്നർത്ഥം വരുന്ന ട്രിയോണ്ട, മൂന്ന് ആതിഥേയ രാജ്യങ്ങളുടെ ഒത്തുചേരലിനെയാണ് സൂചിപ്പിക്കുന്നത്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വെറും നാല് പാനലുകൾ മാത്രം ഉപയോഗിച്ച് ഒരു ഫുട്ബോൾ നിർമ്മിക്കുന്നത്. പന്തിന്റെ കൃത്യമായ ചലനം രേഖപ്പെടുത്താൻ ഇതിലൊരു പാനലിനുള്ളിൽ 500 Hz ഇൻഫ്രാറെഡ് അധിഷ്ഠിത മോഷൻ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. ഇതൊരു ഇലക്ട്രോണിക് ഉപകരണം പോലെ പ്രവർത്തിക്കുന്നതിനാൽ 6 മണിക്കൂർ കളിക്കാൻ പന്ത് 90 മിനിറ്റ് ചാർജ് ചെയ്യേണ്ടതുണ്ട്. മുൻകാല ലോകകപ്പുകളിൽ വിവാദമുണ്ടാക്കിയ ‘ജാബുലാനി’ പന്തിന്റെ അസ്ഥിരമായ സഞ്ചാരപഥം ഒഴിവാക്കാൻ ട്രിയോണ്ടയുടെ ഉപരിതലം അല്പം പരുക്കനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിലെ ക്യാമറകളും കളിക്കാരുടെ 3D ഡിജിറ്റൽ അവതാറുകളും ഈ സെൻസർ ഡാറ്റയുമായി എഐ വഴി സംയോജിപ്പിക്കുന്നതിലൂടെ റഫറിമാരുടെ തീരുമാനം കൂടുതൽ സുതാര്യമാകും. മൂന്ന് ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കാനഡയുടെ മേപ്പിൾ ഇല, മെക്സിക്കോയുടെ ഈഗിൾ, യുഎസിന്റെ നക്ഷത്രം എന്നീ ചിഹ്നങ്ങളും ചുവപ്പ്, പച്ച, നീല നിറങ്ങളും പന്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2026 ഫിഫ ലോകകപ്പ് 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കും. ചരിത്രത്തിൽ ആദ്യമായാണ് കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലായി ടൂർണമെന്റ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത് . 16 ആതിഥേയ നഗരങ്ങളിലായി ആകെ 48 ടീമുകൾ കളിക്കും, അതുകൊണ്ടുതന്നെ ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഫിഫ ലോകകപ്പായി മത്സരം മാറുന്നു