ഞെട്ടിച്ച തോൽവിയും വിജയങ്ങളും...! : കേരളത്തെ നയിക്കാൻ ഇനി യുഡിഎഫ്

ഞെട്ടിച്ച തോൽവിയും വിജയങ്ങളും...! : കേരളത്തെ നയിക്കാൻ ഇനി യുഡിഎഫ്

കേരളം : യുഡിഎഫ് തേരോട്ടത്തിൽ ഇടതുകോട്ടകൾ തകർന്നടിഞ്ഞപ്പോൾ ഹാട്രിക് വിജയമെന്ന ചരിത്രനേട്ടം കൈവിട്ട് ഇടതുമുന്നണി. കേരളത്തിലുയർന്ന യുഡിഎഫ് തരംഗത്തിലൂടെ നഷ്‌ടമാകുന്നത് രാജ്യത്തെ ഏക കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയാണ്. പത്തുവർഷം നീണ്ട പിണറായി യുഗത്തിനാണ് അന്ത്യമാകുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന എൽഡിഎഫ് അഭിപ്രായം ജനം തള്ളിയപ്പോൾ, തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഇടതുമുന്നണിയുടെ ക്യാപ്റ്റനായിരുന്ന പിണറായി വിജയനു മാത്രമാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായ സ്ഥാനാർഥി നിർണയത്തെത്തുടർന്നുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ജി സുധാകരനും പികെ ശശിയും ഉൾപ്പെടെയുള്ള നേതാക്കൾ സിപിഎം വിട്ടപ്പോഴും തുടർഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സിപിഎം. പിണറായി വിജയൻ മത്സരിച്ച ധർമ്മടത്ത് രാവിലെ ഒൻപതരയോടെ ആദ്യ രണ്ടുറൗണ്ടുകൾ എണ്ണിക്കഴിഞ്ഞ് യുഡിഎഫ് സ്ഥാനാർഥിയായ വിപി അബ്‌ദുൾ റഷീദ് 2523 വോട്ടുകൾക്ക് മുന്നിലെത്തിയപ്പോൾ ഉറപ്പായത് എൽഡിഎഫിൻ്റെ പരാജയമായിരുന്നു.പിന്നീട് ഏഴാം റൗണ്ടുവരെ ലീഡ് നിലനിർത്താൻ അബുൾറഷീദിനു സാധിച്ചു.

പിണറായിയുഗം അവസാനിക്കുന്നു 

ഒരു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെയും സിപിഎമ്മിനെയും മുന്നിൽ നിന്നു നയിച്ച പിണറായി യുഗത്തിൻ്റെ അവസാനം കുറിക്കുകയാണ് വൻവിജയത്തിലൂടെ യുഡിഎഫ് ചെയ്‌തത്. കേരളത്തിലുടനീളം വഴിയോരങ്ങളിൽ ഉയർന്ന കൂറ്റൻ ഫ്ലക്‌സ് ബോർഡുകളിലെ ഒരേയൊരു മുഖവും പിണറായിയുടേത് മാത്രമായിരുന്നു. ഇടതുമുന്നണിയിലും സിപിഎമ്മിലും എതിർവാക്കില്ലാത്ത നേതാവായിരുന്ന പിണറായി വിജയന് തന്നെ പരാജയത്തിൻ്റെ പഴി ഏറ്റെടുക്കേണ്ടിവരും.മന്ത്രിമാരുടെ തോൽവിയും മുന്നണിക്കേറ്റ കടുത്ത പരാജയവും പിണറായിയുടെ പാർട്ടിയിലുള്ള കരുത്ത് ചോർത്തും. അതോടൊപ്പം പാർട്ടിക്ക് ഉളളിലും പുറത്തും വിമർശനങ്ങളും ഉയരും. മൂന്നാമൂഴത്തിൽ വിജയം നേടിയിരുന്നെങ്കിൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളില്ലാത്ത അജയ്യനായ നേതാവായി മാറുമായിരുന്നു പിണറായി വിജയൻ. എന്നാൽ, ധർമ്മടത്ത് ആദ്യ റൗണ്ടുകളിലെല്ലാം യൂത്ത് കോൺഗ്രസ് നേതാവായ അബ്‌ദുൾ റഷീദിനു പിന്നിൽ പോകേണ്ടിവന്ന പിണറായി വിജയൻ്റെ ശക്തി ചോരുകയാണെന്ന് പാർട്ടി നേതൃത്വവും വിലയിരുത്തുകയായിരുന്നു. 

പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി

 പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തിനേറ്റത് കനത്ത തിരിച്ചടിയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനെ പരാജയപ്പെടുത്തി. 7487 വോട്ടുകള്‍ക്കാണ് കുഞ്ഞികൃഷ്ണന്റെ ജയം. സിപിഎം കോട്ടകളായ പഞ്ചായത്തുകളില്‍ അടക്കം വോട്ടുനേടിയാണ് സിപിഎം വിമതനായ കുഞ്ഞികൃഷ്ണന്‍ വെന്നിക്കൊടി നാട്ടിയത്.

സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയമായിരിക്കയാണ്.സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ എച്ച് സലാമിനെപരാജയപ്പെടുത്തി .

സിപിഎമ്മിന്റെ ശക്തിദുര്‍ഗമായജില്ലയിൽ  പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ വിമതരായത്. ഇതിൽ കുഞ്ഞികൃഷ്ണൻ 7487 വോട്ടുകൾക്ക് വിജയിച്ചു കഴിഞ്ഞു .തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദൻ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.

കേരള കോണ്‍ഗ്രസ്

പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ അഞ്ചു സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മാണ് ഇത്തവണ പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും യുഡിഎഫ് കൊടുങ്കാറ്റില്‍ അടിപതറി.പാലായില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ  മുന്നേറ്റം നടത്തിയിരുന്ന യുഡിഎഫിന്റെ മാണി സി കാപ്പന്‍ വിജയിച്ചു.

ഫലങ്ങൾ ചുരുക്കത്തിൽ 

 ധർമ്മടത്ത് ,പിണറായി വിജയൻ പത്തൊമ്പതിനായിരത്തി ഇരുനൂറ്റിനാൽപ്പത് വോട്ടുകൾക്ക് വിജയിച്ചു   

കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി  യുഡിഎഫ്  സ്ഥാനാർത്ഥി ടിഒ മോഹനൻ വിജയിച്ചു.

പേരമ്പ്രയിൽ എൽഡിഎഫ് കൺവീനർ രാമകൃഷ്ണനെ പരാജയപ്പെടുത്തി ലീഗിൻ്റെ   ഫാത്തിമ തഹ്‌ലിയ വിജയിച്ചു  

കേരളത്തില്‍ 3 അക്കൗണ്ട് തുറന്ന് ബിജെപി, ചാത്തന്നൂരിലും നേമത്തുംകഴക്കൂട്ടത്തും,  അട്ടിമറി ജയം

ഇരട്ടത്തോൽവി: പി സി ജോർജിനും  മകൻ ഷോൺ ജോർജിനും തോൽവി.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ 394 വോട്ടിന് വിജയിച്ചു.

ബേപ്പൂരിൽ പിവിഅൻവറിനെ തോൽപ്പിച്ച്‌ മുഹമ്മദ് റിയാസ് വിജയിച്ചു.

ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മമ്മിക്കുട്ടി 16517 വോട്ടിന് വിജയിച്ചു.

തിരുവമ്പാടിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സി കെ കാസിം 6741 വോട്ടിന് വിജയിച്ചു.

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എം ശശിക്ക് 8553 വോട്ടിന്റെ ഭൂരിപക്ഷം.

രമേശ് ചെന്നിത്തല  23377 വോട്ടിന് വിജയിച്ചു.

തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന്‍ 26803 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഗുരുവായൂരിൽ അഡ്വ.ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു  .

പാലക്കാട്‌ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി വിജയിച്ചു