വെഹ്‌ലോലി ഗ്രാമത്തിന് കൈത്താങ്ങായി 'നന്മ': സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് ജൂണിൽ തുടക്കം

വെഹ്‌ലോലി ഗ്രാമത്തിന് കൈത്താങ്ങായി 'നന്മ': സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക്  ജൂണിൽ തുടക്കം

മുംബൈ: ഏകദേശം ഒന്നരദശകമായി മുംബൈയിലും   പ്രാന്തപ്രദേശങ്ങളിലുള്ള  ആദിവാസി മേഖലകളിലും നിർധനരായ സമൂഹത്തിൻ്റെ ഉന്നമനത്തിനായി നിസ്വാർത്ഥ സേവനപ്രവർത്തനങ്ങൾ ചെയ്‌തു വരുന്ന നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ,വീണ്ടുമൊരു  ഗ്രാമത്തിലെ വിദ്യാർത്ഥികളുടെ ആരോഗ്യ,പഠന ,പരിസ്ഥിതി നിലവാരത്തിന്റെ പുരോഗതിക്കായി  പുതിയ കർമപദ്ധതിക്ക്  തുടക്കം കുറിക്കുന്നു.

ജൂൺ രണ്ടാം വാരത്തിൽ തുടങ്ങി ആറ് ഘട്ടങ്ങളിലായി ഒരുവർഷം നീണ്ടുനിൽക്കുന്ന സഹായ പദ്ധതിയാണ് സംഘടന ആസൂത്രണം ചെയ്‌തിട്ടുള്ളത്‌ . ഇത്തവണ താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽപ്പെടുന്ന  വെഹ്‌ലോലി(vehloli )യിലാണ്   നന്മയുടെ കരങ്ങൾ കൈത്താങ്ങായി എത്തുന്നത് . മുംബൈയിൽ നിന്നും ഏകദേശം 85 കിലോമീറ്റർ അകലമുള്ള ആദിവാസി ഗ്രാമമാണ് വെഹ്‌ലോലി. 2011 ലെ കണക്കുപ്രകാരം ഗ്രാമത്തിലെ സാക്ഷരത 78.98% ആണ് . ഗ്രാമത്തിലെ വിവിധ സ്‌കൂളിലായുള്ള 354 വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത് .

ആദ്യഘട്ടത്തിൽ കമ്പ്യൂട്ടർ(സ്‌കൂൾ)അടക്കമുള്ള പഠന സാമഗ്രികൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.രണ്ടാം ഘട്ടത്തിൽ ചെടിനടൽ ,മഴ വെള്ള  സംഭരണികൾ ,മറ്റ് സുരക്ഷാസംവിധാനങ്ങൾ മൂന്നാoഘട്ടത്തിൽ സ്‌കൂളുകളുടെ പെയിന്റിങ് മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ , നാലാം ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും മറ്റും വിതരണം ചെയ്യും.അഞ്ചാം ഘട്ടത്തിൽ  മരുന്നുകൾ,പോഷകാഹാരങ്ങൾ എന്നിവ നൽകും ,ആറാം ഘട്ടത്തിൽ വാട്ടർപ്യൂ രിഫൈയർ (water purifier)ദീപാവലിക്കുള്ള മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്യും.ഇങ്ങനെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഗ്രാമീണ വികസന പ്രവർത്തനങ്ങൾക്കാണ്  നന്മയുടെ സന്നദ്ധ പ്രവർത്തകർ ജൂൺ രണ്ടാംവാരത്തിൽ തുടക്കം കുറിക്കുന്നത്.

സാമ്പത്തികപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കം നിൽക്കുന്ന , പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവിടെയുള്ള കുട്ടികളുടെ   ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ കുറച്ചുമാസങ്ങൾക്ക്  മുന്നേ  ‘നൻമ വിദ്യാഭ്യാസ സഹായ സംരംഭം’ പദ്ധതിയിലൂടെ നൂറോളം  ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു . 


2013 ൽ സ്ഥാപിതമായ നന്മചാരിറ്റബിൾ ഫൗണ്ടേഷൻ  ഇതിനകം  നിരവധി ജനോപകാരപ്രദമായ സേവനപ്രവർത്തനങ്ങൾ ചെയ്തു കഴിഞ്ഞിട്ടുണ്ട് . 2014ൽ   പാൽഖർ ജില്ലയിലെ മൊക്കട താലൂക്കിലെ ആദിവാസി ഗ്രാമമായ ദണ്ടവൾഗാവ് ദത്തെടുത്ത് കൊണ്ടാണ് "നന്മ " ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്  തുടക്കമിടുന്നത് .ഒരു ഗ്രാമത്തിൻ്റെ  വിദ്യാഭ്യാസ-ആരോഗ്യമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി  പോഷകാഹാര സമൃദ്ധമായ ഭക്ഷണവും പഠനാവശ്യത്തിനായുള്ള പുസ്തങ്ങളും മറ്റുപകരണങ്ങളും  നന്മയുടെ പ്രവർത്തകർ ഇവിടെ വിതരണം ചെയ്തു. ഗ്രാമവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, തിമിര ശസ്ത്രക്രിയ  എന്നിവയും നടത്തികൊണ്ടിരുന്നു.2016ൽ  ഷഹാപൂർ താലൂക്കിലെ 8 ജില്ലാ പരിഷത്ത് സ്‌കൂളിലും , ഷഹാപൂർതാലൂക്കിൽ പ്പെടുന്ന പ്ലോട്പ്പാട ആദിവാസി ഗ്രാമത്തിലും 2018ൽ  മുഞ്ചച്ചിമേട് ,2019 ൽ വികാസ്‌വാഡി ,2021 ൽ പൽഘർ ജില്ലയിലെ മോർഹണ്ട ,തുടങ്ങിയ ഗ്രാമങ്ങളിലും സമാനമായ സേവന പ്രവർത്തനങ്ങൾ ' നൻമ 'ചെയ്‌തു. മഹാരാഷ്ട്രയിലെ ആദിവാസി സമൂഹത്തിൻ്റെ   വിദ്യാഭ്യാസവും ആരോഗ്യപരമായ  പുരോഗമനവും ശാക്തീകരണവും ലക്ഷ്യമാക്കിയാണ് എല്ലാ പ്രവർത്തനങ്ങളും  ചെയ്തുവരുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകുന്ന  സുനിൽ രാജ് പറഞ്ഞു.സംഘടന ചെയ്തുവരുന്ന പ്രവർത്തനങ്ങൾ ഒരു ടീം വർക്കാണെന്നും സഹായ മനസ്കരായ കുറച്ചു സുഹൃത്തുക്കളുടെ പിന്തുണ എല്ലാ സേവന പ്രവർത്തനങ്ങളുടെയും പിന്നിലുണ്ടെന്നും അദ്ധേഹം പറഞ്ഞു.സുനിൽരാജിനോടൊപ്പം ദിവ്യ നായർ, മൃദുൽ  പ്രഭാകർ ,നന്ദന...തുടങ്ങിയവരും  നേതൃനിരയിലുണ്ട്.