അയോദ്ധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട്: പ്രത്യേക സംഘം അന്യേഷിക്കും

അയോധ്യ: രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കാണിക്കപ്പണത്തിലും സംഭാവനകളിലും വൻ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നതായുള്ള പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ഉടൻ തന്നെ അയോധ്യയിലെത്തും. ക്ഷേത്ര ട്രസ്റ്റിന്‍റെ കീഴിലുള്ള രേഖകൾ, കാണിക്ക വഞ്ചികളിൽ നിന്ന് ലഭിച്ച തുകയുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, പണം കൈകാര്യം ചെയ്ത ജീവനക്കാരുടെ പങ്കാളിത്തം എന്നിവയെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിക്കും.ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം കൈകാര്യം ചെയ്തതിൽ വൻ അട്ടിമറി നടന്നെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. രാമക്ഷേത്രത്തിന്‍റെ മതപരമായ പ്രാധാന്യവും അവിടെയെത്തുന്ന ഭീമമായ കാണിക്കത്തുകയും കണക്കിലെടുത്ത് ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിന് ഭക്തർക്കിടയിൽ ഈ അന്വേഷണം വലിയ ചർച്ചയായിട്ടുണ്ട്. കാണിക്ക വഞ്ചികളിൽ നിന്ന് ശേഖരിച്ച തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുകയും തമ്മിൽ വലിയ വ്യത്യാസമുള്ളതായി കണ്ടെത്തിയതാണ് സംഭവത്തിന്‍റെ തുടക്കം. കാണിക്കപ്പണം ശേഖരിക്കുന്നതിലും എണ്ണുന്നതിലും ബാങ്കിൽ നിക്ഷേപിക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി.
ചില ജീവനക്കാർക്ക് കോടികളുടെ അനധികൃത സ്വത്തുള്ളതായി ആക്ഷേപം
തട്ടിപ്പിന്‍റെ യഥാർത്ഥ വ്യാപ്തി എത്രത്തോളമുണ്ടെന്നും എത്ര രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കണ്ടെത്തുകയാണ് എസ്.ഐ.ടിയുടെ പ്രധാന ലക്ഷ്യം. കാണിക്ക രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, ക്ഷേത്ര രജിസ്റ്ററുകൾ എന്നിവ സംഘം പരസ്പരം ഒത്തുനോക്കും. വ്യക്തികൾ മാത്രമാണോ അതോ ട്രസ്റ്റ് ഭാരവാഹികൾക്കോ ബാങ്ക് ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കുണ്ടോയെന്നും പരിശോധിക്കും. 18,000 മുതൽ 20,000 രൂപ വരെ മാത്രം ശമ്പളമുള്ള ചില ജീവനക്കാർക്ക് കോടികളുടെ അനധികൃത സ്വത്തുള്ളതായി ആക്ഷേപമുണ്ട്; ഇവരുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും.
കൂടാതെ സുരക്ഷാ സംവിധാനങ്ങൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ആഭ്യന്തര നിരീക്ഷണങ്ങൾ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. എത്ര കാലമായി ഈ തട്ടിപ്പ് തുടരുന്നുണ്ടെന്നും ഇത് കേവലം അനാസ്ഥയാണോ അതോ ആസൂത്രിതമായ ഗൂഢാലോചനയാണോ എന്നും കണ്ടെത്തേണ്ടതുണ്ട്. വർഷത്തിൽ രണ്ടുതവണ ഓഡിറ്റ് നടത്തിയിട്ടും എന്തുകൊണ്ടാണ് ഈ ക്രമക്കേട് കണ്ടെത്താനാകാതെ പോയതെന്നതും അന്വേഷണ പരിധിയിൽ വരും. അന്വേഷണവുമായി ക്ഷേത്ര ട്രസ്റ്റ് എത്രത്തോളം സഹകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നടപടികൾ.
ആരോപണങ്ങൾ നിഷേധിച്ച് ക്ഷേത്രം സേവാദാർ
വിവാദത്തിൽ പേര് ഉയർന്നുവന്ന ക്ഷേത്രത്തിലെ സേവാദാറായ കൃഷ്ണ ദേവ് തിവാരി (കെ.ഡി. തിവാരി) തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. കാണിക്കപ്പണം ഉപയോഗിച്ച് ഒന്നരക്കോടി രൂപയുടെ ഭൂമി വാങ്ങി എന്ന ആക്ഷേപം വ്യാജമാണെന്ന് അദ്ദേഹം വീഡിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.2024 ജനുവരി 22-നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. എന്നാൽ താൻ 2024 മാർച്ചിലാണ് സേവാദറായി ചുമതലയേറ്റത്. അതിനുമുമ്പ്, 2023 ഡിസംബറിൽ തന്നെ തന്‍റെ രണ്ട് ആൺമക്കൾ അവരുടെ പേരിൽ ഭൂമി വാങ്ങിയിരുന്നു. അതിനെ ക്ഷേത്രത്തിലെ തന്‍റെ ജോലിയുമായി ബന്ധിപ്പിക്കുന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.ഭക്തർ നൽകുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, രത്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുക മാത്രമായിരുന്നു തന്‍റെ ചുമതലയെന്ന് തിവാരി വിശദീകരിച്ചു. ആഭരണങ്ങൾ തൂക്കിനോക്കി ഭക്തർക്ക് രസീത് നൽകുകയും അവ സുരക്ഷിതമായി ട്രസ്റ്റ് ഭാരവാഹികളെ ഏൽപ്പിക്കുകയുമാണ് താൻ ചെയ്തത്. അതിനുശേഷം എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് തനിക്കറിയില്ല. തന്‍റെ മൂത്ത മകൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്യുകയാണെന്നും രണ്ടാമത്തെ മകൻ സൈന്യത്തിൽ നിന്ന് വിരമിച്ച് ഉത്തർപ്രദേശ് പോലീസിൽ സബ് ഇൻസ്പെക്ടറാണെന്നും മൂന്നാമത്തെ മകൻ കമ്പ്യൂട്ടർ ഓപ്പറേറ്ററാണെന്നും മകൾ അധ്യാപികയാണെന്നും കുടുംബത്തിന്‍റെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവരൂ എന്ന് രാമജന്മഭൂമി കേസിലെ പ്രധാന കക്ഷികളിലൊരാളായിരുന്ന ഇഖ്ബാൽ അൻസാരി പ്രതികരിച്ചു.
വിഷയമേറ്റെടുത്ത് രാഷ്ട്രീയപാർട്ടികൾ
സംഭവം ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് തിരികൊളുത്തിയിരിക്കുന്നത്. യോഗി ആദിത്യനാഥ് സർക്കാർ എസ്.ഐ.ടി രൂപീകരിക്കുകയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുണ്ട്. അയോധ്യയിലെ പുഷ്പരാജ് ചൗരാഹയിൽ ഉത്തർപ്രദേശ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ശരദ് ശുക്ല സ്ഥാപിച്ച പോസ്റ്ററുകൾ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ വീര്യം പകർന്നു. ക്ഷേത്ര സ്വത്തുക്കളോ പണമോ അപഹരിക്കുന്നവർ മഹാപാപമാണ് ചെയ്യുന്നതെന്ന സ്കന്ദപുരാണത്തിലെ ശ്ലോകമാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സമാജ്‌വാദി പാർട്ടിക്ക് പിന്നാലെ കോൺഗ്രസും ഈ വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധം ശക്തമായി. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്നും ഉത്തരവാദികളായ ഭാരവാഹികളെ മാറ്റണമെന്നും സമാജ്‌വാദി പാർട്ടി എം.പി അവധേഷ് പ്രസാദ് ആവശ്യപ്പെട്ടു. ട്രസ്റ്റ് ഭാരവാഹികൾ സ്ഥാനത്ത് തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് ഈ വിഷയം ആദ്യം സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നതെന്നും പ്രസാദ് ഓർമ്മിപ്പിച്ചു. ഇത് വെറുമൊരു ട്രസ്റ്റിന്‍റെയോ സംസ്ഥാന സർക്കാരിന്‍റെയോ മാത്രം പ്രശ്നമല്ലെന്നും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും ഭഗവാൻ രാമന്‍റെ വിശുദ്ധിയെയും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.