ആർ.കെ. കൈമൾ ,നാടകത്തെ ജീവിതത്തെക്കാളേറെ സ്നേഹിച്ച ഒരാൾ

ആർ.കെ. കൈമൾ ,നാടകത്തെ ജീവിതത്തെക്കാളേറെ സ്നേഹിച്ച ഒരാൾ

 മുംബൈ : അനായാസവും സ്വാഭാവികവുമായ അഭിനയമികവുകൊണ്ട് മുംബൈ നാടകരംഗത്ത് ശ്രദ്ധേയനായ  നടനായിരുന്നു ആർ.കെ. കൈമൾ എന്ന രാധാകൃഷ്‌ണ കൈമൾ . വേദിയിലെ അദ്ദേഹത്തിൻ്റെ  ചലനങ്ങളും  സംഭാഷണ (voice modulation)ശൈലിയുമൊക്കെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല നാടകങ്ങളും കണ്ടശേഷം മേക്കപ്പ്  റൂമിലേയ്ക്ക് പോയികെട്ടിപിടിച്ച്‌  അദ്ദേഹത്തെ  ഞാൻ അഭിനന്ദിച്ചിട്ടുമുണ്ട്.

കടുത്ത വൃക്കരോഗം ബാധിച്ചില്ലായിരുന്നുവെങ്കിൽ മുംബൈ നാടകവേദിയെ അദ്ദേഹം ഉപേക്ഷിക്കുമായിരുന്നില്ല.ചിലപ്പോൾ 'ബിഗ് സ്‌ക്രീനി'ലേക്ക് ' അദ്ദേഹം വഴിമാറിപ്പോയേനെ എന്നുമെനിക്ക് തോന്നിയിട്ടുണ്ട് ,അത്തരം  ആഗ്രഹങ്ങൾ ആദ്ദേഹത്തിനുണ്ടായിരുന്നു, അതിനുള്ള  ശ്രമവും  നടത്തിയിരുന്നു. ആർ .കെയ്ക്ക്  അഭിനയം എന്നത് തുഞ്ചത്തെഴുത്തച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ 'കരതലാമലകം ' പോലെയായിരുന്നു.

കുടുംബജീവിതം  

പെരുമ്പാവൂരിനടുത്ത് കൂവപ്പടിയാണ് ജന്മദേശം.റേഷൻ കടയും ഫാക്ട് വളം ഡിപ്പോയും ഉണ്ടായിരുന്ന ചന്ദ്രശേഖരൻ്റെയും   ദേവകിഅമ്മയുടേയും എട്ടുമക്കളിൽ ഏറ്റവും ഇളയ ആൾ. 1960 ജനുവരി 10 നു ജനനം. സഹോദരങ്ങളിൽ ചിലരൊക്കെ മുംബൈയിൽ താമസിക്കുന്നു.  ഭാര്യ ആനന്ദവല്ലി.ഭാര്യവീട്ടുകാർ മുംബൈയിൽ സ്ഥിരതാമസക്കാരാണ് .അംബുജ സിമന്റ്‌സിൽ പത്തുപതിനെട്ടുവർഷക്കാലം ജോലിചെയ്ത ഭാര്യ പിന്നീട് മറ്റൊരു സ്ഥാപനത്തിലേക്ക് മാറി .മക്കൾ മോനിഷ,അനീഷ.രണ്ടുപേരും വിവാഹിതരാണ്.

തൊഴിൽ 

ടൈപ്പ്‌റൈറ്ററിംഗും ,ഷോർട്ട്ഹാൻഡും കൊമേഴ്‌സ് ബിരുദ സർട്ടിഫിക്കറ്റുകളുമായി ഉപജീവനാർത്ഥം മുംബൈയിലെത്തി. ബോംബെ ഹൈക്കോടതിയിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ കൈമൾ പിന്നീട് പല സ്ഥാപനങ്ങളിലും ജോലി ചെയ്‌തു . 1996 ൽ പീതാംബരി പോളിഷ് പൗഡർ നിർമ്മാണ കമ്പനിയിൽ സെയിൽസ് മാനേജറായി വിരമിച്ചു .തുടർന്ന്  കേരളത്തിൽ ഒന്ന് രണ്ട് വർഷം ജോലി ചെയ്തു. വീണ്ടും മുംബൈയിലേക്ക്‌. ഒമേഗ എന്ന സ്ഥാപനത്തിൽ കുറച്ചു വർഷം സെയിൽസ് മാനേജരായി ജോലി ചെയ്‌തു .അപ്പോഴേക്കും രോഗബാധിതനായിരുന്നു .


