"നോർക്ക വൈസ് ചെയർമാൻ സ്ഥാനം..." : അർഹതയുള്ളവരുടെ മുൻനിരയിൽ ജോജോ തോമസ്

"നോർക്ക വൈസ് ചെയർമാൻ സ്ഥാനം..." : അർഹതയുള്ളവരുടെ  മുൻനിരയിൽ ജോജോ തോമസ്

മുംബൈ : നോർക്കയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിലേക്ക് പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന ഒരു പ്രവാസി പ്രതിനിധി തന്നെ വരണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ,   മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മികച്ച സംഘാടകനുമായ ജോജോ തോമസ് തന്നെ ആ സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം  വിവിധ പ്രവാസി കൂട്ടായ്മകളുടെ ശക്തമായ പിന്തുണയോടെ നാനാഭാഗത്തുനിന്നും ഉയരുകയാണ് .

 വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന മുപ്പത് ലക്ഷത്തോളം മലയാളികളെപ്പോലെ തന്നെ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന അൻപത് ലക്ഷത്തോളം വരുന്ന ആഭ്യന്തര പ്രവാസികളുടെയും (NRK) പ്രശ്നങ്ങൾക്ക് തുല്യ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന വികാരമാണ് വിവിധ പ്രവാസി സംഘടനകൾ പങ്കുവെക്കുന്നത്. നിലവിൽ കേരളത്തിലിരുന്ന് കാര്യങ്ങളെ സമീപിക്കുന്നവർക്ക് പ്രവാസികളുടെ യഥാർത്ഥ പ്രതിസന്ധികൾ പലപ്പോഴും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ്  നോർക്കയുടെ തലപ്പത്തേക്ക് , പ്രവാസികളുടെ വിഷയങ്ങളിൽ ഗൗരവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന അത്തരം വിഷയങ്ങൾ  സർക്കാർ തലങ്ങളിലെത്തിക്കുവാൻ പ്രാപ്‌തിയുള്ള ജോജോതോമസ് വരണമെന്ന ആവശ്യം വിവിധകോണുകളിൽ നിന്നുയരുന്നത് .


കേരള രാഷ്ട്രീയത്തിൽ ആഴത്തിലുള്ള വേരുകളും, പ്രവാസ ലോകത്തെ സംഘാടന മികവുമാണ് ജോജോ തോമസിനെ ഈ പദവിയിലേക്ക് പരിഗണിക്കാൻ പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. ഇടതിൻ്റെ  ഉരുക്കുകോട്ടയായ പയ്യന്നൂരിൽ കെ.എസ്.യു-വിലൂടെയാണ് ജോജോ  രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പയ്യന്നൂർ കോളേജിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പിൻഗാമിയായി, കെ.എസ്.യു മുഴുവൻ യൂണിയനും പിടിച്ചെടുത്ത 1993-ൽ അദ്ദേഹം കോളേജ് യൂണിയൻ ചെയർമാനായിരുന്നു . അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെപ്പോലുള്ളവർക്കൊപ്പം പ്രവർത്തിച്ച് സംഘാടകനായി വളർന്ന അദ്ദേഹം 1999-ലാണ് മുംബൈയിൽ സ്ഥിരതാമസമാക്കുന്നത്. നിലവിൽ മഹാരാഷ്ട്ര പി.സി.സി ജനറൽ സെക്രട്ടറിയായ അദ്ദേഹം ലോക കേരളസഭാംഗം  കൂടിയാണ്.

ഒരു പദവികളുമില്ലാതെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളാണ് പ്രവാസലോകം പ്രധാനമായും എടുത്തുകാണിക്കുന്നത്. കോവിഡ് മഹാമാരി ലോകത്തെ സ്തംഭിപ്പിച്ചപ്പോൾ, മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയുമായി ചേർന്ന് മുംബൈയിലെ പ്രവാസികൾക്കായി അദ്ദേഹം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ  ഇടപെടലോടെ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ സമീപിച്ച് മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യത്തെ 'ശ്രമിക് ട്രെയിൻ' യാഥാർത്ഥ്യമാക്കിയത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, നടി ശ്വേത മേനോൻ എന്നിവരെ ഉൾപ്പെടുത്തി 'കോവിഡ്-19 സപ്പോർട്ട് ഫോറം മഹാരാഷ്ട്ര' രൂപീകരിച്ച ജോജോ തോമസ് പന്ത്രണ്ടായിരത്തോളം പ്രവാസികൾക്കാണ് അന്ന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കിയത്.ഇതിനുപുറമെ, റഷ്യ-യുക്രൈൻ യുദ്ധകാലത്ത് നോർക്കയുമായി ചേർന്ന് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിലും, എൺപതിലധികം പേർ മരിച്ച ബോംബെ ഹൈ ബാർജ് അപകടത്തിൽ ദിവസങ്ങളോളം അവിടെ ക്യാമ്പ് ചെയ്ത് മൃതദേഹങ്ങൾ തിരിച്ചറിയാനും നാട്ടിലെത്തിക്കാനും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. യമൻ യുദ്ധകാലത്തെ പ്രവാസി ഒഴിപ്പിക്കലിലും മുംബൈ-കേരള ട്രെയിൻ യാത്രാ പ്രശ്നങ്ങളിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. സാംസ്കാരിക രംഗത്ത് ഒമ്പതോളം ശാഖകളുള്ള 'അമ്മ' (AMMA) എന്ന സംഘടനയ്ക്ക് രൂപം നൽകിയ അദ്ദേഹം, 26/11 ഭീകരാക്രമണത്തിന്റെ ഓർമ്മയ്ക്കായി സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ വലിയ ഓണപ്പൂക്കളം ഒരുക്കിയതും മറാത്തി-മലയാളി എത്‌നിക് ഫെസ്റ്റിവലിന് തുടക്കം കുറിച്ചതും ശ്രദ്ധേയമായിരുന്നു.

നോർക്കയുടെ തലപ്പത്ത് പ്രവാസികളുടെ പ്രശ്നങ്ങൾ അറിയാവുന്ന പുതിയ നേതൃത്വം വരുമ്പോൾ മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ കേരളാ ഹൗസുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നും, പ്രവാസികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് കേരളത്തിന്റെ ടൂറിസം മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു. കൂടാതെ മലയാളം മിഷൻ, പ്രവാസി സംഗീത നാടക അക്കാദമി എന്നിവയുടെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. വെറുമൊരു രാഷ്ട്രീയ നിയമനത്തിനപ്പുറം, കേരളത്തിലെ ഭരണസിരാകേന്ദ്രങ്ങളിൽ സ്വാധീനമുള്ള, പ്രതിസന്ധികളിൽ ഓടിയെത്തുന്ന ഒരു വ്യക്തി നോർക്കയുടെ തലപ്പത്ത് വരുന്നത് ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന വിലയിരുത്തലിലാണ് പ്രവാസി സമൂഹം ജോജോ തോമസിന് പിന്നിൽ അണിനിരക്കുന്നത്.

https://www.worldm.news/news/we-need-expatriate-26119