തീവ്രവാദ റിക്രൂട്ട്മെൻ്റ്; മധ്യപ്രദേശ് എ.ടി.എസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു

തീവ്രവാദ റിക്രൂട്ട്മെൻ്റ്; മധ്യപ്രദേശ് എ.ടി.എസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു

ഭോപാൽ: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തീവ്രവാദ റിക്രൂട്ട്മെൻ്റ് സംഘവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) നടത്തുന്ന അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സ്ലീപ്പർ സെൽ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

ഓൺലൈൻ വഴിയുള്ള തീവ്രവാദ റിക്രൂട്ട്മെൻ്റ്

രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ് അന്വേഷണം ആരംഭിച്ചത്. വിദേശത്തുള്ള തീവ്രവാദ സംഘങ്ങൾ ഓൺലൈൻ ഗ്രൂപ്പുകൾ വഴി യുവാക്കളെ സ്വാധീനിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ടെന്നായിരുന്നു ഇൻ്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെ ഈ രഹസ്യ ഓൺലൈൻ ഗ്രൂപ്പ് നിയന്ത്രിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വെള്ളിയാഴ്ച ഭോപാലിലെ ഖാസി ക്യാമ്പ് ഏരിയയിൽ നിന്ന് മുഹമ്മദ് ഫറാസ് (35) എന്നയാളെയാണ് എ.ടി.എസ് ആദ്യം അറസ്റ്റ് ചെയ്തത്. ബിരുദധാരിയായ ഇയാൾ ഒരു സ്വകാര്യ ഹോമിയോപ്പതി ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. ഓൺലൈൻ ചാനലുകളിലൂടെ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ സംഘത്തിലെ മറ്റ് അംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സമൂഹമാധ്യമങ്ങൾ വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെ കണ്ടെത്തി തീവ്രവാദത്തിലേക്ക് ആകർഷിക്കാനായിരുന്നു ഇയാൾ ശ്രമിച്ചിരുന്നത്.തുടർന്ന് വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിലുള്ള നനൗതയിൽ നിന്ന് നയീം അബ്ദുല്ല ഖുറേഷി (38) എന്നയാളെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് എ.ടി.എസ്, ഉത്തർപ്രദേശ് എ.ടി.എസ്, യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. സംഘത്തിലെ പ്രധാനിയായ ഇയാൾ വിദേശത്തുള്ളവരുമായി നിർണായക വിവരങ്ങൾ പങ്കുവച്ചിരുന്നതായും ഫറാസിനെ അഫ്‌ഗാനിസ്ഥാനിലേക്ക് അയക്കാൻ പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. ഞായറാഴ്ച പുലർച്ചെ ഹരിയാന അതിർത്തിയോട് ചേർന്നുള്ള രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ നിന്ന് മുഹമ്മദ് ഷാക്കിർ (34) എന്നയാളെയും മധ്യപ്രദേശ് എ.ടി.എസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ സെക്കൻഡ് ഇൻ കമാൻഡറായി പ്രവർത്തിച്ചിരുന്നത് ഇയാളാണെന്നാണ് സൂചന.

കൂടുതൽ അറസ്റ്റിന് സാധ്യത

മറ്റൊരു സംസ്ഥാനത്തുള്ള നാലാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഏകദേശം രണ്ടു വർഷം മുൻപാണ് ഖുറേഷി ഫറാസിനെ ഈ ഓൺലൈൻ ഗ്രൂപ്പിലേക്ക് പരിചയപ്പെടുത്തിയത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിലുള്ള ദേവ്ബന്ദിലെ ഒരു മദ്രസയിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.പ്രതികളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു.