പദ്‌മശ്രീ മുനി നാരായണ പ്രസാദ് സമാധിയായി

പദ്‌മശ്രീ  മുനി നാരായണ പ്രസാദ് സമാധിയായി

തിരുവനന്തപുരം : ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പ്രമുഖ സന്യാസിയും എഴുത്തുകാരനും ചിന്തകനുമായ മുനി നാരായണ പ്രസാദ് (88) സമാധിയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്  ഇന്ന് പുലർച്ചെ  3.55ന്  വർക്കല നാരായണ ഗുരുകുലത്തിൽ വെച്ചായിരുന്നു അന്ത്യം.

വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകൾ ആരംഭിക്കും. ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2024ൽ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

1938 ഡിസംബർ ഒമ്പതിന് തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത് നഗരൂരിൽ സ്കൂൾ അധ്യാപകൻ ജി മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു എം എൻ പ്രസാദ് 1955ൽ നാരായണ ഗുരുകുലവും നടരാജഗുരുവുമായി ബന്ധപ്പെട്ടു. സ്കൂൾ പഠനത്തിനുശേഷം വക്കത്തുള്ള എംവിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ഹ്രസ്വകാല പരിശീലനത്തിനുശേഷം 1958ൽ കൊല്ലം ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസിൽ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.

1970 ജനുവരി ഒന്നിന് നടരാജഗുരുവിൽനിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. ഇതിനെത്തുടർന്ന് നടരാജഗുരു അദ്ദേഹത്തെ നാരായണ ഗുരുകുല ശിഷ്യപരമ്പരയിൽ ഉൾപ്പെടുത്തി മുനി നാരായണ പ്രസാദ് എന്ന സന്ന്യാസനാമം നൽകി .പിന്നാലെ അദ്ദേഹം ജോലി രാജിവച്ചു. 1970ൽ പയ്യന്നൂരിനടുത്ത് ഏഴിമലയിൽ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകനായിരുന്നു.1971ൽ ശാസ്താംകോട്ടയിൽ നടന്ന ലോക സർവ്വമത സമ്മേളനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. നടരാജഗുരുവിന്റെ സമാധിസ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

1973 മുതൽ 1989 വരെ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ”ഗുരുകുലം” ദാർശനിക മാസികയുടെ പത്രാധിപരായി പ്രവർത്തിച്ചു. 1985ൽ ഗുരു നിത്യചൈതന്യയതിയിൽ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയിൽ മോസ്കോയിൽ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മളനത്തിൽ പങ്കെടുത്തു .1999ൽ ഗുരു നിത്യചൈതന്യയതി സമാധിയായ ശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.സ്വതന്ത്രകൃതികളും വ്യാഖ്യാനങ്ങളും പരിഭാഷകളും ഉൾപ്പെടെ 122 കൃതികൾ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. ഐതരേയം , ഈശാവാസ്യം , കേന , പ്രശ്‌ന , മാണ്ഡൂക്യം , തൈത്തിരീയം , ശ്വേതാശ്വതാരം , ഛാന്ദോഗ്യ ഉപനിഷത്തുകളുടെ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട് .അദ്ദേഹത്തിന്റെ ഭഗവദ്ഗീത ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ പേര് ലൈഫ്‌സ് പില്‍ഗ്രിമേജ് ത്രൂ ഗീത എന്നാണ് . നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍ (നാഷണല്‍ ബുക്ക് ട്രസ്റ്റ്), നാരായണ ഗുരുവിന്റെ തത്ത്വചിന്ത തുടങ്ങിയ പുസ്തകങ്ങളും രചിച്ചതും അദ്ദേഹമാണ്.  കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.