ടിസിഎസ് നാസിക് കേസ്: ഗർഭിണിയാണെന്ന് കാണിച്ച് നിദ ഖാൻ മുൻകൂർ ജാമ്യത്തിന് കോടതിയിൽ

മുംബൈ: നാസിക് ടിസിഎസ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന എച്ച്.ആർ മാനേജർ നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിലാണെന്ന വാദം മുൻനിർത്തി അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയാകും ഇവർ കോടതിയെ സമീപിക്കുക.
കഴിഞ്ഞ വർഷം വിവാഹിതയായ നിദ മുംബൈയിലേക്ക് താമസം മാറിയിരുന്നു. കൂടാതെ ടി.സി.എസിന്റെ മുംബൈ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം വാങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു.നിദ ഖാന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തേക്കും. കേസിൽ പെൺകുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ഇരകളെ മതം മാറാൻ സമ്മർദ്ദത്തിലാക്കുകയും ചെയ്ത സംഘത്തിന്റെ മുഖ്യസൂത്രധാര നിദയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പീഡനത്തിന് ഒത്താശ ചെയ്തതിലും ഗൂഢാലോചനയിലും ഇവർക്ക് നിർണ്ണായക പങ്കുണ്ടെന്ന് അന്വേഷണസംഘം ആരോപിക്കുന്നു.
നാസിക്കിലെ ടി.സി.എസ് ബി.പി.ഒയിൽ ജോലി ചെയ്തിരുന്ന 23 വയസ്സുകാരിയായ ജീവനക്കാരിയുടെ വെളിപ്പെടുത്തലോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സീനിയർ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഇതിന് പിന്നാലെ നിദ ഖാൻ ഉൾപ്പെടെയുള്ളവർ ഇസ്‌ലാം മതത്തിലേക്ക് മാറാൻ നിർബന്ധിച്ചെന്നുമാണ് പരാതി. ഹിന്ദു ദൈവങ്ങളെ അപമാനിച്ചതായും പരാതിയിലുണ്ട്.