ജനകോടികളുടെ അഭിനന്ദനം ഏറ്റുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം : മിന്നും താരമായി സഞ്ജു

അഹമ്മദാബാദ്:   ടി20 ലോകകപ്പ് കിരീടം കൈവിടാതെ മൂന്നാമതും  നിലനിർത്തിയ ചരിത്രനേട്ടത്തിൻ്റെ  ആവേശലഹരിയിൽ രാജ്യത്തെ കായിക പ്രേമികൾ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞ് ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളേ  അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഉൾപ്പെടെയുള്ള പ്രമുഖർ.

ടീം ഇന്ത്യയുടെ നേട്ടത്തിൽ അഭിമാനിച്ച്‌  പ്രധാനമന്ത്രി

 "ചാമ്പ്യന്മാർ! ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ! ഈ ഉജ്ജ്വല വിജയം ടീമിന്‍റെ അസാമാന്യമായ കഴിവിനെയും നിശ്ചയദാർഢ്യത്തെയും ഒത്തൊരുമയെയും പ്രതിഫലിപ്പിക്കുന്നു. ടൂർണമെന്‍റിലുടനീളം അവർ മികച്ച പോരാട്ടവീര്യമാണ് കാഴ്‌ചവെച്ചത്. ഈ വിജയം ഓരോ ഭാരതീയന്‍റേയും ഹൃദയത്തെ അഭിമാനവും സന്തോഷവും കൊണ്ട് നിറച്ചിരിക്കുന്നു. നന്നായി ചെയ്‌തു, ടീം ഇന്ത്യ!" - പ്രധാനമന്ത്രിസമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

ചരിത്രത്തിന്‍റെ പുതിയ കൊടുമുടികൾ കീഴടക്കിയെന്ന് രാഷ്ട്രപതി

ടീം ഇന്ത്യയെ അഭിനന്ദിച്ച രാഷ്ട്രപതി ദ്രൗപതി മുർമു, ഇന്ത്യ ചരിത്രത്തിന്‍റെ പുതിയ കൊടുമുടികൾ കീഴടക്കിയെന്ന് വിശേഷിപ്പിച്ചു. "ഐസിസി പുരുഷ ടി20 ലോകകപ്പ് ആധികാരികമായി വിജയിച്ച് ചരിത്രത്തിന്‍റെ പല കൊടുമുടികൾ കീഴടക്കിയ ടീം ഇന്ത്യക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മൂന്ന് തവണ ലോകകിരീടം നേടുന്ന ഏക രാജ്യമെന്ന അഭിമാനകരമായ നേട്ടവും തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യക്ക് സ്വന്തമായി," രാഷ്ട്രപതി കുറിച്ചു.

അർഹിച്ചവിജയം : സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയുടെ വിജയം അർഹിച്ചതാണെന്ന് അഭിപ്രായപ്പെട്ടു. "തുടർച്ചയായി ലോകകപ്പ് നേടുക എന്നത് ടി20 ഫോർമാറ്റിൽ ആദ്യമായാണ് ഒരു ടീം ചെയ്യുന്നത്. ഇന്ത്യ ഈ കിരീടത്തിന് പൂർണ്ണമായും അർഹരാണ്," സച്ചിൻ കുറിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ടീമിനെ അഭിനന്ദിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ സുരക്ഷിതമായ കൈകളിലാണെന്നും വലിയ മത്സരങ്ങളിൽ ടീം കൂടുതൽ കരുത്ത് കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

    "വളരെ കരുത്തുറ്റ ടീം":    ഗാംഗുലി

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ടീമിനെ അഭിനന്ദിച്ചു. "ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ.. വളരെ കരുത്തുറ്റ ടീം.. വലിയ മത്സരങ്ങളിൽ അവർ കൂടുതൽ മികച്ച പ്രകടനം കാഴ്‌ചവെച്ചു.. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ സുരക്ഷിതമായ കൈകളിലാണ്," അദ്ദേഹം തൻ്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചു.

അഭിനന്ദിച്ച്  കേരള മുഖ്യമന്ത്രി

"സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിൻ്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.​ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്‌ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണ്. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെയും ടൂർണമെൻ്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിൻ്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെൻ്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് ബഹുമതി സഞ്ജുവിൻ്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു" മുഖ്യമന്ത്രി കുറിച്ചു.

ബാറ്റിംഗിൽ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവർ അർധ സെഞ്ച്വറികളുമായി തിളങ്ങിയപ്പോൾ, ബൗളിംഗിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ വിജയം ഉറപ്പാക്കി. 96 റൺസിന്‍റെ ഈ കൂറ്റൻ ജയത്തോടെ ഇന്ത്യ ലോകക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചു.