വാൽപ്പാറ ദുരന്തം : ഡ്രൈവറും മരിച്ചു, മരണസംഖ്യ 10

കോയമ്പത്തൂർ: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം പാങ്ങിൽ സ്വദേശിയും ബസ് ഡ്രൈവറുമായ നൗഷാദ് അലിയാണ് (39) മരിച്ചത്. ഇതോടെ വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ചികിത്സാ പിഴവെന്ന് കുടുംബം
നൗഷാദ് അലിയുടെ മരണത്തിൽ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അപകടത്തിൽ നൗഷാദിൻ്റെ വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ കുത്തിക്കയറിയ നിലയിലായിരുന്നു. എന്നാൽ അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയ ആശുപത്രി അധികൃതർ വൈകിപ്പിച്ചു.ആരോഗ്യനില മോശമായതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിച്ചിരുന്നു. ഇതിനായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു. വെറും ആറ് മിനിറ്റ് ദൂരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡിസ്ചാർജ് നൽകാൻ അധികൃതർ തയ്യാറായില്ല. ആശുപത്രി മാറ്റുന്നതിന് കലക്ടറുടെയോ ഡിഎംഒയുടെയോ അനുമതി വേണമെന്ന് പറഞ്ഞാണ് നടപടികൾ വൈകിപ്പിച്ചത്.
ഐസിയുവിൽ ഡോക്ടർമാരില്ല
ഓക്സിജൻ നില 59ലേക്ക് താഴ്ന്ന സമയത്ത് ഡോക്ടറെ വിവരമറിയിച്ചിട്ടും ഒന്നര മണിക്കൂർ കഴിഞ്ഞാണ് എത്തിയതെന്ന് നൗഷാദിൻ്റെ ബന്ധുവായ ഷഫീഖ് പറഞ്ഞു. 15 രോഗികളുള്ള വെൻ്റിലേറ്റർ ഐസിയുവിൽ ഒരു ഡോക്ടറും മൂന്ന് നഴ്സുമാരും മാത്രമാണുണ്ടായിരുന്നത്. സാനിറ്റൈസർ പോലുമില്ലാത്ത അവസ്ഥയിലായിരുന്നു തീവ്രപരിചരണ വിഭാഗം പ്രവർത്തിച്ചിരുന്നത്. ഡിസ്ചാർജ് നൽകുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാരും ആർഎംഒയും പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. ഇത് ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും തമ്മിലുള്ള വാക്കുതർക്കത്തിനും ഇടയാക്കി.കഴിഞ്ഞ ദിവസം വരെ നൗഷാദിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാങ്ങിലിലുള്ള വീട്ടിലെത്തിക്കും. ഇന്ന് തന്നെ ഖബറടക്കം നടക്കുമെന്നാണ് വിവരം. അതേസമയം അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ കൂടി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. നേരത്തെ അപകടത്തിൽ മരിച്ച സാജിതയുടെ മകൻ ഷഹദിൻ, വാഹനമോടിച്ചിരുന്ന മുഹമ്മദ് ഫായിസ് എന്നിവരാണ് ഇവിടെ തുടരുന്നത്. പരിക്കേറ്റ മസ്നിൻ എന്ന പെൺകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാടിനെ നടുക്കിയ വാൽപ്പാറ അപകടം നടന്നത്. വാൽപ്പാറയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ കോയമ്പത്തൂരിലെയും പൊള്ളാച്ചിയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്.