"പ്രധാനമന്ത്രി മോദിക്കെതിരായ പരാമർശം പിൻവലിച്ച് ഖാർഗെ പരസ്യമായി മാപ്പ് പറയണം.": ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരസ്യമായി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.
“കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കെതിരായ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം” മുംബൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.പ്രധാനമന്ത്രിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുന്നതിന് കോൺഗ്രസും അതിന്റെ നേതാക്കളും കൂടുതൽ ഗൂഢ തന്ത്രങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച ഫഡ്‌നാവിസ്, തിരഞ്ഞെടുപ്പുകളിലെ ആവർത്തിച്ചുള്ള പരാജയങ്ങളിലെ നിരാശയിൽനിന്നാണ് ഇത്തരം ആക്ഷേപകരമായ പദപ്രയോഗങ്ങൾ കോൺഗ്രസ്സ് നേതാക്കളിൽ നിന്നുണ്ടാകുന്നതെന്നും പരിഹസിച്ചു.
"മുമ്പ്, ഒരു കോൺഗ്രസ് നേതാവ് ‘മൗത് കാ സൗദാഗർ’ (മരണത്തിൻ്റെ വ്യാപാരി) എന്ന പദം ഉപയോഗിച്ചിരുന്നു... ഇപ്പോൾ, അവർ എല്ലാ പരിധികളും ലംഘിച്ചു" മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ പ്രധാനമന്ത്രിയെ "തീവ്രവാദി" എന്ന് വിളിച്ചിരുന്നു.സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഖാർഗെയുടെ പരാമർശത്തെ അപലപിച്ച ഫഡ്‌നാവിസ്, തുടർച്ചയായ തോൽവികൾ ഖാർഗെയെ നിരാശയിലാഴ്ത്തിയിരിക്കാം. അത് അദ്ദേഹത്തെ മാനസിക നിലയെ ബാധിച്ചിരിക്കാമെന്നും കോൺഗ്രസിനും അതിന്റെ നേതാക്കൾക്കും പൊതുജനവിശ്വാസം നഷ്ടപ്പെടുകയാണെന്നും എന്ന് പറഞ്ഞു.