10,000 കോടിയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നയം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ : ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ

10,000 കോടിയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നയം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ : ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ

മുംബൈ: സാങ്കേതിക മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നയം പ്രഖ്യാപിച്ചു.ഇന്നു  ചേർന്ന മന്ത്രിസഭാ യോഗമാണ് 'എഐ പോളിസി 2026'-ന് അംഗീകാരം നൽകിയത്. 10,000 കോടി രൂപയുടെ നിക്ഷേപവും ഒന്നര ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളുമാണ് ഈ പദ്ധതിയിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത്. കൂടുതൽ യുവാക്കളെ തൊഴിലവസരങ്ങളുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെ ഇത് കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ എഐ ഗവേഷണത്തിൻ്റെയും വികസനത്തിൻ്റെയും കേന്ദ്രമാക്കി മാറ്റുന്നതിനായി ആറ് എഐ എക്‌സലൻസ് സെൻ്ററുകളും (AI Excellence Centres) അഞ്ച് എഐ ഇന്നൊവേഷൻ സിറ്റികളും സ്ഥാപിക്കും. ആധുനികമായ എഐ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുന്നതിനാണ് നയം മുൻഗണന നൽകുന്നത്.പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 'MAJESTIC' (Maharashtra Accelerating Green Energy and Storage Technologies Integration in Connected Grid) എന്ന പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.ഹരിത ഊർജത്തിൻ്റെ ഉപയോഗം വർധിപ്പിക്കുകയും അത് നിലവിലുള്ള ഗ്രിഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പദ്ധതിക്കായി ലോകബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കും. ഇതിൻ്റെ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി.

പരിസ്ഥിതി സംരക്ഷണത്തിനായി 'ഗ്രീൻ മഹാരാഷ്ട്ര കമ്മീഷൻ' രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം 300 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ബൃഹത്തായ ലക്ഷ്യമാണ് ഈ കമ്മീഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുക.​ആധുനിക സാങ്കേതികവിദ്യയും സുസ്ഥിര വികസനവും ഒരുപോലെ കോർത്തിണക്കിയുള്ള ഈ പദ്ധതികൾ മഹാരാഷ്ട്രയുടെ ഭാവി വികസനത്തിന് കരുത്തുപകരുമെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു. വൻകിട ഐടി കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ പുതിയ എഐ നയം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.