യുവാവിനെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തു : സ്വന്തം വസ്ത്രങ്ങൾ വലിച്ച് കീറി യുവതികൾ

മുംബൈ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻതോതിലുള്ള ചർച്ചകൾക്കും ജനരോഷത്തിനും വഴിവെച്ചുകൊണ്ട് ഒരു കൂട്ടം യുവതികളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഒരു പൊതുസ്ഥലത്ത് വെച്ച് യുവാവിനെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ മൂന്ന് യുവതികൾ ചേർന്ന് സ്വന്തം വസ്ത്രങ്ങൾ വലിച്ച് കീറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ അതിവേഗം പ്രചരിക്കുന്നത്. ‘ദി ഫോർഗോട്ടൺ മാൻ’ എന്ന പ്രമുഖ എക്സ് (X) ഹാൻഡിലിലൂടെയാണ് ഈ വീഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്.വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണത്തിൽ പറയുന്നതനുസരിച്ച്, വിമാനത്താവളത്തിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതുഗതാഗത കേന്ദ്രത്തിലോ വെച്ച് മൂന്നോളം സ്ത്രീകൾ അവിടെയുണ്ടായിരുന്ന ഒരു കൂട്ടം യുവാക്കളെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട് സഹി കെട്ട ഒരു യുവാവ് ഇവരുടെ പ്രവൃത്തിയെ പരസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രകോപിതരായ യുവതികൾ തങ്ങൾ ചെയ്ത തെറ്റ് മറച്ചുവെക്കാനും യുവാക്കളെ കുടുക്കാനുമായി സ്വന്തം വസ്ത്രങ്ങൾ വലിച്ച് കീറാൻ തുടങ്ങുകയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നത്.
“ഇത്തരം സ്ത്രീകൾ പൊതുസമൂഹത്തിൽ വലിയൊരു ശല്യം സൃഷ്ടിക്കുന്നത് വളരെ ലജ്ജാകരമാണ്. ഒന്നാമതായി, അവർ പുരുഷന്മാരെ അനാവശ്യമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റുള്ളവർ ഇത് ചോദ്യം ചെയ്യുന്ന നിമിഷം മുതൽ, അവർ പെട്ടെന്ന് തന്നെ ‘ഇര വാദം’ (Victim Card) പുറത്തെടുക്കുന്നു. അവർ അവിടെയും നിർത്തുന്നില്ല. യുവാക്കൾക്കെതിരെ വ്യാജ തെളിവുകൾ നിർമ്മിക്കാൻ സ്വന്തം വസ്ത്രങ്ങൾ വലിച്ച് കീറുകയും, പുരുഷന്മാർക്കെതിരെയുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പരിധി വരെ അവർ പോകുന്നു. ദയനീയമായ പെരുമാറ്റമാണിത്..” എന്ന കടുത്ത കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.