ചാണക്യയുടെ പ്രവചനം : കേരളത്തില്‍ ഇഞ്ചോടിഞ്ച്, തമിഴ്‌നാട്ടിലും അസമിലും തുടർഭരണം , ബംഗാളില്‍ ബിജെപി

ചാണക്യയുടെ പ്രവചനം : കേരളത്തില്‍ ഇഞ്ചോടിഞ്ച്, തമിഴ്‌നാട്ടിലും അസമിലും തുടർഭരണം , ബംഗാളില്‍ ബിജെപി

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം ഉറ്റുനോക്കിയ ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വോട്ടെടുപ്പ് പൂർത്തിയായതോടെ വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പമാണെന്നതിൻ്റെ സൂചനകളാണ് ചാണക്യ നൽകുന്നത്.

കേരളം

കേരളത്തിൽ ഇത്തവണയും അതിശക്തമായ പോരാട്ടമാണ് നടന്നിരിക്കുന്നതെന്ന് ചാണക്യയുടെ പ്രവചനം. എല്‍ഡിഎഫിന് 55 മുതല്‍ 71 വരെയും, യുഡിഎഫിന് 60 മുതല്‍ 78 സീറ്റ് വരെയും ബിജെപിക്ക് 3 മുതല്‍ 11 സീറ്റ് വരെയും ചാണക്യ പ്രവചിക്കുന്നു. യുഡിഎഫിന് 37 മുതല്‍ 43 ശതമാനം വോട്ട് വിഹിതവും, എല്‍ഡിഎഫിന് 35 മുതല്‍ 41 ശതമാനം വരെ വോട്ട് വിഹിതവുമാണ് പ്രവചിക്കുന്നത്. അതേസമയം, ഭരണം നിലനിർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ, അധികാരം പിടിച്ചെടുക്കാൻ യു.ഡി.എഫ് സജീവമായി രംഗത്തുണ്ട്. മിക്ക പോളുകളും യു.ഡി.എഫിന് മുൻതൂക്കം നൽകുമ്പോൾ, ചാണക്യ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

അസം

അസമിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി സഖ്യം അധികാരം നിലനിർത്തുമെന്നാണ് ചാണക്യയുടെ നിരീക്ഷണം. 93 മുതല്‍ 111 സീറ്റുകള്‍ വരെ നേടി ബിജെപി ഹാട്രിക് നേടുമെന്ന് ചാണക്യ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 14 മുതല്‍ 32 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അസമിലെ 126 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ (NDA) സഖ്യത്തിന് വൻ വിജയവും ഭരണത്തുടർച്ചയുമാണ് പ്രവചിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ഏജൻസികളുടെ സർവേ ഫലങ്ങൾ പ്രകാരം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്താനാണ് സാധ്യത. ആക്സിസ് മൈ ഇന്ത്യ ഉള്‍പ്പെടെ മിക്ക സർവേകളും എൻ.ഡി.എ സഖ്യത്തിന് 88 മുതൽ 101 വരെ സീറ്റുകൾ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകൾ മാത്രം മതിയെന്നിരിക്കെ, ഇത് വലിയൊരു വിജയമാണ്. ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും കോൺഗ്രസ് സഖ്യത്തിന് 22 മുതൽ 36 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നാണ് പ്രവചനം.

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണം തുടരുമെന്നും, എന്നാല്‍ പ്രബല ശക്തികളായി വിജയ്‌യുടെ ടിവികെ മാറുമെന്നും ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം. ആകെയുള്ള 234 സീറ്റുകളില്‍ ഡിഎംകെ 114 മുതല്‍ 134 സീറ്റുകള്‍ വരെയും ടിവികെ 52 മുതല്‍ 74 സീറ്റുകള്‍ വരെയും, എഐഡിഎംകെ 34 മുതല്‍ 56 സീറ്റുകള്‍ വരെയും നേടുമെന്നാണ് പ്രവചനം. എഐഡിഎംകെയെ മറികടന്ന് ടിവികെ പ്രതിപക്ഷത്ത് എത്തുമെന്നും ചാണക്യ സൂചന നല്‍കുന്നു. കഴിഞ്ഞ ദിവസം ആക്സിസ് മൈ ഇന്ത്യ ടിവികെ അധികാരം നേടുമെന്ന് പ്രവചിച്ചിരുന്നു.

ബംഗാളില്‍ അട്ടിമറി

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൻ അട്ടിമറിയെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം. ചരിത്രത്തിലാദ്യമായി ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രവചനം. 181 മുതല്‍ 203 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നും, മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 89 മുതല്‍ 111 സീറ്റുകള്‍ വരെയും നേടുമെന്നാണ് പ്രവചനം.ചാണക്യ സ്ട്രാറ്റജീസ്, മാട്രിസ് , പി-മാർക്ക് തുടങ്ങിയ ഏജൻസികൾ ബി.ജെ.പിക്ക് 146 മുതൽ 175 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് നടത്തിയ സർവേ പ്രകാരം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തില്‍ തുടരുമെന്നാണ്. 178 മുതൽ 187 വരെ സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് പീപ്പിള്‍സ് പള്‍സ് മാത്രമാണ് പ്രവചിച്ചത്.

ചാണക്യ മുന്നിലാണ്...

മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ പ്രവചനങ്ങൾ നടത്തിയിട്ടുള്ള ഏജൻസിയാണ് ടുഡേയ്സ് ചാണക്യ. പ്രവചനങ്ങളിലെ വിശ്വസ്തതയും ചരിത്രവുംഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൃത്യമായ പ്രവചനങ്ങൾ കൊണ്ട് ശ്രദ്ധേയരായ ഏജൻസിയാണ് ടുഡേയ്സ് ചാണക്യ. 1995 മുതൽ ഈ രംഗത്തുള്ള ഇവർ, പല നിർണ്ണായക തിരഞ്ഞെടുപ്പുകളിലും മറ്റെല്ലാ സർവേകളും പരാജയപ്പെട്ടപ്പോൾ ജനവിധി കൃത്യമായി പ്രവചിച്ച് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ചാണക്യയുടെ പ്രധാന നേട്ടങ്ങൾ:

ലോക്സഭാ തെരഞ്ഞെടുപ്പുകൾ (2014 & 2019): 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് കൃത്യമായി പ്രവചിച്ച ചുരുക്കം ഏജൻസികളിൽ ഒന്നായിരുന്നു ചാണക്യ. 2019-ലും എൻ.ഡി.എയുടെ വൻ വിജയം ഇവർ കൃത്യമായി കണക്കുകൂട്ടി.

ഡൽഹി നിയമസഭ (2015): ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച അപ്രതീക്ഷിത ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചതിലൂടെ ചാണക്യ രാജ്യശ്രദ്ധ നേടി.ബംഗാൾ തെരഞ്ഞെടുപ്പ് (2021): പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തുടര്‍ഭരണം നേടുമെന്ന് ചാണക്യ പ്രവചിച്ചിരുന്നു. മറ്റുള്ളവർ ബി.ജെ.പിക്ക് മുൻതൂക്കം നൽകിയപ്പോൾ ചാണക്യയുടെ പ്രവചനം ഫലത്തോട് ഏറെ അടുത്തായിരുന്നു.

പ്രവചനങ്ങൾ പിഴച്ച സന്ദർഭങ്ങൾ

എല്ലാ പ്രവചനങ്ങളും എപ്പോഴും ശരിയാകാറില്ല. ഉദാഹരണത്തിന്, 2015-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ച ചാണക്യയ്ക്ക് അവിടെ പിഴവ് സംഭവിച്ചു. ജെ.ഡി.യു-ആർ.ജെ.ഡി സഖ്യമാണ് അന്ന് വിജയിച്ചത്. അതുപോലെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 400-ൽ അധികം സീറ്റുകൾ ലഭിക്കുമെന്ന് ചാണക്യ ഉൾപ്പെടെയുള്ള പല ഏജൻസികളും പ്രവചിച്ചെങ്കിലും യഥാർത്ഥ ഫലം അതിൽ നിന്നും ഏറെ അകലെയായിരുന്നു. അതേസമയം, എക്സിറ്റ് പോളുകൾ കേവലം സൂചനകൾ മാത്രമാണെന്നും യഥാർത്ഥ ജനവിധി മെയ് 4-ന് വോട്ടെണ്ണൽ ദിനത്തിൽ മാത്രമേ അറിയാൻ സാധിക്കൂ എന്നും രാഷ്ട്രീയ നിരീക്ഷകർ ഓർമ്മിപ്പിക്കുന്നു.