'പാറ്റകളു'ടെ ലോകനേതാവിനെ മാലയിട്ടും ആരതി ഉഴിഞ്ഞും സ്വീകരിച്ച് കുടുംബം

മുംബൈ: 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദിപ്‌കിന് സ്‌നേഹസമ്പന്നമായ വരവേൽപ്പ് നൽകി കുടുംബം. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ ശേഷം ഞായറാഴ്‌ച പുലർച്ചെയാണ് ഛത്രപതി സംഭാജിനഗറിലുള്ള വസതിയിൽ അദ്ദേഹം എത്തിച്ചേർന്നത്. മാലയിട്ട്, ആരതി ഉഴിഞ്ഞ് പരമ്പരാഗത ആചാര പ്രകാരം കുടുംബം അദ്ദേഹത്തെ സ്വീകരിച്ചു.ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വലിയ സ്വീകരണമാണ് അഭിജീതിന് വേണ്ടി ഒരുക്കിയത്. ഒരു വർഷത്തിനുശേഷം മകൻ തിരിച്ചെത്തിയതിൽ സന്തോഷിച്ച അമ്മ, അവനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി; കുടുംബത്തിന് അത് ശരിക്കും വൈകാരിക നിമിഷമായിരുന്നു.അഭിജീതിൻ്റെ വരവിനെ തുടർന്ന് പരിസരത്ത് പൊലീസ് കർശന സുരക്ഷ ഏർപ്പെടാക്കിയിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. സിജെപിയുടെ വലിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അദ്ദേഹം, താൻ വീട്ടിലേക്ക് പോകുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ നേരത്തെ അറിയിച്ചിരുന്നു.ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പിന്തുണ നൽകിയതായും അഭിജീത് പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും രാജ്യവ്യാപകമായി ഒരു പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെടുകയും ഇതിനായി രാജ്യവ്യാപകമായി ഒരു പ്രതിഷേധം സംഘടിപ്പിക്കുമെന്നും അതിൻ്റെ രൂപരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.'ഇതൊരു നീണ്ട പോരാട്ടമാണ്. ധര്‍മേന്ദ്ര പ്രധാൻ്റെ രാജി നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ട് ഒരു മാസമായിരിക്കുന്നു. എന്നാല്‍ നടപടി എടുക്കുന്നതിനു പകരം നാണമില്ലാതെ നമ്മുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനാകും, എന്നാല്‍ ഇവിടെനിന്ന് ഞങ്ങളെ തുടച്ചുമാറ്റാന്‍ കഴിയില്ല' ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ അഭിജീത് പറഞ്ഞു.
നിരവധി ആളുകൾ അദ്ദേഹത്തിൻ്റെ വീട് സന്ദർശിക്കുകയും കുടുംബത്തിൻ്റെ ക്ഷേമം അന്വേഷിക്കുകയും ചെയ്‌തു. എന്നാൽ ഭീഷണി ഭയന്ന്, അദ്ദേഹത്തിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും അജ്ഞാതമായ സ്ഥലത്തേക്ക് താമസം മാറിയിട്ടുണ്ട്. ബന്ധുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നാണ് അവർ ഇപ്പോൾ കഴിയുന്നത്. സാമൂഹിക വിരുദ്ധർ സാഹചര്യം മുതലെടുത്ത് പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്; കൂടാതെ, സിസിടിവി നിരീക്ഷണവും ഉണ്ട്.
അഭിജീത് വരുന്നതോട് അനുബന്ധിച്ചാണ് കുടുംബം സംബാജിനഗറിലെ വസതിയിലേക്ക് എത്തിയത്. അതുവരെ കുടുംബം അജ്ഞാതമായ സ്ഥലത്താണ് താമസിച്ചിരുന്നത്. എന്തുതന്നെയായാലും കുടുംബവുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷയിലാണ് അഭിജീത് വീട്ടിലേക്ക് എത്തിയത്.