നാടകാഭിനയത്തെ  പ്രിയമുള്ളൊരു' ഭ്രാന്തായി' കൊണ്ടുനടന്ന മനുഷ്യൻ 


പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ നാടകകമ്പത്തെക്കുറിച്ചു ഒരിക്കൽ   കൈമൾ പറഞ്ഞിട്ടുണ്ട് .സ്‌കൂൾയുവജനോത്സവങ്ങളിലും അമ്പലപ്പറമ്പിലും നാടകങ്ങൾ കണ്ടിറങ്ങുമ്പോൾ തൻ്റെ കൂടെ ഇറങ്ങിവരാറുള്ള കഥാപാത്രങ്ങളെക്കുറിച്ചും വിസ്മയത്തോടെ നാടക നടന്മാരെ കണ്ടിരുന്ന പഴയകാലത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പറഞ്ഞത് ഇപ്പോഴുമോർക്കുന്നു. 

തൻ്റെ ഗ്രാമത്തിലെ എഴുത്തുകാരനും സംവിധായകനുമായ ഇലവങ്കുട്ടി  വർഗീസ് എന്ന കലാകാരൻ എഴുതി സംവിധാനം ചെയ്തവതരിപ്പിച്ച 'ശൂന്യാകാശം'എന്ന നാടകത്തിൽ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കൈമൾ  തനിക്കു പ്രിയപ്പെട്ട നാടക ലോകത്തേക്ക് കടന്നുവരുന്നത്. പാലപ്പുറം ഐമുറിപള്ളി പെരുന്നാളിന് അരങ്ങേറിയ നാടകത്തിൽ അന്നു ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചിരുന്നത് പത്തുവയസ്സുകാരനായ കൈമളിനായിരുന്നു .ആ നാടകം പിന്നീട് മറ്റൊരു സ്റ്റേജിൽ കൂടി അരങ്ങേറി..സ്കൂൾ പഠനകാലത്ത് യുവജനോത്സവത്തിൽ അവതരിക്കപ്പെട്ട 14 നാടകങ്ങളിൽ രണ്ടാം സ്ഥാനം കിട്ടിയത് കൈമളിൻ്റെ നാടകത്തിനായിരുന്നു .സിഎൽ ജോസ് രചിച്ച ആ നാടകം  സംവിധാനം ചെയ്‌തതും 55 വയസ്സുകാരനായി അഭിനയിച്ചതും രാധാകൃഷ്‌ണ കൈമൾ ആയിരുന്നു.അന്ന് പ്രായം 12 !


പത്താം ക്ലാസ്സ് കഴിയുന്നതുവരെ സ്‌കൂൾ  നാടകങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കോളേജ് പഠനകാലത്തും ഈ സപര്യ തുടർന്നു .പെരുമ്പാവൂരിൽ നിന്ന് കാലടി ശ്രീശങ്കരാചാര്യ കോളേജിലെത്താൻ ഏഴു കിലോമീറ്റർ ദൂരമുണ്ടായിരുന്നുവെങ്കിലും യാത്രയോ പഠനമോ കൈമളിലെ നാടകത്തോടുള്ള അഭിനിവേശത്തെ ഇല്ലാതാക്കിയില്ല .പഠനകാലത്തും പഠനാന്തരകാലത്തും അമേച്വർ നാടകങ്ങളിൽ കൈമൾ സജീവമായിരുന്നു. മരട് രഘുനാഥിൻ്റെ 'ദുഃഖസാമ്രാജ്യം' ,അഗ്നിരേഖ ,സി.എൽ .ജോസിൻ്റെ 'സൂര്യാഘാതം 'പോലുള്ള നാടകങ്ങളിൽ പ്രധാനകഥാപാത്രങ്ങളെ കൈമൾ അവതരിപ്പിച്ചത് ഈ കാലയളവിലായിരുന്നു .അത് കഴിഞ്ഞാണ്   ഉപജീവനാർത്ഥം  മുംബൈയിലെത്തുന്നത്.

നഗരജീവിതത്തിലെ ആദ്യ മൂന്നുവർഷം കഴിഞ്ഞാണ് തൻ്റെ ഇഷ്ട മേഖലയിലേക്ക് കൈമൾ വീണ്ടും കടന്നുവരുന്നത് .കൈമളിൻ്റെ  നാടകപ്രേമത്തെക്കുറിച്ചു നല്ല അറിവുണ്ടായിരുന്ന കല്യാൺ ഈസ്റ്റ്‌സമാജത്തിലെ സജീവപ്രവർത്തകരും പെരുമ്പാവൂർ സ്വദേശികളുമായ രവി ,വാസുദേവ് എന്നിവരാണ് സമാജത്തിൻ്റെ  നാടകത്തിൽ  ചെറിയൊരു വേഷം ൽകുന്നത്.പി.ആർ.ചന്ദ്രൻ്റെ 'കനൽ ജ്വാല'യിലെ ആ ചെറിയവേഷം   പക്ഷേ ഏറെ ശ്രദ്ധിക്കപ്പെട്ടു.  അതെ സമാജത്തിൻ്റെ അടുത്തവർഷത്തെ നാടകത്തിൽ പ്രധാനപ്പെട്ട ഒരു വേഷമാണ് കൈമളിന് ലഭിച്ചത്.സി.എൽ .ജോസിൻ്റെ 'ശോകപ്പക്ഷി' .അതിൽ നല്ല നടനുള്ള അംഗീകാരം ലഭിച്ചു.പിന്നീട് ഡോംബിവ്‌ലി കേരളീയസമാജത്തിൻ്റെ   പവിത്രൻ കണ്ണപുരം സംവിധാനം ചെയ്ത 'അനുഷ്ഠാനം' ,വീണ്ടും കല്യാൺ ഈസ്റ്റ് സമാജത്തിൻ്റെ 'ലയവിന്യാസം'.അങ്ങനെ ഇരിക്കുമ്പോഴാണ് നാടകത്തെ അഗാധമായി സ്നേഹിക്കുന്ന സമാനമനസ്കർ ചേർന്ന് കല്യാൺ കേന്ദ്രമാക്കി 'സാരഥി തിയേറ്റേഴ്സി'ന്  രൂപം കൊടുക്കുന്നത് . പവിത്രൻ കണ്ണപുരം ,സന്തോഷ് , ശങ്കരൻ  വള്ളിക്കുന്ന് എന്നിവരൊക്കെയായിരുന്നു സഹപ്രവർത്തകർ . സാരഥിയുടെ ആദ്യനാടകം സുന്ദരൻ കല്ലായിയുടെ 'നെറ്റിയിൽ പൂവുള്ള പക്ഷി'യുടെ പുനരാവിഷ്കാരമായ 'സന്ധ്യകൾ ചാലിച്ച സിന്ദൂരം' സംവിധാനം ചെയ്തത് ആർ കെ കൈമൾ ആയിരുന്നു.'സാരഥി'യുടെ രണ്ടാമത്തെ നാടകമായ 'ഭരതക്ഷേത്രം 'സംവിധാനം ചെയ്‌തത്‌ കവിയും ചിത്രകാരനുമായ പവിത്രൻ കണ്ണപുരമാണ്. മുംബൈയിലും മഹാരാഷ്ട്രയിലുമായി ഇരുപത്തിയെട്ടോളം വേദികളിൽ ഭരതക്ഷേത്രം അവതരിപ്പിക്കപ്പെട്ടു. ആ കാലത്ത്  അതൊരു വിപ്ലവം തന്നെയായിരുന്നു .അതിലെ 'ശിങ്കിടി കുറുപ്പ് ' എന്ന മുഴുനീള ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ആർ കെ കൈമൾ എന്ന നടനിലെ പ്രതിഭയെ നാടകപ്രേമികൾ  തിരിച്ചറിയുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ മാന്യമായ ജോലിയും ഉപേക്ഷിച്ചാണ് ഈ നാടകത്തിനായി വിവിധ വേദികളിൽ അദ്ദേഹം പോയിരുന്നത്.

പിന്നീട് ,സ്വന്തമായി നാടകസാമഗ്രികളൊക്ക ഉണ്ടായിരുന്ന മുംബൈയിലെ ആദ്യത്തെ നാടകസമിതിയായ സാജൻ തോമസിൻ്റെ  'മുംബൈ സിനിവിഷ'ൻ്റെ 'അമ്മേ  മാപ്പ്..." എന്ന നാടകത്തിൽ വില്ലൻ കഥാപാത്രമായി   അഭിനയിച്ചു. മുപ്പതോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു .ഒരു നടൻ എന്ന നിലയിൽ തനിക്കേറ്റവും ആത്മസംതൃപ്‌തി ലഭിച്ച വേഷമായിരുന്നു അതെന്ന് പിന്നീടൊരിക്കൽ കൈമൾ പറഞ്ഞിട്ടുണ്ട്..

കല്യാൺ സാരഥിയുടെ അനന്തപുരാണം ,മുംബൈ സിനിവിഷൻ്റെ പ്രമാണി ,സാരഥിയുടെ 'രാമൻ ദൈവം'  (കാക്കത്തമ്പുരാൻ ) -(ഇതിൽ സംവിധാനത്തോടൊപ്പം ഒരു പ്രധാനകഥാപാത്രത്തേയും അവതരിപ്പിച്ചു ),  ഭാരതീയം , സാരഥിയുടെ വിളപ്പിൽ മധു സംവിധാനം ചെയ്‌ത ദേവയാനി (മൂന്നു കഥാപാത്രങ്ങൾ ചെയ്‌തു ),റിഥം സന്തോഷ് സംവിധാനം ചെയ്‌ത വിശുദ്ധ സെബസ്റ്റിയാനോസ് ,വിളപ്പിൽ വിഷനുവേണ്ടി മധു സംവിധാനം ചെയ്‌ത 'പാഠം ഒന്ന് പ്രവാസി', ഒരു പ്രവാസിയുടെ മടക്കയാത്ര ,വാഴക്കുല . ഈ നാടകങ്ങളിലൊക്കെയുള്ള കൈമളിൻ്റെ അഭിനയം ശ്രദ്ധേയമായിരുന്നു. നാടകലോകത്തെ അഭിനേതാക്കളുടേയും പിന്നണിപ്രവർത്തകരുടേയും ജീവിതം പറയുന്ന, അന്തരിച്ച  മഹാ പ്രതിഭ വിളപ്പിൽ മധു രചനയും സംവിധാനവും അഭിനയവും നിർവ്വഹിച്ച 'കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും' എന്ന നാടകത്തിലെ സംവിധായകൻ കൃഷ്ണൻ നായർ എന്ന ആർ.കെ കൈമളിൻ്റെ   വേഷം ആ  നാടകംകണ്ട ആരും തന്നെ മറക്കുമെന്ന് തോന്നുന്നില്ല.  അത്രകണ്ട് ഹൃദയസ്പർശിയായിരുന്നു അദ്ദേഹത്തിൻ്റെ അഭിനയം.കേരളസംഗീതനാടക അക്കാദമിയുടെ പ്രവാസികൾക്കായുള്ള നാടകമത്സരത്തിൽ രണ്ടാം സ്ഥാനവും മികച്ച രചനയ്ക്കുള്ള ഒന്നാംസ്ഥാനവും ഈ നാടകം നേടി . അക്കാദമി  നാടകം പിന്നീട് പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദരാഞ്ജലി അർപ്പിച്ച് പവിത്രൻ കണ്ണപുരം 

