വിവാഹസദ്യക്കിടെ ചിക്കൻ ലെഗ് പീസ് കിട്ടിയില്ല : കൂട്ടത്തല്ലില്‍ ഒരാൾ മരിച്ചു

ലഖ്‌നൗ : വിവാഹ ആഘോഷത്തിനിടയിൽ ഡിജെയെയും ഭക്ഷണത്തെയും ചൊല്ലി തർക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഓരാൾ മരിച്ചു. മറ്റൊരു നേപ്പാൾ സ്വദേശിക്ക് പരിക്ക്. 25 വയസുകാരനായ സുമിത്താണ് അപകടത്തിൽ മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂറിലാണ് സംഭവം.വിവാഹത്തിനിടെ വരൻ്റെയും വധുവിൻ്റെയും കുടുംബക്കാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ വ്യക്തിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചതായി നാട്ടുകാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരൻ്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവമെന്ന് ഷാപൂർ പൊലീസ് പറഞ്ഞു. ആദ്യം വിവാഹത്തിൽ പാട്ടുകൾ പാടുന്നതിനെച്ചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നു.അതിനിടയിൽ ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് ചിക്കൻ ലെഗ് പീസ് തരാത്തതിനെ തുടർന്ന് വഴക്കുണ്ടായിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാക്ക് തർക്കം ശക്തിപ്രാപിച്ചതോടെ കല്ലെറിയാനും പരസ്‌പരം അടിക്കാനും മർദിക്കാനും മറ്റും തുടങ്ങി. വാക്ക് തർക്കവും തുടർന്ന് കസേരകളും പ്ലേറ്റുകളും ഗ്ലാസുകളും എറിയാനും തകർക്കാനും തുടങ്ങി. വധുവിൻ്റെയും വരൻ്റെയും ആളുകൾ തമ്മിൽ കയ്യാങ്കളിയാകുകയും വലിയ രീതിയില്‍ ആക്രമണം ഉണ്ടാകുകയും ചെയ്‌തു.
പിന്നാലെ ബഹളത്തിനിടയിൽ അതിഥികൾ ഓടി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി അവർ കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സുമിത്ത് ചികിത്സക്കിടെ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സുമിത് മൂന്ന് മാസം മുമ്പാണ് വിവാഹിതനായത്. കുടുംബം പോറ്റാൻ ഒരു മൊബൈൽ ഫോൺ കടയിൽ ജോലി ചെയ്‌ത് വരുകയാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇരയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം പോസ്‌റ്റമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) നിമിഷ് പാട്ടീൽ പറഞ്ഞു. പോസ്‌റ്റമാർട്ടം റിപ്പോർട്ട് വരുന്നതിൻ്റെ അടസ്ഥാനത്തിലായിരിക്കും മറ്റ് നടപടികൾ സ്വീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.