"പുതിയ സമാധാന നിർദേശങ്ങൾ ഇറാൻ പുനഃപരിശോധിക്കണം"; ട്രംപ്
വാഷിങ്ടൺ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദേശങ്ങൾ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കരാറിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ഇറാന്‍ അതിരുകടന്നാല്‍ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നല്‍കി."ഇറാൻ ഞങ്ങൾക്ക് അയച്ച പദ്ധതി ഞാൻ ഉടൻ അവലോകനം ചെയ്യും. എന്നാൽ കഴിഞ്ഞ 47 വർഷമായി അവർ മനുഷ്യരാശിക്കും ലോകത്തിനും ചെയ്‌തതിന് ഇതുവരെ വലിയ വില നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല," - ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നടന്ന അഭിമുഖത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വീണ്ടും സംഘർഷ സാഹചര്യമുണ്ടായേക്കാമെന്ന ഇറാനിലെ കേന്ദ്ര കമാൻഡിലെ മുഹമ്മദ് ജാഫർ അസദിയുടെ നിരീക്ഷണത്തെ തുടർന്നാണ് പുതിയ തീരുമാനം. ഇറാനും അമേരിക്കയും തമ്മിൽ വീണ്ടും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ്റെ തസ്‌നിം, ഫാർസ് വാർത്താ ഏജൻസികൾ പാകിസ്ഥാൻ്റെ മധ്യസ്ഥതയോടെ 14 ഇന നിർദേശം സമർപ്പിച്ചതായി അറിയിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ തീരുമാനം. നേരത്തേ ഇറാൻ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഡോണള്‍ഡ് ട്രംപ് തളളിയിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ഇറാന്‍ അതിരുകടന്നാല്‍ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.
ആണവപദ്ധതികളിലെ വിട്ടുവീഴ്‌ചകൾ അപര്യാപ്‌തം
അമേരിക്കൻ ഉപരോധങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യത്ത് സമ്പുഷ്‌ടീകരിച്ച യുറേനിയത്തിൻ്റെ തോത് കുറയ്ക്കാമെന്നതടക്കമുള്ള നിർദേശങ്ങളാണ് ഇറാൻ മുൻകൈയെടുത്ത് അമേരിക്കയ്ക്ക് മുന്നിൽ വച്ചത്. എന്നാൽ ഈ നിർദേശങ്ങൾ തീർത്തും അപൂർണമാണെന്നും, ഇറാൻ്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്നും ഡൊണാൾഡ് ട്രംപ് വിലയിരുത്തി. മുൻപ് ഒപ്പുവയ്ക്കുകയും പിന്നീട് അമേരിക്ക പിന്മാറുകയും ചെയ്‌ത ആണവക്കരാറിലെ അടിസ്ഥാന പോരായ്‌മകൾ പരിഹരിക്കാതെ പുതിയൊരു കരാറിന് അമേരിക്ക ഒട്ടും തയാറല്ല.ആണവായുധങ്ങൾ നിർമിക്കുന്നതിൽ നിന്ന് ഇറാനെ പൂർണമായും തടയുക എന്ന ലക്ഷ്യത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ ഭരണകൂടം ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള കനത്ത സാമ്പത്തിക ഉപരോധങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും, അമേരിക്കൻ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.പലസ്‌തീൻ, ലെബനൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകിവരുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണ പൂർണമായും അവസാനിപ്പിക്കണമെന്ന കാര്യത്തിലും അമേരിക്ക അണുവിട വിട്ടുവീഴ്‌ചയ്ക്ക് തയാറല്ല. അമേരിക്കയുടെ പുതിയ തീരുമാനത്തോടെ പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ഇറാൻ്റെ നിര്‍ദ്ദേശങ്ങള്‍
ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി ഇറാന്‍. വെടിനിര്‍ത്തലല്ല, പൂര്‍ണ്ണമായും യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എല്ലാ മേഖലയിലേയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ നിര്‍ദ്ദേശം. നേരത്തെ യുഎസ് നല്‍കിയ ഒമ്പത് ഇന നിര്‍ദ്ദേശങ്ങള്‍ക്കുള്ള പ്രതികരണമാണ് ഇറാന്റെ 14 ഇന നിര്‍ദ്ദേശങ്ങള്‍.രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതായിരുന്നു യുഎസിന്റെ 9 ഇന നിര്‍ദ്ദേശങ്ങളുടെ പട്ടിക. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തി, യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലേത് അടക്കം എല്ലാ ആക്രമണങ്ങളും യുഎസ് അവസാനിപ്പിക്കണം, മേഖലയില്‍ നിന്നും യുഎസ് സേന പൂര്‍ണമായും പിന്മാറണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്.ഇറാനെതിരെ ഭാവിയില്‍ ആക്രമണങ്ങളുണ്ടാകരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയതാണ് ഇറാന്റെ മറ്റ് നിര്‍ദ്ദേശങ്ങള്‍. ഇറാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.