കെ.രാജൻ രചിച്ച പിആർ.കൃഷ്ണൻ്റെ ജീവചരിത്ര പുസ്തകത്തിൻ്റെ പ്രകാശനം നടന്നു

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ തൊഴിലാളിയൂണിയൻ നേതാവും സാമൂഹ്യസാംസ്‌കാരിക പ്രവർത്തകനുമായ പി.ആർ .കൃഷ്ണൻ്റെ സമരജീവിതവുംരാഷ്ട്രീയസാംസ്‌കാരിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി സാഹിത്യ- സാമൂഹ്യപ്രവർത്തകൻ കെ.രാജൻ രചിച്ച ' Resolute on the Path of Struggles' എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം ഡോംബിവ്‌ലിയിലെ മോഡൽ ഇംഗ്ലീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ സമാജത്തിൻ്റെ പ്രതിമാസപരിപാടിയായ 'സാഹിത്യസായാഹ്ന'ത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഇ. പി.വാസു അധ്യക്ഷത വഹിച്ചു. സാഹിത്യസായാഹ്‌നം കൺവീനർ ജോയ് ഗുരുവായൂർ സ്വാഗതം പറഞ്ഞു . പുസ്തകത്തിൻ്റെ പ്രകാശനം ഇ. പി.വാസു ജനറൽ സെക്രട്ടറി രാജശേഖരൻ നായർക്ക് നൽകി നിർവഹിച്ചു.

നോവലിസ്റ്റും പ്രഭാഷകനുമായ സിപി കൃഷ്ണകുമാർ പുസ്‌തകത്തെ സദസ്സിന് പരിചയപ്പെടുത്തി. യൂണിയൻ നേതാവ് കൂടിയായിരുന്ന പുസ്‌തക രചയിതാവ് കെ.രാജൻ പി.ആർ.കൃഷ്ണനുമായുള്ള സൗഹൃദത്തെക്കുറിച്ചുംമഹാരാഷ്ട്രയിലെ തൊഴിലാളികൾക്കിടയിൽ നിന്നു കൊണ്ട് ദീർഘകാലം അദ്ധേഹം നടത്തിയ ഇടപെടലുകളെക്കുറിച്ചും നിസ്വാർത്ഥമായി തുടർന്നുവന്നിരുന്ന സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.
ശുഭ്രവസ്ത്ര ധാരിയായ മുംബൈയുടെ കൃഷ്ണേട്ടൻ
വെള്ളവസ്ത്രം ധരിച്ചിരുന്ന മുംബൈയിലെ അധോലോക നായകന്മാരെയും ഗായകൻ യേശുദാസിനേയും അഭിമുഖം ചെയ്‌ത പ്രമുഖ മാധ്യമ പ്രവർത്തകൻ കാട്ടൂർ മുരളി ദീർഘകാല സൗഹൃദമുണ്ടെങ്കിലും "എന്തുകൊണ്ട് എന്നും വെള്ളവസ്ത്രം ധരിക്കുന്നു എന്ന ചോദ്യം " പി.ആർ.കൃഷ്ണേട്ടനോട് ചോദിക്കാൻ ഇപ്പോഴും ബാക്കിയായി നിൽക്കുന്നു എന്ന നിരാശ സദസ്സുമായി പങ്കുവെച്ചു.പി.ആർ.കൃഷ്‌ണനെ പരിചയപ്പെട്ടതും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും കാട്ടൂർ മുരളി സംസാരിച്ചു.
തലമുറകൾ അറിഞ്ഞിരിക്കേണ്ട സമരപോരാളി
94 വയസ്സ് പിന്നിട്ട പി. ആർ. കൃഷ്ണൻ്റെ ജീവിതം ആധാരമാക്കി പഴയ തലമുറക്കും ഇന്നത്തെ പുതുതലമുറയിലുള്ളവർക്കും വരുന്ന തലമുറക്കും പ്രയോജനപ്പെടുന്ന വിധം ഡോക്യൂമെന്ററിയോ ബയോപിക്ചറോ തയ്യാറാക്കാൻ സോംബിവലി കേരളീയസമാജം മുന്നിട്ടിറങ്ങണമെന്ന് മലയാളഭൂമി ശശിധരൻനായർ പറഞ്ഞു .നോവലിസ്റ്റ് ബാലകൃഷ്ണനെപ്പോലെയുള്ള പ്രശസ്തരായ മുതിർന്ന സാഹിത്യകാരന്മാരെയും പി. ആർ. കൃഷ്ണനെയും ചുരുങ്ങിയത് ഓരോ ലക്ഷം വീതമുള്ള പുരസ്‌കാരം നൽകി ആദരിക്കണമെന്നും ഇവർക്ക് പകരം വെയ്ക്കാൻ ഇവരെപ്പോലെ ആരും ഇനി മുംബൈയിലുണ്ടാകില്ലാ എന്നും ശശിധരൻനായർ പറഞ്ഞു.
മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാർക്ക് അവാർഡ്
മഹാരാഷ്ട്ര നിവാസികളായ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, അവരുടെ രചനകളിൽ നിന്നും മികച്ച പുസ്തകം തെരഞ്ഞെടുത്ത് കേരളീയസമാജം അവാർഡ് നൽകുമെന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ ചടങ്ങിൽ പ്രഖ്യാപിച്ചു.
സമാജം വൈസ്പ്രസിഡന്റ് സുരേന്ദ്രൻനായർ ,എംബി, മാധ്യമപ്രവർത്തകