"ലഹരി മാഫിയയെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയും" : അമിത് ഷാ

ന്യുഡൽഹി : രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം മുംബൈയിൽ 1745 കോടി രൂപയുടെ മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടിയിരുന്നു.
ഇത് മയക്കുമരുന്ന് മാഫിയക്കെതിരായ വലിയ വിജയമാണെന്നും അമിത്ഷാ പറഞ്ഞു . ഇതിനിടെ ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിൻ്റെ ഭാഗമായി പിടികിട്ടാപ്പുള്ളിയായ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ മുഹമ്മദ് സലിം ഡോലയെ ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ച് എൻസിബി അറസ്റ്റ് ചെയ്തു.മുംബൈയിൽ നിന്ന് ഉയർന്ന ഗുണനിലവാരമുള്ള 349 കിലോഗ്രാം കൊക്കെയ്നാണ് എൻസിബി കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതിന് പിന്നാലെയാണ് മയക്കുമരുന്ന് ശൃംഖലകളെ പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് അമിത് ഷാ എക്സിലൂടെ പ്രതികരിച്ചത്.ഒരു ചെറിയ മയക്കുമരുന്ന് കടത്തിൽ നിന്ന് തുടങ്ങി അതിന് പിന്നിലെ വൻ ശൃംഖലയെ കണ്ടെത്തുന്ന താഴെത്തട്ടിൽ നിന്നു മുകളിലേക്കുള്ള അന്വേഷണത്തിൻ്റെ മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ നേട്ടം കൈവരിച്ച എൻസിബി അന്വേഷണ സംഘത്തിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി സലിം ഡോലയെ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലുള്ള എൻസിബി ഓഫീസിൽനിന്നും ഉദ്യോഗസ്ഥർ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നു.
സലിം ഡോല പിടിയിൽ
ഇന്ത്യൻ ഇൻ്റലിജൻസ് ഏജൻസികളുമായും മറ്റ് അന്തർദേശീയ ഏജൻസികളുമായും ചേർന്ന് നടത്തിയ ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിൻ്റെ ഭാഗമായാണ് കൊടും കുറ്റവാളി മുഹമ്മദ് സലിം ഡോലയെ എൻസിബി പിടികൂടിയത്. ഇന്ന് പുലർച്ചെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുർക്കിയിൽ നിന്നാണ് രാജ്യത്തേക്ക് എത്തിച്ചത്. മുംബൈ സ്വദേശിയായ 59കാരനായ ഇയാളെ പിടികൂടാനായി ഇന്ത്യയുടെ ആവശ്യപ്രകാരം 2024 മാർച്ചിൽ ഇൻ്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതിയായ ഇയാൾ നാളുകളായി അന്വേഷണ ഏജൻസികളെ വെട്ടിച്ച് വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.
വൻ ലഹരിമരുന്ന് ശൃംഖല
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിലെ നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്ന വലിയൊരു അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയാണ് സലിം ഡോല പടുത്തുയർത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്തെ മയക്കുമരുന്ന് ഇടപാടുകളിൽ ഇയാൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി ഹെറോയിൻ, ചരസ്, മെഫെഡ്രോൺ, മാൻഡ്രാക്സ്, മെത്താംഫെറ്റാമൈൻ തുടങ്ങിയ മാരക മയക്കുമരുന്നുകൾ വൻതോതിൽ കടത്തിയ കേസുകളിൽ ഇയാൾക്ക് നേരിട്ട് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ താഴെത്തട്ടിലുള്ള വിതരണക്കാർക്ക് അടക്കം വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായാണ് ഡോല പ്രവർത്തിച്ചിരുന്നത്.ഗുജറാത്ത് എടിഎസും മുംബൈ പൊലീസും സലിം ഡോലയ്ക്കായി നാളുകളായി വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, 2025ൽ യുഎഇയിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് സലിം ഡോലയുടെ മകൻ തഹിൽ സലിം ഡോലയെയും മറ്റു ചില കൂട്ടാളികളെയും മുംബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇപ്പോൾ പിടികൂടാൻ കഴിഞ്ഞത് തുർക്കിയിലെ അധികാരികളും ഇൻ്റർപോളും ഇന്ത്യൻ ഏജൻസികളും തമ്മിലുള്ള അടുത്ത സഹകരണത്തിൻ്റെയും ഏകോപനത്തിൻ്റെയും വ്യക്തമായ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ സലിം ഡോലയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ രാജ്യത്തെ മയക്കുമരുന്ന് മാഫിയയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ഇവരുടെ പ്രാദേശിക സഹായികളെക്കുറിച്ചും നിർണ്ണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.