ഡോ. ബി.ആർ.അംബേദ്കർ: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ പോരാളി

ഡോ. ബി.ആർ.അംബേദ്കർ: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ പോരാളി

മുംബൈ: "A goat is sacrificed, not a lion; therefore, become a lion."ബലികൊടുക്കപ്പെടുന്നത്  ആടാണ് ,സിംഹമല്ല അതുകൊണ്ട് സിംഹമായി ജീവിക്കാൻ ഒരു ജനതയോട് ആഹ്വാനം ചെയ്‌ത നേതാവിൻ്റെ,   മനുഷ്യൻ്റെ അന്തസും തുല്യതയും വാക്കുകളിലല്ല, മറിച്ച് പ്രവൃത്തിയിലും നിയമത്തിലും ഉണ്ടാകണമെന്ന് ഉറച്ചു വിശ്വസിച്ച മഹാമനീഷി ഡോ. ഭീംറാവു റാംജി അംബേദ്‌കറുടെ ജന്മദിനമാണിന്ന്. ജാതീയതയുടെ വേരുകളെ പൂർണ്ണമായും അറുത്തുമാറ്റാൻ കഴിയാത്ത , അതിൻ്റെ പേരിൽ ഇന്നും ഇരയാക്കപ്പെടുന്നവരുടെ ദുരന്തകഥകൾ  അസ്വസ്ഥപ്പെടുത്തുന്ന കാലത്ത് ജീവിക്കുമ്പോൾ അതിനെതിരെ പോരാടാനായി സ്വയം സമർപ്പിച്ച ആ മഹത്തായ  ജന്മവും ജീവിതവും വചനങ്ങളും നമ്മൾ ഓർക്കേണ്ടതുണ്ട്. 

ചെറുപ്പത്തിൽ തന്നെ ജാതി വിവേചനത്തിന്റെ കയ്പേറിയ അനുഭവമായിരുന്നു അംബേദ്കറിന്. ക്ലാസ് മുറിയിലെ കസേരകളിൽ ഇരിക്കാൻ അനുവാദമില്ലാത്തതിനാൽ അദ്ദേഹത്തിനും സഹോദരനും ക്ലാസ് മുറിക്കുള്ളിൽ ഇരിക്കാൻ ചാക്കുകൾ കൊണ്ടുപോകേണ്ടിവന്നു. കുടിവെള്ള സൗകര്യം നിഷേധിക്കപ്പെട്ടു, കളികളിൽ നിന്നും മറ്റ് കുട്ടികളുമായി ഇടപഴകുന്നതിൽ നിന്നും അവരെ ഒഴിവാക്കി. "മലിനീകരണം" ഭയന്ന് അധ്യാപകർ പോലും അവരുടെ നോട്ട്ബുക്കുകൾ പരിശോധിക്കില്ലായിരുന്നു. പക്ഷേ ഇതിനെയൊക്കെ അതിജീവിച്ച്‌ മുന്നേറാനുള്ള ഉൾക്കരുത്ത് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ അദ്ധേഹം നേടിയിരുന്നു .

മഹാരാഷ്ട്രയിലെ സതാറയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ബോംബെയിലേക്ക് താമസം മാറി. 1912-ൽ, ബറോഡ സംസ്ഥാന മഹാരാജാവിന്റെ സ്കോളർഷിപ്പും പ്രോത്സാഹനവും ഉപയോഗിച്ച് പ്രശസ്തമായ എൽഫിൻസ്റ്റോൺ കോളേജിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ബിഎ പരീക്ഷ പാസായി. പത്ത് വർഷം ബറോഡ സംസ്ഥാനത്തെ സേവിക്കണമെന്ന വ്യവസ്ഥയോടെ, 1913-ൽ, യുഎസ്എയിലെ കൊളംബിയ സർവകലാശാലയിൽ ഉന്നത പഠനത്തിനായി ബറോഡ സംസ്ഥാന മഹാരാജാവ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇതിനെത്തുടർന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ട്രാൻസ്-അറ്റ്ലാന്റിക് ഷിഫ്റ്റിലേക്ക് മാറി, അവിടെ അദ്ദേഹം ലണ്ടൻ സർവകലാശാലയിൽ പഠിച്ചു. വിദേശത്ത് പഠിക്കുമ്പോൾ, വിവിധ ദേശീയതകളിലെയും വംശങ്ങളിലെയും വിദ്യാർത്ഥികളുമായി അദ്ദേഹം ഇടപഴകി, അത് അദ്ദേഹത്തിന് ഒരു കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, ശ്രീ നാരായണ ഗുരു (1854-1928), ജോതിബ ഫൂലെ (1827-1890), രാമസ്വാമി നായ്ക്കർ 1879-1973) തുടങ്ങിയ താഴ്ന്ന ജാതികളിൽ ജനിച്ച നിരവധി ഇന്ത്യൻ നേതാക്കൾ ഇന്ത്യയിലുടനീളം ദലിതരുടെ അന്തസ്സിനായി വമ്പിച്ച പോരാട്ടങ്ങൾ ആരംഭിച്ചു. ഈ ദലിത് നേതാക്കളിൽ ഏറ്റവും ഉന്നതനായ വ്യക്തിയായിരുന്നു അംബേദ്കർ.

ഔദ്യോഗിക പരിപാടികളിൽ കുടിവെള്ളം നൽകാത്തതിൻ്റെ  അപമാനകരമായ അനുഭവം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് . ഓഫീസറുടെ ക്ലബ്ബിൽ, ഉയർന്ന ജാതിക്കാരിൽ നിന്നുള്ള മറ്റ് അംഗങ്ങളിൽ നിന്ന് അകലം പാലിക്കാൻ അദ്ദേഹത്തിന് ഒരു മൂലയിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്.അങ്ങനെ  ജാതിയുടെ പേരിൽ അയിത്തം കൽപ്പിച്ച് അകറ്റി നിർത്തിയ  നിരവധി സംഭവങ്ങൾ  !  ഈ കൊടും സംഭവങ്ങൾ അംബേദ്കറെ ദളിത് അവകാശങ്ങളുടെ സംരക്ഷണത്തിനും ദളിതരുടെ പദവി ഉയർത്തുന്നതിനും വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു.ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മുൻനിര മനുഷ്യാവകാശ പ്രവർത്തകനായി അദ്ദേഹം മാറി.

  ."പഠിക്കുക, സംഘടിക്കുക, പോരാടുക" എന്ന അദ്ദേഹത്തിൻ്റെ ആഹ്വാനം തലമുറകൾക്ക് വഴികാട്ടിയായി. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ലഭിച്ചാൽ മാത്രമേ ഒരു രാജ്യം യഥാർത്ഥത്തിൽ സ്വതന്ത്രമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ഹിന്ദു കോഡ് ബില്ലിലൂടെ സ്ത്രീകളുടെ അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ പോരാട്ടം ആധുനിക ഇന്ത്യൻ സ്ത്രീയുടെ സാമൂഹിക പദവി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.ജാതിയുടെയും ലിംഗത്തിൻ്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിച്ചിരുന്ന വ്യവസ്ഥിതിക്കെതിരെ അംബേദ്കർ നടത്തിയ പോരാട്ടം ഓരോ വർഷവും നാം ഓർക്കുന്നു. എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിൻ്റെ നട്ടെല്ല് അദ്ദേഹം നിർമ്മിച്ച ഭരണഘടനയാണെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനും വിശ്വസിക്കുന്നു.

 ഒരുമനുഷ്യായുസ്സ് മുഴുവൻ ജാതീയതക്കെതിരെയുള്ള സമര പോരാട്ടങ്ങൾ നടത്തിയെട്ടും അതിനെ ഉന്മൂലനം ചെയ്യാനായുള്ള   നിയമങ്ങൾകൊണ്ടുവന്നിട്ടും ജാതീയത രാജ്യത്ത് ഇപ്പോഴും ശക്തമായി  നിലനിൽക്കുന്നുണ്ട് എന്നത്, കഴിഞ്ഞ ദിവസം വരെ നടന്ന സംഭവങ്ങൾ വെളിപ്പെടുത്തുന്നു. എങ്കിലും "മതം മനുഷ്യന് വേണ്ടിയുള്ളതാണ്, മനുഷ്യൻ മതത്തിന് വേണ്ടിയുള്ളതല്ല."എന്ന ആദ്ദേഹം പങ്കുവെച്ച സന്ദേശം ഒരിക്കൽകൂടി പ്രസക്തമാകുകയാണ് .കേവലം പ്രതിമകളിൽ ആദരവ് അർപ്പിക്കുന്നതിനേക്കാൾ വലിയ ബഹുമതി, അദ്ദേഹത്തിൻ്റെ ആശയങ്ങളെ ജീവിതത്തിൽ പകർത്തുക തന്നെയാണെന്ന്  ഇനിയെങ്കിലും ലോകമറിയട്ടെ  !