ഏകദേശം മൂന്നുപതിറ്റാണ്ടിലധികമായുള്ള എൻ്റെ മുംബൈ നാടക പ്രവർത്തനരംഗത്ത് എനിക്കേറ്റവും  സംതൃപ്‌തി നൽകിയ നാടകം ഞാൻ കല്യാൺ സാരഥിതിയേറ്റേഴ്സിന് വേണ്ടി സംവിധാനം ചെയ്‌ത 'ഭരത ക്ഷേത്ര'മാണ് .അതിലെ പ്രധാന നടനായിരുന്നു ആർ .കെ .കൈമൾ.ഏറെ ശ്രദ്ധിക്കപ്പെട്ട,നിരവധി അഭിനന്ദനങ്ങൾ  ഏറ്റുവാങ്ങിയ നടൻ . രമണൻ ,കുഞ്ഞിക്കുട്ടൻ ,മണിനായർ ,വത്സൻ ഡോംബിവ്‌ലിഎന്നിവരെപോലെ വിരലിലെണ്ണാവുന്ന അറിയപ്പെടുന്ന നടന്മാരിൽ ഒരാളായി ആ നാടകത്തിലൂടെ  കൈമളും മാറി.മുംബൈയിൽ അഭിനേതാക്കൾ ഇഷ്ടംപോലെയുണ്ടെങ്കിലും നല്ല നാടകസംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിയാത്ത കാരണത്താൽ പലരും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.പക്ഷേ കൈമൾ ചെയ്‌ത പല നാടകങ്ങളും നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു.നാടകത്തെ അത്രകണ്ട് ആത്മാർത്ഥതയോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത് .അത്രകണ്ട് വിനയവും ,ഓരോ റിഹേഴ്‌സലിലും  സ്വന്തം അഭിനയത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ആത്മാർത്ഥമായ ശ്രമവും കൈമൾ നടത്താറുണ്ടായിരുന്നു. ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്  പവിത്രൻ കണ്ണപുരം പറഞ്ഞു.

കേരളീയ കേന്ദ്ര സംഘടനയുടെയും നാടകപ്രേമികളേയും വേദനിപ്പിച്ച വിടപറയൽ 

ആർകെ കൈമളിൻ്റെ തിരിച്ചുവരവിനുള്ള  പ്രതീക്ഷയിലായിരുന്നു  മുംബൈയിലെ നാടക സ്നേഹികളും കേരളീയ കേന്ദ്രസംഘടനയും. കൈമളിന് കൈത്താങ്ങാകാനായി  സംഘടന മുന്നിട്ടിറങ്ങിയപ്പോൾ സഹകരിക്കാൻ കുറേപ്പേർ  തയ്യാറായി . നാടകാവതരണങ്ങൾ നടത്തി ധനം സമാഹരിച്ച്‌ കൈമളിനെ സഹായിക്കാനായി അവർ രംഗത്തുവന്നു .അതിനിടയിലാണ് എല്ലാവരേയും നിരാശരാക്കിക്കൊ ണ്ടുള്ള മരണവാർത്ത വരുന്നത്.

വിളപ്പിൽ മധുവിനെപ്പോലെ ഇപ്പോൾ ആർ.കെ .കൈമളും  മഹാനഗരത്തോട് , - മുംബൈ മലയാള നാടകലോകത്തോട് വിടപറയുമ്പോൾ  നാടകത്തെ ജീവിതത്തേക്കാൾ സ്നേഹിച്ച മറ്റൊരു അതുല്യ കലാകാരനെയാണ് നഗരത്തിന്  നഷ്ട്ടപെടുന്നത് . പകരംവെക്കാനില്ലാത്ത ഒരു നാടക  നടനെ ..!

ആർ.കെ .കൈമളിന് വേൾഡ് എം ന്യുസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു...  




ചമയങ്ങളില്ലാത്ത ലോകത്തേക്ക് ...വിട !