"യാത്രക്കാർക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നു" : യാത്രക്കാരിയുടെ " കടക്കൂ പുറത്ത് " ആജ്ഞയ്‌ക്ക് ശേഷം പ്രതികരിച്ച് മന്ത്രി

മുംബൈ : മുംബൈയിലെ വർളിയിൽ കഴിഞ്ഞ ദിവസം ഒരു റാലിയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടിയ ഒരു വനിത ക്ഷുഭിതയായി സംസ്ഥാനമന്ത്രിയോട് കയർക്കുന്നതും മന്ത്രിയുടെ മറുപടിയിൽ തൃപ്‌തയാകാതെ ' "കടക്കൂ പുറത്ത് " എന്ന് ആക്രോശിക്കുന്ന ദൃശ്യവും ന്യായീകരണവുമായി വന്ന പോലീസ് ഉദ്യോഗസ്ഥനോട് "നിന്റെ വായ അടക്കൂ" എന്ന് പറയുന്ന രംഗവുമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത് . സ്ത്രീയുടെ ധൈര്യത്തെ പ്രകീർത്തിക്കുന്നതിനോടൊപ്പം സാധാരണക്കാരുടെ പ്രതിനിധിയായി അധികാരികൾക്കെതിരെ ശബ്ദമുയർത്താൻ കാണിച്ച നഗരവാസിയായ ഒരു വനിതയുടെ ധൈര്യത്തെ അഭിനന്ദിക്കുന്ന കമന്റുകളാണ് ആയിരക്കണക്കിന് ജനങ്ങൾ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്
യാത്രക്കാരോട് ക്ഷമ ചോദിച്ച് മന്ത്രി
ഒരു വനിത തന്നെ എതിർക്കുന്ന വീഡിയോ വൈറലായതിന് ഒരു ദിവസം കഴിഞ്ഞ്,ഇന്നലെ ബിജെപി നേതാവും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയുമായ ഗിരീഷ് മഹാജൻ യാത്രക്കാരോട് ക്ഷമ ചോദിച്ചു. വർളിയിൽ തന്റെ പാർട്ടിയുടെ റാലി മൂലമുണ്ടായ അസൗകര്യത്തിൽ അദ്ദേഹം "വ്യക്തിപരമായി ഖേദിക്കുന്നു" എന്നും എന്നാൽ പാർട്ടി പ്രവർത്തകർക്കെതിരെ ആ സ്ത്രീ നടത്തിയ "അസഹ്യമായ ഭാഷ" ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി വർളിയിൽ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ആ റാലി ഗതാഗതക്കുരുക്കിന് കാരണമായി. ഒരു സ്ത്രീ എന്റെ അടുത്തേക്ക് നടന്നുവന്ന് ദേഷ്യപ്പെട്ടതായി കാണപ്പെട്ടു. ഗതാഗതക്കുരുക്കിൽ അവർ അസ്വസ്ഥരാണെന്ന് വ്യക്തമാണ്. ഞാൻ അവരെ സമാധാനിപ്പിക്കാനും അവർ പറയുന്നത് കേൾക്കാനും ശ്രമിച്ചു. ഗതാഗത പ്രശ്നം 10 മുതൽ 15 മിനിറ്റിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകി.പക്ഷേ വളരെ മോശമായ രീതിയിലാണ് അവർ പ്രതികരിച്ചത് ”.തനിക്കേറെ ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു .
വീഡിയോ പല പ്രമുഖ വ്യക്തികളും പങ്കുവെച്ചിരിക്കുകയാണ് .