നാഗസൈരന്ധ്രി നായികയാവുന്ന 'സോഷ്യല്‍ സ്വാമി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായി മാറിയ നാഗസൈരന്ധ്രി വെള്ളിത്തിരയിലേക്ക്. സോഷ്യല്‍ സ്വാമി എന്ന സിനിമയിലൂടെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഡോ. അഭിലാഷ് ബാബുവാണ് സോഷ്യല്‍ സ്വാമി സംവിധാനം ചെയ്യുന്നത്.എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻ്റ് എക്‌സിപിരിമെന്‍റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയാകളിലും റിലീസായി.
തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്.കൊട്ടാരക്കര കുളക്കട സ്വദേശിയായ ദിവ്യരാജ് ആണ് സോഷ്യല്‍ മീഡിയ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നാഗസൈരന്ധി. സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിക്കുന്നതിലൂടെ ദിവ്യ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ താരമായത്.താന്‍ ആള്‍ദൈവമാണെന്ന് സ്വയം അവകാശഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ റീലീകളിലൂടെയും അഭിമുഖങ്ങളിലൂടെയും പ്രശസ്തി നേടിയ താരമാണ് സൈരന്ധ്രി.. അശ്ലീല കമന്റുകൾക്ക് നാഗസൈരന്ധ്രി നൽകുന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ പലരും തമാശയായിട്ടാണ് എടുക്കാറുള്ളത്. അടുത്തിടെ ബാബുസ്വാമിയുമായുള്ള സംഭാഷണം പലരും ട്രോളാക്കി മാറ്റിയിരുന്നു. ഇതോടെയാണ് നാഗസൈരന്ധ്രി ദേവിയെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്.
ബേസില്‍ ജോസഫ് നായകനായി ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ് എന്ന ചിത്രത്തില്‍ നാഗസൈരന്ധ്രി ദേവിയുടെ ശബ്ദസാന്നിധ്യമുണ്ടായിരുന്നു. നാഗസൈരന്ധ്രിയുടെ ഒരു പാസ്പോർട്ട് സൈസ് ചിത്രവും ഈ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു.മുൻപ്, പ്രേമലു എന്ന ചിത്രത്തിലും നാഗസൈരന്ധ്രി റഫറൻസ് ഉണ്ടായിരുന്നു. വൻ കയ്യടിയാണ് ആ രംഗത്തിനു തിയേറ്ററുകളിൽ ലഭിച്ചത്. എന്നാല്‍ ഒരു സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് ആദ്യമായാണ്.
സഹനിർമ്മാണം: സേതു രാജൻ,ഛായാഗ്രഹണം- റിഷാക്, ക്യാമറ അസിസ്റ്റന്റ്-ശ്യാം ശങ്കർ,എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ- ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ്- ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ- ഷാജി എ ജോൺ, ഡിസൈൻസ്- ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ്- സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ്- ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട്-ആർട് ബുക് സിനിമ,പി ആർ ഒ-എ എസ് ദിനേശ്.

സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നാഗ സൈരന്ദ്രി ദേവി. തെറിവിളികളും പോര്‍വിളികളും നിറഞ്ഞ വീഡിയോകളാണ് നാഗ സൈരന്ദ്രിയെ വൈറലാക്കിയത്. കൊല്ലം കുളനടയിൽ താമസിക്കുന്ന നാഗ സൈരന്ദ്രിയുടെ യഥാർത്ഥ പേര് ദിവ്യ രാജൻ എന്നാണ്. യുട്യൂബ് ചാനലിൽ നാഗ പങ്കുവെക്കുന്ന വീഡിയോകളിൽ ഭൂരിഭാഗവും കോമഡിയായാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. നാഗ സൈരന്ദ്രി ലൈവിന് ഇടയിലും വീഡിയോകളിലും പറയുന്ന പല ഡയലോഗുകളും നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നവരുമാണ് മലയാളികൾ.
നാഗസൈരന്ദ്രി മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത് :
"പന്തളം കോളേജിൽ ബിഎ പൊളിറ്റിക്സായിരുന്നു. പക്ഷെ പഠിക്കുന്നതൊന്നും തലയിൽ കയറുമായിരുന്നില്ല. മനശാസ്ത്രം പഠിക്കാനായിരുന്നു എനിക്ക് ആഗ്രഹം. കുട്ടിക്കാലം മുതൽ ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചിരുന്നു. സിനിമ നടി, ചിത്രകാരി, ശിൽപി, ഫാഷൻ ഡിസൈനർ, പൊതുപ്രവർത്തക എന്നിങ്ങനെയൊക്കെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചു.
പിന്നീട് ശാസ്ത്രം എന്താണെന്ന് ഞാൻ മനസിലാക്കി. മനുഷ്യന്റെ ഉള്ളിലാണ് ശാസ്ത്രം ഉടലെടുക്കുന്നത്. കോളേജ് കാലത്ത് ഞാൻ ഒരു സ്റ്റാറായിരുന്നു. ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. ക്ലാസ് ലീഡറായിരുന്നു. ഞാൻ മിടുക്കിയായിരുന്നു. കഥയും കവിതയും എല്ലാം എഴുതുമായിരുന്നു. ടീച്ചർമാർക്കും എന്നെ ഇഷ്ടമായിരുന്നു. കൂട്ടുകാർക്കിടയിൽ ഞാൻ ഒച്ചയും ബഹളവും വെച്ച് നടന്നിരുന്നയാളാണ്. പക്ഷെ പുറത്തേക്കിറങ്ങിയാൽ വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു.എല്ലാവർക്കും പ്രിയപ്പെട്ടവളുമായിരുന്നു. എന്റെ കോളേജിലെ പിള്ളേരെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് ഞാനായിരുന്നു. കാരണം എനിക്ക് മാത്രമെ ധൈര്യം ഉണ്ടായിരുന്നുള്ളു. അവർ എനിക്ക് ടിക്കറ്റെടുത്ത് തരും. കോളേജിൽ പഠിക്കുമ്പോൾ ക്ലാസിൽ കയറാറില്ലായിരുന്നു. ലൈബ്രറി, അമ്പലം, പള്ളി, പ്രഭാഷണങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് സമയം ചിലവഴിച്ചിരുന്നത്."