തൊഴിലാളികളുടെ പോരാട്ടങ്ങളെയും അവകാശങ്ങളെയും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം

തൊഴിലാളികളുടെ പോരാട്ടങ്ങളെയും അവകാശങ്ങളെയും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടങ്ങളെയും അവകാശങ്ങളെയും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം കൂടി. സുരക്ഷിതമായ തൊഴിലിടം, മാന്യമായ വേതനം എന്നീ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണയിലാണ് ഈ വർഷവും അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്. സമകാലിക ഡിജിറ്റൽ യുഗത്തിലെ തൊഴിൽ വെല്ലുവിളികളെക്കൂടി തുറന്നുകാട്ടുന്നതാണ് 2026ലെ തൊഴിൽ ദിനം.

കാലാവസ്ഥാ വ്യതിയാനവും തൊഴിൽ സുരക്ഷയും

മാറുന്ന കാലാവസ്ഥയിൽ തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് 2026ലെ തൊഴിലാളി ദിന പ്രമേയം. ആഗോള താപനവും ഉഷ്ണതരംഗവും ഉൾപ്പെടെയുള്ള പാരിസ്ഥിതിക മാറ്റങ്ങൾ തൊഴിലാളികൾക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.ഈ സാഹചര്യത്തിൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി കർശനമായ തൊഴിൽ സുരക്ഷ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളും കോർപറേറ്റ് സ്ഥാപനങ്ങളും തയാറാകണമെന്ന് ഈ ദിനം ഓർമപ്പെടുത്തുന്നു. ഇന്ത്യയിൽ അന്താരാഷ്ട്ര ശ്രമിക് ദിവസ് എന്നാണ് ഈ ദിനം അറിയപ്പെടുന്നത്.

ചിക്കാഗോയിലെ രക്തസാക്ഷികൾ

1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേമാർക്കറ്റ് പോരാട്ടമാണ് മെയ് ദിനത്തിൻ്റെ അടിസ്ഥാനം. ജോലിയുടെ സമയപരിധി എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ തൊഴിലാളികൾ നടത്തിയ പ്രതിഷേധം ബോംബ് സ്ഫോടനത്തിലും പൊലീസ് നടപടിയിലും കലാശിച്ചിരുന്നു. തുടർച്ചയായ കഠിനാധ്വാനത്തിൽ നിന്ന് മാറ്റം വേണമെന്നതായിരുന്നു പ്രധാന ആവശ്യം. തുടർന്ന് 1889ലാണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷൻ തീരുമാനിച്ചത്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന ആശയമാണ് ഇതിലൂടെ മുൻപോട്ട് വച്ചത്. ഇതിന് മുൻപ് 1856 ഏപ്രിൽ 21ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ തൊഴിലാളികൾ നടത്തിയ പണിമുടക്കും ഷിക്കാഗോ സമരത്തിന് ഊർജം പകർന്നിരുന്നു.

ചൈന, ദക്ഷിണാഫ്രിക്ക, ടുണീഷ്യ, ടാൻസാനിയ, സിംബാബ്‌വെ തുടങ്ങി എൺപതിലധികം രാജ്യങ്ങളിൽ മെയ് ഒന്ന് പൊതു അവധിയാണ്. എന്നാൽ അമേരിക്കയിലും കാനഡയിലും സെപ്റ്റംബറിലാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

ബാലവേല നിർത്തലാക്കിയതും മിനിമം വേതനം ഉറപ്പാക്കിയതുമായ നേട്ടങ്ങൾ സ്മരിക്കുമ്പോൾ തന്നെ, തൊഴിലാളി എന്നത് വെറുമൊരു ഉത്പന്നമല്ലെന്നും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും ഈ ദിനം ഓർമപ്പെടുത്തുന്നു. തൊഴിലാളികളുടെ പ്രയത്നങ്ങളെ ആദരിച്ചുകൊണ്ട് തുല്യതയുടെ മികച്ച ഭാവിക്കായി ഏവരും ഒന്നിക്കേണ്ടതുണ്ട്.

എല്ലാവർക്കും വേൾഡ് എം ന്യൂസിൻ്റെ   മെയ്‌ദിന ആശംസകൾ