"കഥകൾ പറയുന്നതിലും ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഇന്ത്യ ആഗോള ഹബ്ബായി മാറുകയാണ് " :കേന്ദ്രമന്ത്രി ഡോ. എൽ മുരുകൻ

മുംബൈ: കഥകൾ പറയുന്നതിലും ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഇന്ത്യ ആഗോള ഹബ്ബായി മാറുകയാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മാധ്യമ, വിനോദ മേഖല വലിയ വളർച്ചയാണ് കൈവരിക്കുന്നത്. 2025ൽ ഈ മേഖല ഒൻപത് ശതമാനം വളർച്ചയോടെ 2.78 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കി. ഡിജിറ്റൽ മാധ്യമ രംഗം ആദ്യമായി ഒരു ലക്ഷം കോടി രൂപയുടെ വരുമാനം പിന്നിട്ടതായും 2028ഓടെ ഈ മേഖല 3.3 ലക്ഷം കോടി രൂപയുടെ വളർച്ച കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഡോക്യുമെൻ്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ ചലച്ചിത്ര മേളയായ മുംബൈ രാജ്യാന്തര ചലച്ചിത്ര മേളയുടെ (മിഫ്) 19-ാം പതിപ്പിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .2025ൽ മുംബൈയിൽ നടന്ന വേവ്സ് (WAVES) ഉച്ചകോടിയുടെ വിജയവും അദ്ദേഹം അനുസ്മരിച്ചു. വേവ്സ് ഡോക് ബസാർ ഡോക്യുമെൻ്ററി സംവിധായകരെയും വിതരണക്കാരെയും ബന്ധിപ്പിക്കുന്ന പ്രധാന വേദിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേമാതരം, ദേശീയഗാനം, മഹാരാഷ്ട്രയുടെ സംസ്ഥാന ഗാനമായ ജയ് ജയ് മഹാരാഷ്ട്ര മാഝാ എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദും, മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ആശിഷ് ഷെലാർ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, ഇഫി ഡയറക്ടർ അശുതോഷ് ഗോവാരിക്കർ, പ്രസാർ ഭാരതി ചെയർമാൻ പ്രസൂൺ ജോഷി, എൻഎഫ്ഡിസി ചെയർമാൻ കൃഷ്ണകുമാർ ജി, ഐഡിപിഎ പ്രസിഡൻ്റ് സംസ്കാർ ദേശായി തുടങ്ങിയവർ പങ്കെടുത്തു. വിദൂര ഗ്രാമങ്ങളിലെ സംവിധായകർക്ക് പോലും തങ്ങളുടെ സൃഷ്ടികൾ ലോകത്തിന് മുന്നിലെത്തിക്കാനുള്ള വേദിയാണ് മിഫ് എന്ന് പ്രകാശ് മഗ്ദും പറഞ്ഞു.
മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിച്ച കേന്ദ്ര സർക്കാർ നടപടിയെ ആശിഷ് ഷെലാർ അഭിനന്ദിച്ചു. കേന്ദ്ര സഹായത്തോടെ നഗരത്തിൽ മീഡിയ ഹബ്ബ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഋഗ്വേദത്തിലെ വരികൾ ഉദ്ധരിച്ച ചഞ്ചൽ കുമാർ, പ്രധാനമന്ത്രിയുടെ ക്രിയേറ്റ് ഇൻ ഇന്ത്യ ആശയമാണ് മേളയിലൂടെ പ്രതിഫലിക്കുന്നതെന്ന് വ്യക്തമാക്കി.
സാംസ്കാരിക വൈവിധ്യങ്ങളുടെയും സർഗാത്മകതയുടെയും ആഘോഷമായി മാറിയ മേള ജൂൺ 21 വരെ നീളും.ഇന്ത്യ ഉൾപ്പെടെ 46 രാജ്യങ്ങളിൽ നിന്നായി 1459 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തിലേക്ക് എത്തിയത്. 42 ഇന്ത്യൻ ഭാഷകളിലെയും 30 വിദേശ ഭാഷകളിലെയും ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഡോക്യുമെൻ്ററികൾക്കും അനിമേഷൻ ചിത്രങ്ങൾക്കും പുറമെ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്.

