ഓപ്പറേഷൻ തൂഫാൻ; വയനാട്ടില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

വയനാട്: ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കി വയനാട് പൊലീസ്. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിലുടനീളം പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിരിക്കുകയാണ്. കൽപ്പറ്റയിൽ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്നിഫർ ഡോഗ് ഉൾപ്പെടെയുള്ള പ്രത്യേക സംഘവും പങ്കെടുത്തു.മയക്കുമരുന്ന് മാഫിയയെയും ലഹരി വിൽപ്പന ശൃംഖലയെയും കണ്ടെത്തി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടിൽ പൊലീസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങൾ, വാഹനങ്ങൾ, യാത്രാ കേന്ദ്രങ്ങൾ, പാഴ്സൽ കൈമാറ്റ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പൊലീസ് ഇൻസ്പെക്ടർ ടിപി ദിനേശിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗ് 'സുൽത്താൻ' ബസുകളും യാത്രക്കാരുടെ സാമഗ്രികളും വിശദമായി പരിശോധിച്ചു. തുടർന്ന് പഴയ ബസ് സ്റ്റാൻഡിലും സമാന പരിശോധനകൾ നടത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക സ്ക്വാഡും പരിശോധനയിൽ പങ്കാളികളായി.പരിശോധനകൾക്ക് പുറമെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും പൊലീസ് പ്രാധാന്യം നൽകുന്നുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികൾ, തൊഴിലാളികൾ, ടാക്സി-ഓട്ടോ ഡ്രൈവർമാർ, പൊതുജനങ്ങൾ എന്നിവർ ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരുടെ പേരുവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പ് നൽകി.
ജനങ്ങളുടെ സഹകരണവും കർശന പരിശോധനകളും ഉണ്ടായാല്‍ മാത്രമെ ലഹരി മാഫിയയെ ഫലപ്രദമായി തടയാനാകൂ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഓപ്പറേഷൻ തൂഫാൻ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശക്തമായി തുടരാനാണ് തീരുമാനം.കേരളത്തിലേക്ക് പുറത്ത് നിന്നും ലഹരിയൊഴുക്ക്: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്ത് തുടരുന്ന ഓപ്പറേഷന് തൂഫാനില്‍ 10 കോടിയിലധികം വരുന്ന നിരോധിത മയക്ക് മരുന്നുകളും പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. പൊലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെയാണ് ഓപ്പറേഷന് തൂഫാന് തുടരുന്നത്. കേരളത്തിന് പുറത്ത് നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി മരുന്നുകള്‍ ഒഴുകുന്നത്. അതുകൊണ്ട് തന്നെ ഓപ്പറേഷന് തൂഫാന് മുന്നോട്ട് കൊണ്ടുപോകാന്‍ കേന്ദ്ര ഏജന്‍സികളുടെ സമ്പൂര്‍ണ സഹകരണം കൂടി ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞു.