വയനാട് പ്രളയ ദുരന്തം :മുസ്ലിം ലീഗ് നിര്‍മിച്ച 51 വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾ പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് തൃക്കൈപ്പറ്റയിൽ നിർമ്മിച്ച ആദ്യഘട്ട വീടുകളിൽ കുടുംബങ്ങൾ ഇന്ന് താമസം തുടങ്ങും. ഇന്നലെ മൂന്നു കുടുംബങ്ങൾ ടൗൺഷിപ്പിൽ താമസം ആരംഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം 51 കുടുംബങ്ങൾ ഒരുമിച്ച് ഔദ്യോഗികമായി ഗൃഹപ്രവേശം നടത്തുന്നത്.മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് 105 വീടുകളാണ് നിർമ്മിച്ചത് നൽകുന്നത്. തൃക്കൈപ്പറ്റ വെള്ളിത്തോടാണ് ലീഗിൻ്റെ രണ്ട് ഭാഗങ്ങളായുള്ള ടൗൺഷിപ്പ് . ഒന്നാമത്തെ ഭാഗത്ത് 51 വീടുകൾ നിർമ്മിച്ച് നേരത്തെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയിരുന്നു. ഗുണഭോക്താകളായവർ കുട്ടികളുടെ പരീക്ഷയും റംസാനും വിഷുവും ഒക്കെ ആയതിനാൽ വീടുകളിൽ താമസം തുടങ്ങിയിരുന്നില്ല.

ഇപ്പോൾ 51 കുടുംബങ്ങളും ഇന്നുമുതൽ മുതൽ പുതിയ വീടുകളിലേക്ക് താമസം മാറുകയാണ്. ഓരോ വീട്ടിലും ആവശ്യമായ ഫർണിച്ചർ അടക്കം നൽകിയിട്ടുണ്ട്. ഇൻ്റീരിയർ ജോലികളും പൂർത്തിയാക്കി. ഗുണഭോക്താക്കൾക്ക് അവരുടെ ആഗ്രഹമനുസരിച്ച് മതാചാര ചടങ്ങുകൾ നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ ഓരോരുത്തരും അവരുടെ മതപരമായ ചടങ്ങുകൾ നടത്തി. ബാക്കിയുള്ള 54 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻ്റ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നിര്‍മിച്ച് നൽകിയിരിക്കുന്നത്.എതിര്‍പ്പുകളോട് മറുപടി പറയുന്നതിന് പകരം പ്രവർത്തിച്ച് കാണിച്ച് കൊടുത്തുവെന്ന് മുസ്‌ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു. ഭംഗിയായി നിയമപ്രകാരമാണ് വീടുകളുടെ പണി പൂര്‍ത്തി കരിച്ചതെന്നും പ്രതികരണം." ഒരു രാഷ്‌ട്രീയ പാര്‍ട്ടി പുനരധിവാസ പദ്ധതി ആരംഭിക്കുന്നത് ഇത് ആദ്യമായാണ്. ഒരു വലിയ ദുരന്തത്തെ അതിജീവിച്ച് വന്ന കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് നിറവേറ്റതിയൻ്റെ സന്തോഷത്തിലാണ് എല്ലാവരും. 54 വീട് ഈ ജൂണ്‍ 30 ഓടെ കൈമാറും" മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.വൈകുന്നേരം ഓരോ വീട്ടിൽ നിന്നും 20 പേർ വീതം പങ്കെടുക്കുന്ന ഗൃഹപ്രവേശ ചടങ്ങും നടക്കും. പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു നേരത്തെ ഉദ്ഘാടന ചടങ്ങ് നടത്തിയിരുന്നതിനാൽ സ്വകാര്യ ചടങ്ങുകളായാണ് ഇന്ന് ഗൃഹപ്രവേശം നടത്തുന്നത്. പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പരിപാടിയിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഫെബ്രുവരി 28ന് മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ച് താക്കോൽ കൈമാറിയിരുന്നു. എന്നാൽ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു.