തൃശൂരിൽ ഭാര്യയെ യുവാവ് കഴുത്തു ഞെരിച്ച് കൊന്നു

തൃശൂർ: ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ ജോലിക്ക് പോകാനായി ഉണ്ണിമായ ഒരുങ്ങിനിൽക്കുമ്പോൾ മുറിയിൽ കടന്നുവന്ന ശിവപ്രസാദ് വഴക്കിടുകയും തുടർന്ന് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.ഇതുകണ്ട് ശിവപ്രസാദിൻ്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി. പക്ഷേ അയൽക്കാരെ വീട്ടിലേക്ക് കയറാൻ ശിവപ്രസാദ് അനുവദിച്ചില്ല .പിന്നീട് അയാൾ അവിടെനിന്ന് മാറിയശേഷം നാട്ടുകാർ ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.