പുതുതായി വയോജന ക്ഷേമവകുപ്പും ജനക്ഷേമ പദ്ധതികളും; പ്രഖ്യാപനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം പ്രഖ്യാപനം

പുതുതായി വയോജന ക്ഷേമവകുപ്പും ജനക്ഷേമ പദ്ധതികളും; പ്രഖ്യാപനങ്ങൾ  ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം പ്രഖ്യാപനം

തിരുവനന്തപുരം: തിളക്കമുള്ള വിജയത്തോടെ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ വിവിധ ജനക്ഷേമ പദ്ധതികൾ തീരുമാനിക്കുന്നതോടൊപ്പം പുതുതായി വയോജന ക്ഷേമവകുപ്പ് രൂപീകരിക്കും. സംസ്ഥാനത്തുള്ള മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനു വേണ്ടി സാമൂഹ്യനീതി വകുപ്പിനു കീഴിൽ വയോജന കമ്മിഷൻ നിലവിലുണ്ട്. എന്നാലും, അതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന വി ഡി സതീശൻ്റെ പ്രഖ്യാപനം നടപ്പിലാക്കാനാണ് യുഡിഎഫ് തീരുമാനം.സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ആശമാരുടെ പ്രതിദിന വേതനം കുറഞ്ഞത് 700 രൂപയാക്കൽ, വിവിധ ആരോഗ്യ പദ്ധതികൾ, യുവാക്കളുടെ സംരംഭങ്ങൾക്ക് വായ്‌പ അടക്കമുള്ള പ്രഖ്യാപനം എന്നിവയും തിങ്കളാഴ്‌ച സത്യപ്രതിജ്ഞയ്ക്കു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് ആദ്യമായാണ് സംസ്ഥാന വയോജന കമ്മിഷൻ കേരള സർക്കാർ രൂപീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഈ അർധ ജുഡീഷ്യൽ സംവിധാനത്തിന് സിവിൽ കോടതിക്കുള്ള അധികാരങ്ങളുണ്ട്. വയോജനങ്ങൾ നേരിടുന്ന അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം പുനരധിവാസത്തിനുള്ള സഹായങ്ങൾ നൽകി നിയമസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാരിന് മാർഗനിർദ്ദേശങ്ങൾ നൽകുന്നതും ഈ കമ്മിഷനാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ട് പുതിയൊരു വകുപ്പ് രൂപീകരിക്കാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ വകുപ്പ് രൂപീകരിക്കുന്നതിന് ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. വിദഗ്‌ധരുടെ അഭിപ്രായം സ്വരൂപിച്ച് സാമൂഹ്യനീതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട വിശദ നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

പുതിയ വകുപ്പ് രൂപീകരണമെന്ന പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ നടത്തിയാലും ധന- നിയമ വകുപ്പുകളുമായി ബന്ധപ്പെട്ട് തസ്തിക രൂപീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ തീരുമാനിച്ചാകും തുടർ നടപടികൾ കൈക്കൊള്ളുക. യുവാക്കളുടെ ഉന്നമനത്തിനായി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസും' സമാധാനത്തിനായി 'പീസ് ആൻഡ് ഹാർമണി' വകുപ്പും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു.

യുഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്ന സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിക്ക് പ്രതിമാസം 90 കോടിരൂപയുടെ അധികച്ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഓർഡിനറി, ഫാസ്റ്റ്പാസഞ്ചർ ബസുകളിൽമാത്രം അനുവദിച്ചാലും 60കോടിരൂപ വേണ്ടിവരും. പ്രതിദിനം 23 ലക്ഷത്തോളമുള്ള യാത്രക്കാരിൽ 45ശതമാനവും സ്ത്രീകളാണ്. റിസർവേഷനും സൂപ്പർക്ലാസ് യാത്രയുമൊഴികെ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. പരസ്യവരുമാനവും സർവീസുകളും കൂട്ടി ചെലവ് കണ്ടെത്താനാണ് ശ്രമം.ആശമാരുടെ വേതനം പ്രതിദിനം കുറഞ്ഞത് 700രൂപയാക്കി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം. എൽഡിഎഫ് സർക്കാരിൻ്റെ അവസാനകാലത്ത് പ്രതിമാസ ഓണറേറിയം 1000രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 26,125 ആശമാർക്ക് ഈ തുക നൽകാൻ പ്രതിവർഷം 250 കോടി അധിക ചെലവുണ്ടാവും. നിലവിലെ ഓണറേറിയത്തിൽ പ്രതിമാസം 3000രൂപ വർധിപ്പിക്കാൻ പ്രതിവർഷം 94.05കോടിരൂപ വേണ്ടിവരും.മറ്റ് പ്രധാന പ്രഖ്യാപനങ്ങളായിരുന്ന ഇന്ദിരാ ക്യാൻ്റീൻ, വിജിലൻസ് കമ്മിഷൻ എന്നിവയും ആദ്യ മന്ത്രിസഭായോഗത്തിൽ പരിഗണിക്കും. കൊച്ചിയിൽ ഇപ്പോഴുള്ള ഇന്ദിരാ ക്യാൻ്റീനു സമാനമായി മറ്റു നഗരങ്ങളിൽ 50 രൂപയ്ക്ക് മൂന്നുനേരത്തേ ഭക്ഷണം ലഭ്യമാക്കുന്ന സംവിധാനമാണ് പരിഗണനയിൽ.

ഊണിന് മുപ്പതും പ്രഭാത- രാത്രി ഭക്ഷണത്തിന് 10രൂപ വീതവുമാണ് ഉദ്ദേശിക്കുന്നത്. ഭരണതലത്തിലെ അഴിമതി തടയാനാണ് വിജിലൻസ് കമ്മിഷൻ രൂപീകരിക്കുന്നത്. കർഷകർക്ക് ഉപാധിരഹിത പട്ടയത്തിനുള്ള നടപടികളും പ്രഖ്യാപിച്ചേക്കാം. ലഹരിമുക്ത കേരളത്തിനായുള്ള പുതിയ പദ്ധതി, അഞ്ചു വർഷത്തിനുള്ളിൽ അഞ്ചുലക്ഷം പേർക്ക് വീട് നൽകുന്ന പദ്ധതി എന്നിവയും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.