മന്ദിരസമിതി വസായ്- നയ് ഗാവ് ഗുരു സെൻ്റർ ഉദ്ഘാടനം നടന്നു
മുംബൈ : ശ്രീനാരായണ മന്ദിരസമിതി വസായ് - നയ് ഗാവ് യൂണിറ്റിൻ്റെ പുതിയ ഗുരുസെൻ്റർ ഉദ്ഘാടനവും ഗുരുദേവ പ്രതിഷ്ഠാ കർമവും കുടുംബ സംഗമവും നടന്നു . മന്ദിര സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ ഉദ്ഘാടനകർമം നിർവഹിച്ചു. പ്രതിഷ്ഠാ കർമത്തിന് മനോജ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ വസായ് - വിരാർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അജീവ് യശ്വന്ത് പാട്ടിൽ മുഖ്യാതിഥിയും മുൻ മേയർ നാരായൺ മാൻകർ വിശിഷ്ടാതിഥിയുമായിരുന്നു. വിദ്യാഭ്യാസ സേവന രംഗങ്ങളിൽ ശ്രീ നാരായണ മന്ദിര സമിതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ദിര സമിതിയുടെ ജനോപകാരപ്രദമായ എല്ലാ പ്രവർത്തനങ്ങൾക്കും കോർപ്പറേഷൻ്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും മേയർ അജീവ് യശ്വന്ത് പാട്ടീൽ പറഞ്ഞു. മന്ദിര സമിതിയുടെ പ്രവർത്തനോദ്ദേശ്യവും ഭാവിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും എം. ഐ.ദാമോദരൻ വിശദീകരിച്ചു. വസായ് ശിവക്ഷേത്രപരിസരത്തുനിന്നും ഗുരു സെൻ്ററിലേക്ക് അലങ്കരിച്ച രഥത്തിൽ ഗുരുദേവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് നടത്തിയ ഘോഷയാത്രയിൽ വനിതകളടക്കം നൂറുകണക്കിന് ഗുരുദേവഭക്തർ അണിനിരന്നു.
സമ്മേളനത്തിൽ സമിതി വൈ. ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി. ഹരീന്ദ്രൻ , കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം. രാധാകൃഷ്ണൻ സ്വാഗതവും വനിതാവേദി യൂണിറ്റ് കൺവീനർ ഷൈമാ സുബ്രഹ്‌മണ്യൻ നന്ദിയും പറഞ്ഞു.
ഗുരു സെൻ്റർ നിർമാണത്തിനു വേണ്ട സഹായ സഹകരണങ്ങൾ നൽകിയ ടി.സി. അച്ചുതൻ, വേലപ്പൻ പണിക്കർ, ലതാവേലപ്പൻ, എം.ഡി. ആനന്ദൻ , കെ. കൃഷ്ണൻകുട്ടി, മിശ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

