മെയ് 4ന് വിജയിക്കുന്ന ടിവികെ സ്ഥാനാർഥികൾ പാർട്ടി ആസ്ഥാനത്ത് എത്താൻ നിർദേശിച്ച് വിജയ്
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 4ന് വിജയിക്കുന്ന ടിവികെ സ്ഥാനാർഥികൾ പനൈയൂർ ഓഫിസിലെത്താൻ നിർദേശിച്ച് പാർട്ടി അധ്യക്ഷൻ വിജയ്. വോട്ടെണ്ണൽ ദിവസം ജനവിധിയിലൂടെ വിജയിച്ച ശേഷം സ്വന്തം ആവശ്യങ്ങൾക്കായി മറ്റെങ്ങും പോകാതെ തൻ്റെ അടുത്തേക്ക് വരണമെന്നും, നിങ്ങൾക്കായി പാർട്ടി ആസ്ഥാനത്ത് കാത്തിരിക്കുമെന്നും അദ്ദേഹം ടിവികെ സ്ഥാനാർഥികളോട് നിർദേശിച്ചു.ഏപ്രിൽ 23നാണ് തമിഴ്നാട് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ മെയ് 4ന് നടക്കും. ഇതിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈ പനൈയൂരിലെ ഹെഡ് ക്വാർട്ടേഴ്സിൽ നേരിട്ടെത്തിയാണ് അദ്ദേഹം മത്സരിച്ച സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ സ്ഥാനാർഥികൾക്ക് അദ്ദേഹം വിവിധ നിർണായക മാർഗനിർദേശങ്ങൾ നൽകിയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തകർ എങ്ങനെ പ്രവർത്തിക്കണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
ജാഗ്രത വേണം, അട്ടിമറിക്ക് സാധ്യത
വോട്ടെണ്ണൽ ദിനമായ മെയ് 4ന് എതിർ പാർട്ടിക്കാർ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനോ ക്രമക്കേടുകൾ നടത്താനോ സാധ്യതയുണ്ടെന്ന് വിജയ് സ്ഥാനാർഥികൾക്ക് മുന്നറിയിപ്പ് നൽകി. അതിനാലാണ് നിർബന്ധമായും എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടത്.വരുന്ന തെരഞ്ഞെടുപ്പ് ഫലം പൂർണമായും ടിവികെയ്ക്ക് അനുകൂലമാകാനാണ് സാധ്യത. എന്നിരുന്നാലും ആരുടേയും ഭാഗത്ത് നിന്ന് വീഴചയുണ്ടാകരുത്, കാര്യങ്ങൾ വളരെ കരുതലോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതോടൊപ്പം വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയായ ശേഷം പാർട്ടിയുടെ മികച്ച വിജയം എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ചും ഭാരവാഹികളുമായും സ്ഥാനാർഥികളുമായും അദ്ദേഹം കൂടിയാലോചനകൾ നടത്തി.
മറ്റുവിടങ്ങളിൽ പോകരുത്
സ്ഥാനാർഥികൾക്ക് വലിയ ആത്മവിശ്വാസമാണ് യോഗത്തിൽ പാർട്ടി അധ്യക്ഷൻ പകർന്നുനൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചാൽ ഉടൻ തന്നെ മറ്റെവിടെയും പോകാതെ എല്ലാവരും പനൈയൂരിലെ ഓഫീസിലേക്ക് വരണം. നിങ്ങൾ എല്ലാവരും ഇവിടെവരുന്നതുവരെ തികഞ്ഞ ആത്മവിശ്വാസത്തോടെ താൻ ഇവിടെ കാത്തിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.യോഗത്തിന് ശേഷം ആർ.കെ നഗർ മണ്ഡലത്തിലെ ടിവികെ സ്ഥാനാർഥിയായി മത്സരിച്ച മരിയ വിൽസൺ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. യോഗത്തിൽ സ്ഥാനാർഥികൾക്ക് ലഭിച്ച പുതിയ തെരഞ്ഞെടുപ്പ് അനുഭവം, തെരഞ്ഞെടുപ്പ് യാത്രകൾ, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവ എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങൾ വിജയ് പ്രത്യേകം ചോദിച്ചറിഞ്ഞതായി അവർ വ്യക്തമാക്കി.