അവയവക്കടത്ത്; നാല് ജില്ലകളില്‍ ഇഡിയുടെ മിന്നല്‍ റെയ്‌ഡ്

എറണാകുളം: കേരളത്തിൽ വൻ പ്രമാദമായ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ ഡി) റെയ്‌ഡ് നടത്തുന്നു. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.അനധികൃത അവയവക്കടത്തുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ഈ നിർണായക നീക്കം. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രമുഖ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.അവയവമാറ്റ ശസ്ത്രക്രിയകളുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. ആശുപത്രി അധികൃതരുടെയോ ചില ഡോക്ടർമാരുടെയോ പങ്കാളിത്തം ഇതിലുണ്ടോയെന്നും കേന്ദ്ര ഏജൻസി പരിശോധിച്ചുവരികയാണ്. പരിശോധന നടക്കുന്ന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റെയ്‌ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് സൂചന.കേസിലെ പ്രധാന സൂത്രധാരനായ നജീബുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് സംശയിക്കുന്ന പ്രമുഖ സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചായിരുന്നു ഇഡിയുടെ നീക്കം. കൊച്ചിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് ഇഡി ഒരേസമയം റെയ്ഡ് ആരംഭിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും മെഡിക്കൽ രേഖകളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്.
അവയവക്കടത്ത് കേസിലെ പ്രധാന സൂത്രധാരനും കല്ലട്രാസ് മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ ഉടമയുമായ നജീബിൻ്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം ഒഴുകിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് നജീബിൻ്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വലിയ തുക കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പിടിച്ചെടുക്കാനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി വളരെ ആസൂത്രിതമായാണ് ഈ മാഫിയ കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ കണ്ടെത്തി കുറഞ്ഞ തുക നൽകിയാണ് ഇവരുടെ അവയവങ്ങൾ സംഘം കൈക്കലാക്കിയിരുന്നത്.