മലയാള കലാഗ്രാമത്തിൽ പ്രതിമ അനാച്ഛാദനം നാളെ

മാഹി : മയ്യഴിപുഴയോരത്ത്, കലാപഠനത്തിനും സാംസ്കാരികസംവാദങ്ങൾക്കുമുള്ള വേദിയായി സ്ഥാപിക്കപ്പെട്ട 'മലയാള കലാഗ്രാമ'ത്തിൻ്റെ മുപ്പത്തിരണ്ടാം വാർഷികവും സ്ഥാപകൻ എപി കുഞ്ഞിക്കണ്ണൻ്റെ പ്രതിമയുടെ അനാച്ഛാദനവും നാളെ നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാച്ഛാദനം ചെയ്യും.ചടങ്ങിൽ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ആധ്യക്ഷം വഹിക്കും. പ്രതിമയുടെ ശിൽപ്പി എൻ. മനോജ്‌കുമാറിനെ മുഖ്യമന്ത്രി ആദരിക്കും.പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ചിത്രകാരനും ചരിത്ര ഗവേഷകനുമായ കെകെ മാരാർ അനുസ്‌മരണ പ്രഭാഷണം നടത്തും. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വാർഷികാഘോഷത്തിൻ്റെ ഭാഗമായി എംവിദേവൻ ആർട്ട്ഗ്യാലറിയിൽ കലാഗ്രാമം അധ്യാപകരും വിദ്യാർത്ഥികളും ഒരുക്കുന്ന ചിത്ര-ശില്പപ്രദർശനവും വിവിധകലാപരിപാടികളും ഉണ്ടായിരിക്കും.
മദിരാശിയിലെ വ്യവസായിയും ന്യൂമാഹിക്കടുത്ത ചൊക്ലി സ്വദേശിയുമായ ഏ.പി.കുഞ്ഞിക്കണ്ണനാണ് മലയാള കലാഗ്രാമത്തിന്റെ സ്ഥാപകൻ.ഏ.പി.കെ.ട്രസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത് 1993 ഡിസംബർ 26- നാണ്. ഡോ.സുകുമാർ അഴീക്കോടായിരുന്നു ഉദ്ഘാടകൻ.സംഗീതവും നൃത്തവും ചിത്രകലയും ശിൽപ്പനിർമ്മാണവുമെല്ലാം ഇവിടെ അഭ്യസിപ്പിക്കുന്നു. നാല് ആർട് ഗാലറികളും, മഹാകവി കുമാരനാശാന്റെ വെങ്കലശിൽപ്പവുംപ്രധാന ആകർഷണങ്ങളാണ്.