ഗൃഹസന്ദർശനത്തിനും പ്രവേശനോത്സവത്തിനുമൊരുങ്ങി മലയാളം മിഷന് മുംബൈ ചാപ്റ്റർ

മുംബൈ: ജൂലൈ 1 മുതല്‍ 31 വരെ ഗൃഹസന്ദര്ശനമാസമായി മലയാളം മിഷൻ മുംബൈ ചാപ്റ്റര്‍ ആചരിക്കുന്നു . ഈ ഒരു മാസക്കാലം എല്ലാ മലയാളികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുന്നതിനും മലയാളം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍പ്രചാരണം സംഘടിപ്പിക്കാനുമാണ് മുംബൈ ചാപ്റ്റര്‍ തീരുമാനം . മഹാമാരി കാലത്തും മറ്റുമായി മലയാളം മിഷന് ക്ലാസ്സുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രവര്‍ത്തകരെയും വീണ്ടും മലയാളം മിഷന് കുടുംബത്തിലേക്ക് ക്ഷണിച്ച് അവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിനും പുതിയ പഠിതാക്കളെ കണ്ടെത്തി അവര്‍ക്കുകൂടി മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കാനുമാണ് ഈ ഗൃഹസന്ദര്‍ശനമാസാചരണത്തിലൂടെ ശ്രമിക്കുന്നത്. എല്ലാ വര്‍ഷവും ഗൃഹസന്ദര്‍ശനം നടത്തി പുതിയ പഠിതാക്കളെ ഭാഷാപഠനത്തിന് ക്ഷണിക്കുന്ന ഏക ചാപ്റ്ററാണ് മുംബൈ ചാപ്റ്റര്‍ എന്നത് എടുത്തു പറയേണ്ടതാണ് .
ഗൃഹസന്ദര്‍ശനമാസാചരണത്തിലൂടെ പുതിയതായി വരുന്നപഠിതാക്കളെയും കൂടി ഉള്‍പ്പെടുത്തി,മേഖലാ തലങ്ങളിലായി ആഗസ്റ്റ് 9 ന് ഈ വര്‍ഷത്തെ പ്രവേശനോത്സവം നടക്കും .
ഭാഷാപ്രചാരണത്തിനായി മലയാളം മിഷൻ മുംബൈ ചാപ്റ്റർ
പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്. മലയാളം മിഷന് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് പതിനഞ്ചു വര്‍ഷം തികയുകയാണ്. അന്യനാടുകളില്‍ ജീവിക്കുന്നവരെ മാതൃഭാഷ പഠിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ലോകത്തിലെ തന്നെ പ്രഥമ സംരംഭമാണ് മലയാളം മിഷന്. ഭാഷ പഠിപ്പിക്കാനായി നിസ്വാര്‍ത്ഥ സേവനം നടത്താന്‍ മുന്നോട്ട് വന്ന അദ്ധ്യാപകരാണ് മലയാളം മിഷന് വിജയകരമായി പ്രവര്‍ത്തി ക്കാനുള്ള ചാലകശക്തിയാകുന്നത്. അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഓരോ പ്രദേശത്തെയും മലയാളി സമാജങ്ങളും ഇതര സംഘടനകളും തുണയായപ്പോള്‍ ഭാഷാപഠനം മുംബൈ മലയാളികളുടെ ജീവിത ചര്യയിലെ അവിഭാജ്യ ഘടകമായിത്തീര്‍ന്നു.
നാല് കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കണിക്കൊന്ന (2 വർഷം) യില്‍ ചേരാം. തുടർന്ന് സൂര്യകാന്തി (2 വർഷം), ആമ്പല്‍ (3 വർഷം), നീലക്കുറിഞ്ഞി (3 വർഷം) എന്നീ കോഴ്സുകള്‍ ക്രമാനുക്രമം പഠിക്കാവുന്നതാണ്. നീലക്കുറിഞ്ഞി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പഠിതാവിന് കേരള പാഠാവലിയുടെ പത്താം തരത്തിന് തുല്യതയുള്ള കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. കേരള സര്‍ക്കാരിന്റെ കെ.എ.എസ്, പി.എസ്.സി. പരീക്ഷകളില്‍ മാതൃഭാഷ പ്രാവീണ്യം നിര്‍ബന്ധമാണ് ഇപ്പോള്‍. അതിനാല്‍ നീലക്കുറിഞ്ഞി പാസാകുന്നവര്‍ക്ക് പുതിയ തൊഴില്‍ സാദ്ധ്യതകളും ലഭിക്കുന്നു..
സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഒരു ചാപ്റ്ററാണ് മുംബൈ ചാപ്റ്റര്‍. 2023 ല്‍ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള 'കണിക്കൊന്ന പുരസ്കാരം' മുംബൈ ചാപ്റ്റര്‍ നേടുകയുണ്ടായി. മികച്ച അദ്ധ്യാപകര്‍ക്ക് നല്കുന്ന 'ബോധി അദ്ധ്യാപക പുരസ്കാരം' 2025ല്‍ മുംബൈ ചാപ്റ്ററിലെ നിഷ പ്രകാശ് നേടിയതും എടുത്തു പറയേണ്ടതാണ്. 2024 മാര്‍ച്ചില്‍ നടന്ന പ്രഥമ 'നീലക്കുറിഞ്ഞി'പരീക്ഷയില്‍ മുംബൈ ചാപ്റ്ററില്‍ നിന്ന് എഴുതിയ 21 പേരും, 2025 ജൂണില്‍ നടന്ന പരീക്ഷ എഴുതിയ 19 പേരും ഉന്നത വിജയം നേടി .
2026 ജൂലൈയില്‍ നടക്കുന്ന നീലക്കുറിഞ്ഞി പരീക്ഷയിലും മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ മിന്നുന്ന വിജയം കൈവരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ രക്ഷകര്‍ത്താക്കളുടെയും മലയാളി സമാജ ങ്ങളുടെയും മറ്റ് മലയാളി സംഘടനകളുടെയും മലയാളം മിഷന് അദ്ധ്യാപകരുടെയും ഭാഷാസ്നേഹികളുടെയും നിര്‍ലോഭമായ സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുന്നതായും ആർ.ഡി.ഹരികുമാർ (പ്രസിഡന്റ്) റീന സന്തോഷ്(സെക്രട്ടറി) എന്നിവരറിയിച്ചു.. 'എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എത്തിക്കുക' എന്നതാണ് മലയാളം മിഷൻ്റെ ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്, മേഖല ഭാരവാഹികളുമായോ 9970164635 9892690978 7506046031 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം .