ദോഹയിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ഖത്തറില് നിന്ന് ഇന്ന് പ്രത്യേക വിമാന സര്വീസ്

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് ഖത്തറിലെ ദോഹയിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യൻ പൗരന്മാരെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി അധികൃതർ അറിയിച്ചു.ഇന്നലെ ദോഹയിൽ നിന്ന് ഡൽഹിയിലേക്ക് ഖത്തർ എയർവേയ്സ് നടത്തിയ പ്രത്യേക വിമാനത്തിൽ 300-ഓളം യാത്രക്കാർ എത്തിച്ചേർന്നു . ട്രാൻസിറ്റ് വിസയിലോ ചുരുങ്ങിയ കാലയളവിലെ സന്ദർശനത്തിനോ എത്തി ദോഹയിൽ കുടുങ്ങിപ്പോയവരാണ് ഇപ്പോൾ നാട്ടിലെത്തിയത്. ഈ ദൗത്യത്തിൽ സഹകരിച്ച ഖത്തർ എയർവേയ്സിന് ദോഹയിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സുരക്ഷിതമായ സ്ഥലങ്ങളിൽ തന്നെ തുടരാനും, അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിസ നീട്ടൽ:
കാലാവധി കഴിഞ്ഞതോ ഉടൻ കഴിയുന്നതോ ആയ എല്ലാത്തരം എൻട്രി വിസകളും ഒരു മാസത്തേക്ക് കൂടി നീട്ടിനൽകുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28 മുതൽ ഇത് പ്രാബല്യത്തിൽ വരും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് ഇനിയും നീട്ടിനൽകിയേക്കാം.
കൂടുതൽ സർവീസുകൾ ഉടൻ
മാർച്ച് 10-ന് ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് മൂന്ന് പ്രത്യേക വിമാനങ്ങൾ കൂടി ഖത്തർ എയർവേയ്സ് സർവീസ് നടത്തും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, സൗദി വിസ കൈവശമുള്ളവർക്ക് സൽവ അതിർത്തി വഴി സൗദി അറേബ്യയിലെത്തി അവിടെ നിന്നും ഇന്ത്യയിലേക്ക് മടങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
സുരക്ഷാ നിർദ്ദേശങ്ങൾ
ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രാദേശിക ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ഫോട്ടോകൾ പകർത്തുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക, കിംവദന്തികളിൽ വീഴരുത് എന്നും എംബസി അറിയിച്ചു.
രജിസ്ട്രേഷൻ സൗകര്യം:
നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സൗദി അറേബ്യ വഴി കടന്നുപോകാനുള്ള താൽക്കാലിക വിസ ലഭിക്കുന്നതിനായി എംബസി ഒരു രജിസ്ട്രേഷൻ ലിങ്ക് ആരംഭിച്ചിട്ടുണ്ട്. സൗദിയിൽ നിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൽവ അതിർത്തിയിലേക്കും അവിടെ നിന്ന് എയർപോർട്ടിലേക്കുമുള്ള യാത്രാ സൗകര്യങ്ങൾ ഓരോരുത്തരും സ്വന്തമായി കണ്ടെത്തണം.
ഇന്ത്യൻ എംബസി 24 മണിക്കൂറും സഹായത്തിന് ലഭ്യമാണ്.
ഹെൽപ്പ്ലൈൻ നമ്പറുകൾ: +974 55647502, +974 55362508
ഇമെയിൽ: [email protected]
ഇറാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
അതേസമയം, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും എംബസി ജാഗ്രതാ നിർദേശം നൽകി. ഇന്ത്യൻ എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഇറാൻ അതിർത്തികൾ വഴി പുറത്തേക്ക് യാത്ര ചെയ്യരുത്. എംബസിയുടെ കൃത്യമായ നിർദേശമില്ലാതെ അതിർത്തികളിലേക്ക് നീങ്ങുന്നത് അപകടകരമാണെന്നും, ഇത്തരത്തിൽ അതിർത്തി കടന്ന് മറ്റൊരു രാജ്യത്ത് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് പിന്നീട് സഹായം നൽകാൻ കഴിയില്ലെന്നും അറിയിപ്പിൽ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ മാർഗനിർദ്ദേശങ്ങൾക്കായി താഴെ പറയുന്ന ഹെൽപ്പ്ലൈൻ നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359
ഇമെയിൽ: [email protected]