മുണ്ടത്തിക്കോട് ദുരന്തം : മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി

മുണ്ടത്തിക്കോട് ദുരന്തം : മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഒരുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച്‌ സുരേഷ് ഗോപി

തൃശൂർ :മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിന്  മകളുടെ  പേരിൽ  രൂപീകരിച്ച  ട്രസ്റ്റുവഴി ഓരോ ലക്ഷം രൂപാ വീതം ധനസഹായം നൽകുമെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി .സമൂഹമാധ്യമം വഴിയാണ് സുരേഷ്‌ഗോപി ഈ കാര്യം അറിയിച്ചത്.

സുരേഷ്ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് :

"മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.​തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളിൽ ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ്  ഈ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.

​നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു."

ലുലു ഗ്രൂപ്പ് മരിച്ചവരുടെ കുടുംബത്തിന്ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും 

 അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ജില്ലാ കലക്ടര്‍ മുഖേനയായിരിക്കും സഹായം നല്‍കുക