ജാഗ്രതക്കുറവൻ്റെ ആവർത്തനം സതീശൻ സർക്കാറിൻ്റെ അടിത്തറ ഇളക്കുമോ ?

ജാഗ്രതക്കുറവൻ്റെ ആവർത്തനം സതീശൻ സർക്കാറിൻ്റെ അടിത്തറ ഇളക്കുമോ ?

 തിരുവനന്തപുരം: ഭരണത്തിലേറി മാസം ഒന്ന് തികയുന്നതിനുമുന്നെതന്നെ വിവാദ ചുഴികളിൽ അകപ്പെട്ട് സതീശൻ സർക്കാർ ഉലയാൻ തുടങ്ങിയിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ, വിസ്മയിപ്പിക്കുന്ന വിജയം സമ്മാനിച്ച്‌, ഭൂരിപക്ഷ ജനത അധികാരത്തിൽ ഇരുത്തിയ സർക്കാറാണ് അഭികാമ്യമല്ലാത്ത നയങ്ങളും നിരുത്തരവാദ സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത് .സാധാരണ പ്രയോഗത്തില്‍ പല കാര്യങ്ങളിലും ജാഗ്രതക്കുറവാണ് സര്‍ക്കാരിൻ്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്നതെന്നു പറയാമെങ്കിലും ഏറ്റവും ഒടുവിലുണ്ടായ ഹൈക്കോടതി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തെ അത്തരത്തില്‍ നിസാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല.

ശബരിമല അയ്യപ്പൻ്റെ സ്വര്‍ണം കട്ട സംഭവത്തെ പ്രതിപക്ഷത്തായിരുന്നപ്പോള്‍ വൈകാരികമായി മുതലെടുത്താണ് യുഡിഎഫും കോണ്‍ഗ്രസും അധികാരത്തിലെത്തിയത്. ആ കേസിൻ്റെ അന്വേഷണം പൂര്‍ത്തിയാകും മുന്‍പേ കേസില്‍ പ്രതി സ്ഥാനത്തുള്ള കമ്പനിയുടെ അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുമ്പോള്‍ സ്വാഭാവികമായും വിവാദമാകുമെന്ന് അറിയാത്തവരല്ല മുഖ്യമന്ത്രിയും സര്‍ക്കാരില്‍ മന്ത്രിമാരായിരിക്കുന്നവരും. പ്രത്യേകിച്ചും എറണാകുളത്ത് അഭിഭാഷകനായി പ്രാക്ടീസു ചെയ്തിരുന്ന മുഖ്യമന്ത്രി വി ഡി സതീശന് ഈ അഭിഭാഷകൻ്റെ പശ്ചാത്തലം അറിയാതിരിക്കാനുമിടയില്ല.മാത്രമല്ല, ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് സ്വര്‍ണപ്പാളികളും ദ്വാരപാലക ശില്‍പ്പവും അടിച്ചു മാറ്റിയെന്നും സര്‍ക്കാര്‍ അതിനു കൂട്ടു നിന്നുവെന്നുമാണ് പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ ആരോപിച്ചിരുന്നത്. ഇത്തരത്തില്‍ ഇളക്കിയെടുത്ത സ്വര്‍ണം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയിലെത്തിച്ചാണ് അതില്‍ നിന്ന് സ്വര്‍ണം വേര്‍പെടുത്തിയതെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി അവരെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു. അവര്‍ക്കു വേണ്ടി കേസു വാദിച്ചയാളെ എങ്ങനെ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവണ്‍മെൻ്റ് പ്ലീഡറാക്കി എന്നത് സര്‍ക്കാരിന് ഉത്തരമില്ലാത്ത ചോദ്യമായി.

ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ ദേവസ്വം മന്ത്രി കെ മുരളീധരന്‍ വിയര്‍ക്കുന്നതാണ് കണ്ടത്. മാത്രമല്ല, ഈ അഭിഭാഷകന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും പുറത്തു വന്നു. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാരിൻ്റെ വായടപ്പിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്‌പെഷ്യല്‍ ഗവണ്‍മെൻ്റ് പ്രോസിക്യൂട്ടര്‍ കെ ബി പ്രദീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങേണ്ടി വന്നു. നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ നേരിട്ടിടപെട്ടു നടത്തിയ നിയമനമാണ് അദ്ദേഹത്തിനു തന്നെ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതു തന്നെ വിവാദത്തോടെയായിരുന്നു. ബിജെപി നിര്‍ബന്ധത്തിനു വഴങ്ങി വന്ദേമാതരം പൂര്‍ണമായി ആലപിച്ചു എന്നതായിരുന്നു ആദ്യ വിവാദം. അതു പക്ഷേ സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പുള്ളതായതിനാല്‍ ലോക്ഭവൻ്റെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു എന്ന വിശദീകരണം ഒട്ടൊക്കെ പിടിച്ചു നില്‍ക്കാന്‍ സഹായകമായിരുന്നു. പിന്നാലെ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസും ഇന്ത്യാ സംഖ്യവും അതിശക്തമായി എതിര്‍പ്പുയര്‍ത്തിയ എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ വാശിയോടെ മുന്നില്‍ നിന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ സെക്രട്ടറിയായി നിയമിച്ചു. ഇതെന്തു കൊണ്ട് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം മിടുക്കന്‍ എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും എസ്‌ഐആര്‍ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്ന നിലയില്‍ രത്തന്‍ ഖേല്‍ക്കര്‍ക്കു മുന്നില്‍ വച്ച അഭിപ്രായം കണക്കിലെടുക്കാതെ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിര്‍ബന്ധപ്രകാരം എസ്‌ഐആര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു. അന്ന് സര്‍വ കക്ഷിയോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച പി സി വിഷ്ണുനാഥും എം ലിജുവും വി ഡി സതീശന്‍ മന്ത്രിസഭയില്‍ മന്ത്രിമാരാണ്. അവരാണ് കോണ്‍ഗ്രസിൻ്റെ അഭിപ്രായം രത്തന്‍ഖേല്‍ക്കര്‍ക്കു മുന്നില്‍ വച്ചത്. ഈ ഉദ്യോഗസ്ഥന്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചു എന്നത് ഇപ്പോഴും ദൂരൂഹമാണ്.

മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് നിയമനമാണ് ഈ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ അടുത്ത വിവാദം. കെപിസിസി പ്രസിഡൻ്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് അദ്ദേഹത്തിൻ്റെ പിഎ ആയി സ്വന്തം സഹോദരീ ഭര്‍ത്താവിനെ വിവാദമാകുമെന്നറിഞ്ഞു കൊണ്ടു നിയമിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ നിയമനം പിന്‍വലിച്ചു. വിവാദമാകുമെന്നറിയാമായിരുന്നെങ്കില്‍ അതിനു തക്കതായ ന്യായീകരണം നിരത്താനെങ്കിലും മന്ത്രിക്കു കഴിയണമായിരുന്നു. അതിനു കഴിയാതെ നിയമനം റദ്ദാക്കേണ്ടി വന്നതു സര്‍ക്കാരിനു ക്ഷീണമായി.

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ആള്‍ക്കെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് രംഗത്തെത്തിയത്. അദ്ദേഹം അംഗമായ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയും എതിര്‍പ്പുയര്‍ത്തി. കടുത്ത ബിജെപി അനുഭാവിയാണ് ഇദ്ദേഹമെന്നതായിരുന്നു പ്രധാന ആരോപണം. എന്നിട്ടും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ഇടപെടലില്‍ അദ്ദേഹത്തെ തന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീടുകളില്‍ ഇഡി റെയ്ഡ് നടന്നപ്പോള്‍ ദിവസങ്ങളോളം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉരിയാടാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നതും വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. പിന്നീട് പ്രതികരിക്കാം എന്നു പറയാന്‍ പോലും മുഖ്യമന്ത്രി തയാറാകാതിരുന്നതാണ് വിമര്‍ശനം വിളിച്ചു വരുത്തിയത്.

വരും ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളിൽ  സര്‍ക്കാര്‍ കുറച്ചു കൂടി മുന്നൊരുക്കത്തോടെ ഇടപെടും എന്നാണ്  ഈ സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്ന ഓരോ വോട്ടർമാരിലുമുള്ളത് .അത് ഭരണകൂടം തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം .