വിഷുക്കണികണ്ടുണർന്ന് മലയാളികൾ : നാടും നഗരവും വിഷു നിറവിൽ

 വിഷുക്കണികണ്ടുണർന്ന് മലയാളികൾ  : നാടും നഗരവും വിഷു നിറവിൽ

മുംബൈ/കേരളം   : ഐശ്വര്യത്തിൻ്റെയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് വിഷുക്കണി ഒരുക്കിയും കൈനീട്ടം നൽകിയും പടക്കം പൊട്ടിച്ചുമാണ് ആഘോഷം. നാട്ടിലേയും നഗരങ്ങളിലേയും  വിവിധ  മലയാളി ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 

ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കേരളത്തിൽ ശബരിമല, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിഷുക്കണി ദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുംബൈയിൽ, ഡോംബിവ്‌ലിയിലെ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിലും മാട്ടുംഗയിലെ  കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രത്തിലും നിർമാല്യദർശനത്തിനും വിഷുകണികാണാനും ഭക്തജന ജനങ്ങളുടെ വലിയ തിരക്കായിരുന്നു .കൈനീട്ടം ,പാൽപ്പായസവിതരണം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട് . മഹാരാഷ്ട്രയിലെ മലയാളികളുടേതായ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകൾ നടന്നു . 

ശബരിമലയിൽ ചൊവ്വാഴ്‌ച രാത്രി മേൽശാന്തിയും കീഴ്‌ശാന്തിയും ചേർന്ന് കണി ഒരുക്കി.പുലർച്ചെ നാലിന് നട തുറന്ന് ആദ്യം അയ്യപ്പനെ കണികാണിച്ചു. തുടർന്ന് ഭക്തർക്ക് ദർശനവും തന്ത്രിയും മേൽശാന്തിയും ചേർന്ന് വിഷുക്കൈനീട്ടവും നൽകി. എറണാകുളം ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോഴിക്കോട് തളി മഹാശിവ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനത്തിനായി പുലർച്ചെ മുതൽ ഭക്തരുടെ നീണ്ട നിരയുണ്ടായി. ഇതിനുപുറമെ ഡൽഹിയിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും മലയാളികൾ വിഷുക്കണി ദർശനത്തിനായി എത്തി.

സജീവമായി വിപണി

മേടം ഒന്ന് ചൊവ്വാഴ്‌ചയായിരുന്നുവെങ്കിലും ഇത്തവണ ബുധനാഴ്‌ചയാണ്‌ വിഷു. കനത്ത ചൂടിനെ അവഗണിച്ച്  കേരളത്തിലെ വിപണികളിലെല്ലാം ചൊവ്വാഴ്‌ച വൻ തിരക്കായിരുന്നു. തിരുവനന്തപുരത്തെ ചാലയിൽ തമിഴ്‌നാട്ടിൽനിന്നും മറ്റു ഭാഗങ്ങളിൽനിന്നുമെത്തിയ കണിക്കൊന്നകൾ നിറഞ്ഞു.50 മുതൽ 200 രൂപ വരെയാണ് കൊന്നപ്പൂവിൻ്റെ വില. കണിക്കൊന്നയും പച്ചക്കറികളും ഫലങ്ങളും ഉൾപ്പെടുന്ന കിറ്റിനും ആവശ്യക്കാരേറെയായിരുന്നു. സാധാരണക്കാർക്ക് ആശ്വാസമായി കൺസ്യൂമർഫെഡ്‌, സപ്ലൈകോ, കുടുംബശ്രീ എന്നിവ സംസ്ഥാനത്താകെ വിഷുച്ചന്തകൾ സജീവമാക്കി. വസ്‌ത്രാലയങ്ങളിലും ജനങ്ങളുടെ തിരക്കുണ്ടായി.

ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭക്തർ ഒരുക്കിയത് 


വിഷു ആശംസയുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളികൾക്ക് വിഷു ആശംസിച്ചു. പ്രതീക്ഷയുടെയും സന്തോഷത്തിൻ്റെയും ഉത്സവമായ വിഷു, ശുഭകരമായ സമീപനവും നന്ദിയും രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെയാണ് ഓർമിപ്പിക്കുന്നതെന്നും വരും വർഷം സന്തോഷവും സമൃദ്ധിയും ആരോഗ്യവും നിറഞ്ഞതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കാരുണ്യത്തിൻ്റെ വിഷു

മലപ്പുറം പന്തീരായിരം ഉൾവനത്തിലെ അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം ആദിവാസി നഗറുകളിൽ വനപാലകർ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. എടവണ്ണ റേഞ്ച് ഓഫിസർ, അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ നൽകിയത്.തൃശൂരിലെ തടാകം ഫൗണ്ടേഷനുമായി സഹകരിച്ചാണ് 1000 രൂപ വിലവരുന്ന പലചരക്ക്, പച്ചക്കറി സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ നൽകിയത്. നാടൊട്ടുക്കും വിഷു ആഘോഷിക്കുമ്പോൾ കാടിൻ്റെ മക്കളേയും ഒപ്പം ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് വനപാലകർ ഈ ദൗത്യത്തിനിറങ്ങിയത്.

കാർഷികോത്സവമായ വിഷു

കേരളത്തിൽ വസന്തം എത്തുന്ന മേടമാസത്തിൻ്റെ വരവറിയിക്കുന്ന ആഘോഷമാണ് വിഷു. സൂര്യൻ മീനരാശിയിൽനിന്ന് മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുമുഹൂർത്തം. ഭൂമധ്യരേഖ കടക്കുന്ന സമയത്ത് രാത്രിക്കും പകലിനും തുല്യദൈർഘ്യമായിരിക്കും. പകലുമിരവും തുല്യമായി വരുന്നത് എന്നർഥമുള്ള വിഷുവം എന്ന വാക്കിൽനിന്നാണ് വിഷു എന്ന പേരുണ്ടായത്. കർഷകൻ്റെ പ്രത്യാശയുടെയും സമൃദ്ധിയുടെയും പ്രതീകമാണിത്.വേനൽമഴ ലഭിച്ച ഭൂമിയിൽ പുതിയ കൃഷിയിറക്കാനുള്ള മുന്നൊരുക്കമായാണ് വിഷു ആഘോഷിക്കുന്നത്. മഞ്ഞക്കിളി എന്ന് വിളിക്കുന്ന വിഷുപ്പക്ഷി വിത്തും കൈക്കോട്ടും പാടിയെത്തുന്നതും ഈ പ്രകൃതിയുടെ മാറ്റത്തിൻ്റെ സമയത്താണ്. മംഗളസൂചകങ്ങളായ കൊന്നപ്പൂവും കണിവെള്ളരിയും ഫലവർഗങ്ങളും ചേർത്തുള്ള പൊൻവിഷുക്കണി മലയാളിയുടെ എക്കാലത്തെയും മനോഹര കാഴ്ചയാണ്.വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെയും ഐശ്വര്യത്തിൻ്റെയും പ്രതീക്ഷകളുമായാണ് ഓരോ മലയാളിയും ഈ വിഷുപ്പുലരിയിലേക്ക് ഉണരുന്നത്. 'വേൾഡ് എം ന്യുസി'ൻ്റെ എല്ലാ വായനക്കാർക്കും വിഷു ആശംസകൾ നേരുന്നു