തത്തകളും വന്യജീവികള്‍; കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ; തത്തകളും വന്യജീവികളാണെന്നും കൃഷി നാശമുണ്ടാക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഹിംഗി ഗ്രാമത്തില്‍ നിന്നുള്ള 70 വയസുകാരന്‍ മഹാദേവ് ദേകേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ ഊര്‍മിള ജോഷി ഫാല്‍ക്കെ, നിവേദിത മെഹ്ത എന്നിവരുടേതാണ് ഉത്തരവ്.സംരക്ഷിത ജീവിവര്‍ഗങ്ങളുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവര്‍ വന്യജീവിതം നശിപ്പിക്കുന്ന രീതിയില്‍ പ്രതികരിച്ചേക്കാമെന്നും അത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.
2016 ലാണ് തന്റെ മാതളനാരകങ്ങള്‍ അടുത്തുള്ള വന്യജീവി സങ്കേതത്തില്‍ നിന്നുള്ള തത്തകള്‍ നശിപ്പിച്ചുവെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ സമീപിക്കുന്നത്. ഏകദേശം 200 മാതളനാരകങ്ങള്‍ നശിപ്പിച്ചു. ഒരു മരത്തിന് 200 രൂവ വച്ച് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്.അതേസമയം ആനയും കാട്ടുപോത്തും കൃഷി നശിപ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ വാദം കോടതിത്തള്ളിക്കളഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളും സംരക്ഷിക്കപ്പെടുന്ന ജീവിവര്‍ഗമാണ്. അതിനാല്‍ അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.