ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടി: ഡിഎംകെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു,സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടി: ഡിഎംകെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു,സ്പീക്കര്‍ക്ക് കത്ത് നല്‍കി കനിമൊഴി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ടിവികെയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നടപടിയില്‍ കടുത്ത നീക്കവുമായി ഡിഎംകെ. ഡിഎംകെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നു. പാര്‍ലമെന്റില്‍ സീറ്റ് മാറ്റം ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്‍ഡ്യാ സഖ്യത്തിന് തിരിച്ചടിയാവുന്നതാണ് കനിമൊഴിയുടെ നീക്കം.നിലവിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ ബന്ധം അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിലെ നിലവിലെ സീറ്റ് ക്രമീകരണവുമായി മുന്നോട്ട് പോകുന്നത് ഡിഎംകെ അംഗങ്ങളെ സംബന്ധിച്ച് ഉചിതമല്ലെന്നാണ് സ്പീക്കര്‍ക്ക് കനിമൊഴി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മാറ്റം നടപ്പിലാക്കണമെന്ന ആവശ്യവും കനിമൊഴി മുന്നോട്ടുവെക്കുന്നുണ്ട്.ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തുന്നവരെന്നായിരുന്നു ഡിഎംകെ കുറ്റപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍?ഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോണ്‍ഗ്രസ് നിലപാട് മാറ്റി സര്‍ക്കാര്‍ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നല്‍കുകയായിരുന്നു. ആ ഘട്ടത്തില്‍ തന്നെ ഡിഎംകെ ഇന്‍ഡ്യാ സഖ്യം വിട്ടേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നാണ് ഡിഎംകെ പക്ഷം. കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നായിരുന്നു പ്രതികരണം.