ഉദ്ഘാടന ചിത്രങ്ങളും പുരസ്കാരങ്ങളും
ഐസ്ലൻഡിലെ മഞ്ഞുമലകളിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന സാറ ഡോസയുടെ ടൈം ആൻഡ് വാട്ടർ, ഫിലിപ്പീൻസിൽ നിന്നുള്ള ഷോർട്ട് ഫിക്ഷൻ ചിത്രമായ അഗാപിറ്റോ (സംവിധാനം: അർവിൻ ബെലാർമിനോ, കൈല ഡാനെൽ റൊമേറോ), കാനഡയിൽ നിന്നുള്ള അനിമേഷൻ ചിത്രം ഗുഡ് ലക്ക് ടു യു ഓൾ (സംവിധാനം: കോർഡെൽ ബാർക്കർ) എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ. സുവർണ, രജത ശംഖ് പുരസ്കാരങ്ങൾക്കും വി ശാന്താറാം സമഗ്ര സംഭാവന പുരസ്കാരത്തിനും പുറമെ 55 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും വിജയികൾക്ക് ലഭിക്കും. റെഡ് കാർപെറ്റ് ഗാല, മാസ്റ്റർ ക്ലാസുകൾ, ഡോക് ബസാറിൻ്റെ രണ്ടാം പതിപ്പ് എന്നിവയും മേളയുടെ മാറ്റുകൂട്ടും.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ നടൻ ജയ്ദീപ് അഹ്ലാവത്തിനെ ചടങ്ങിൽ ആദരിച്ചു. മുഖ്യധാരയ്ക്ക് പുറത്തുള്ള മികച്ച ആശയങ്ങൾക്ക് ഇടം നൽകുന്നതിൽ ഇത്തരം മേളകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥയില്ലാതെ കാണികൾക്ക് മുന്നിൽ സംസാരിക്കാൻ തനിക്ക് പരിഭ്രമമുണ്ടെന്നും സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. അഗാപിറ്റോയിലെ നടൻ ആൻ്റൺ നൊളാസ്കോ, കാസ്റ്റിങ് ഡയറക്ടർ എം എ ക്രിസ്റ്റീന സൈമൺ, ടൈം ആൻഡ് വാട്ടർ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച നാഷണൽ ജിയോഗ്രാഫിക്, ജിയോസ്റ്റാർ പ്രതിനിധികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
എഐ ചിത്രങ്ങളും ഡോക്യുമെൻ്ററികളും
നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങൾക്കായി എഐ സിനിമ ഹാക്കത്തോൺ എന്ന പേരിൽ പ്രത്യേക വിഭാഗം ഇത്തവണ ഒരുക്കിയിട്ടുണ്ട്. കനേഡിയൻ സംവിധായകൻ കോർഡെൽ ബാർക്കർ ഒരുക്കിയ ഗുഡ് ലക്ക് ടു യു ഓൾ എന്ന അനിമേഷൻ ഡോക്യുമെൻ്ററി മനുഷ്യരാശിയുടെ ഭാവി കൈയിലുള്ള ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. നാഷണൽ ഫിലിം ബോർഡ് ഓഫ് കാനഡയും (എൻഎഫ്ബി) സാൻഡ്ബോക്സ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി നിരവധി ഹ്രസ്വചിത്രങ്ങളും പ്രദർശനത്തിനുണ്ട്. ചിലി, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള അനിമേഷൻ ചിത്രങ്ങളുടെ പാക്കേജും മേളയിലുണ്ട്. ജർമൻ അനിമേഷൻ സംവിധായകൻ റെയ്മണ്ട് ക്രൂമെയുടെ ചിത്രങ്ങളുടെ പ്രദർശനവും അദ്ദേഹത്തിൻ്റെ മാസ്റ്റർ ക്ലാസും മേളയിലുണ്ടാകും.ഫ്രഞ്ച് അഗ്നിപർവത ഗവേഷകരായ കാറ്റിയ, മൗറിസ് ക്രാഫ്റ്റ് എന്നിവരുടെ ജീവിതവും പ്രണയവും പറയുന്ന സാറ ഡോസയുടെ ഓസ്കർ നാമനിർദേശം ലഭിച്ച ഫയർ ഓഫ് ലവ് എന്ന ഡോക്യുമെൻ്ററിയും മേളയിലെ പ്രധാന ആകർഷണമാണ്. മെൽബൺ രാജ്യാന്തര ചലച്ചിത്ര മേളയിലുൾപ്പെടെ ഈ ചിത്രം വലിയ പ്രശംസ നേടിയിരുന്നു.
പ്രാദേശിക സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മറാത്തി ഫിലിംസ്, എക്കോസ് ഫ്രം നോർത്ത് ഈസ്റ്റ് എന്നീ രണ്ട് പുതിയ വിഭാഗങ്ങൾ കൂടി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര, ദേശീയ, ഫിപ്രസ്കി ജൂറി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന മേളയുടെ നടത്തിപ്പ് ചുമതല എൻഎഫ്ഡിസിക്കാണ്.