ദുരിതക്കയങ്ങൾ നീന്തിക്കയറി വന്ന് വളർന്നവർ ഇന്ന് മന്ത്രിമാർ

ദുരിതക്കയങ്ങൾ നീന്തിക്കയറി വന്ന് വളർന്നവർ ഇന്ന് മന്ത്രിമാർ

തിരുവനന്തപുരം: തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിൻ്റെ വരവ് . പ്രമുഖന്‍മാരുടെ പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. ഈഴവ പ്രാതിനിധ്യവും തൃശൂര്‍ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് നല്‍കിയ മുന്‍ഗണനയും ജനീഷിന് തുണയായി. പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് സ്വന്തം അധ്വാനത്തില്‍ പടുത്തുയര്‍ത്തര്‍ത്തിയതാണ് ജീവിതം.

അമ്മ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പെരുമ്പാവൂര്‍ പോളിടെക്നിക്കില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കെയാണ് ചാലക്കുടിയിലെ ബാര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ജനരഞ്ജന്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുന്നത്. കുടുംബത്തിന്റെ ഭാരം അമ്മ പുഷ്പയുടെ ചുമലിലായിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോയി രണ്ട് കുഞ്ഞുങ്ങളെ അമ്മ പുഷ്പ പോറ്റി വളര്‍ത്തി. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും പാര്‍ട്ട് ടൈം ജോലി ചെയ്തു. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വന്ന ജനീഷ് ഇന്ന് മന്ത്രിപദം വരെയെത്തിയിരിക്കുകയാണ്.കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പുത്തന്‍വേലിക്കര വിസിഎസ്എച്ച്എസ്എസിലുമായിരുന്നു സ്‌കൂള്‍ പഠനം. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് ബിബിഎ എല്‍എല്‍ബി ബിരുദവും നേടി. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പോളിടെക്നിക്കിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ യാത്ര 2007-ല്‍ മാള നിയോജകമണ്ഡലം പ്രസിഡന്റ്, 2012-ല്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, 2017-ല്‍ ജില്ലാ പ്രസിഡന്റ് എന്നീ പദവികളിലെത്തിച്ചു.

ചായക്കടയിൽ നിന്നും  മന്ത്രിസഭയിലേക്കെത്തിയ ജീവിത കാണ്ഡം 

 ജീവിതം കരുപ്പിടിപ്പിക്കാനായി അച്ഛന്‍ തുടങ്ങിയ ചായക്കടയിലെ പാത്രം കഴുകല്‍കാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്കും കോളജിലേക്കും പോയിരുന്നത്.ബിന്ദു കൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന് ആദ്യകാലത്ത് ചിട്ടിയായിരുന്നു. അമ്മ ബി വസുമതി കശുവണ്ടി തൊഴിലാളിയും. രണ്ടാം ക്ലാസുവരെ ബിന്ദുവിന് കാര്യമായ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത്. പിന്നീട് അമ്മയുമായി ആശുപത്രികള്‍ തോറുമുള്ള ഓട്ടത്തിലായിരുന്നു അച്ഛന്‍. ബിന്ദു കൃഷ്ണയ്ക്കും ചേട്ടനും പിന്നീട് തണലായത് അച്ഛമ്മ മാത്രമാണ്.അമ്മയുടെ ചികിത്സ ഫലം കണ്ടില്ല. നേരിയ ഭാരം പോലും എടുക്കാന്‍ കഴിയാതെ വന്നു. അതോടെ അടുക്കള ജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്ക് പോയിരുന്നത്. ജീവിതം തിരിച്ചുപിടിക്കാന്‍ അച്ഛന്‍ ചായക്കട തുടങ്ങിയതോടെ ബിന്ദുവും ഒപ്പം കൂടി. രാത്രി ചായക്കടയിലെ ജോലി തീര്‍ത്തിട്ടാണ് ബിന്ദു പഠിച്ചിരുന്നത്. കോളജ് കാലത്ത് കെഎസ്‌യു നേതാവായപ്പോഴും അച്ഛന്റെ ചായക്കയില്‍ ബിന്ദു പതിവ് ജോലിയില്‍ എത്താതിരുന്നില്ല.

കോളജ് യൂണിയന്‍ മുതല്‍ പാര്‍ലമെന്റിലേക്ക് വരെ മത്സരിച്ചിട്ടുള്ള ബിന്ദുവിന്റെ ആദ്യ നിയമസഭാ വിജയമായിരുന്നു കൊല്ലത്തേത്. കൊല്ലം എസ് എന്‍ കോളജില്‍ യുയുസി, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലില്‍ നിന്ന് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. 2021ല്‍ കൊല്ലത്ത് എം മുകേഷിനോട് 2072 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.