മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളിലും മറാഠി ഭാഷ നിർബന്ധമാക്കി സർക്കാർ.

മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളിലും മറാഠി  ഭാഷ നിർബന്ധമാക്കി സർക്കാർ.

മുംബൈ: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മറാഠിഭാഷാ  പഠനവും പരീക്ഷയും  നിർബന്ധമാക്കി സർക്കാർ ഉത്തരവ്. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ മുന്നറിയിപ്പ് നൽകി.മറാഠിഭാഷയും ഛത്രപതി ശിവാജി മഹാരാജിൻ്റെ  പൈതൃകവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും  സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഇന്ന് നിയമസഭയിൽ പറഞ്ഞു.

ഭാഷാ മാധ്യമങ്ങളോ അഫിലിയേറ്റഡ് ബോർഡുകളോ പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഈ നിയമം ബാധകമാണെന്ന്   മന്ത്രി നിയമസഭയിൽ അറിയിച്ചു . 2020-ലെ ‘മഹാരാഷ്ട്ര കമ്പൾസറി ടീച്ചിങ് ആൻഡ് ലേണിങ് ഓഫ് മറാഠി ലാംഗ്വേജ് ഇൻ സ്കൂൾസ് ആക്ട്’ പ്രകാരമാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

Dadaji Dagadu Bhuse (Minister of School Education in Maharashtra)

മറാഠി ഭാഷ വെറുമൊരു വിഷയമായി മാത്രം ഒതുങ്ങാതെ, കൃത്യമായ പരീക്ഷാ സംവിധാനത്തിലൂടെ തന്നെ പഠിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി യോഗ്യരായ അധ്യാപകരെ സ്കൂളുകൾ നിയമിക്കണം. നിയമം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി ഉണ്ടാകും. ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകുകയും പിഴവ് തിരുത്താൻ സമയം അനുവദിക്കുകയും ചെയ്യും. എങ്കിലും നിയമം പാലിക്കാൻ വിസമ്മതിക്കുന്ന സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും. തുടർച്ചയായി നിയമലംഘനം തുടരുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും സർക്കാർ അറിയിച്ചു. ഈ വർഷം ഏപ്രിൽ 17-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ് അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്.

നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്കൂളുകളിൽ മറാഠി പഠനം ഫലപ്രദമാണോ എന്ന് പരിശോധിക്കാൻ കൃത്യമായ ഇടവേളകളിൽ ഇൻസ്പെക്ഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ദേശീയ ഗാനത്തിന് നൽകുന്ന അതേ ബഹുമാനത്തോടെ സംസ്ഥാന ഗാനമായ ‘ജയ് ജയ് മഹാരാഷ്ട്ര മാജാ...’ എല്ലാ സ്കൂളുകളിലും ആലപിക്കണമെന്നും  നിർദ്ദേശിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മറാഠി വിദ്യാഭ്യാസ ബോർഡ് പുനരുജ്ജീവിപ്പിക്കാനുള്ള പ്രമേയവും സർക്കാർ പരിഗണനയിലുണ്ട്.