പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കണ്ണൂർ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ആവേശോജ്ജ്വല സ്വീകരണം നല്‍കി. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പിണറായി വിജയന്‍ ഭാര്യ കമലയോടൊപ്പം കണ്ണൂരിലെത്തിയത്.വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ പിണറായി വിജയനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ചുവന്ന ഷാള്‍ അണിയിച്ചു സ്വീകരിച്ചു. നേതാക്കളായ പി. ശശി, പി പുരുഷോത്തമന്‍, നിയുക്ത എംഎല്‍എ വി കെ സനോജ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍, എം സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമാന താവളത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പിണറായി അവഗണിച്ചുകൊണ്ട് കാറില്‍ കയറി എം എല്‍ എ ഓഫീസിലേക്ക് പോയി. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പിണറായി വിജയന്‍ മൗനം തുടരുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി പിണറായിക്കും എം വി ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജില്ലാ കമ്മിറ്റികളില്‍ ഉയരുന്നത്.പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പി ബി മുതല്‍ പ്രാദേശിക ഘടകങ്ങളില്‍ വരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നാളെ രാവിലെ പയ്യാമ്പലത്തെ നായനാരുടെ സ്മൃതികുടീരത്തില്‍ പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തും. വൈകീട്ട് 4 മണിക്ക് സിപിഎം നിടിയേങ്ങ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കല്യാശേരി യില്‍ ഇകെ നായനാര്‍ അനുസ്മരണ പൊതുയോഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.20ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഐ എം എ ഹാളില്‍ മൊയാരം സ്മാരക അവാര്‍ഡ് മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് പിണറായി വിജയന്‍ സമ്മാനിക്കും. തുടര്‍ന്ന് 11 മണിക്ക് ചിന്ത പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കണ്ണൂര്‍ എ കെ ജി ഹാളില്‍ പിണറായി വിജയന്‍ നിര്‍വഹിക്കും.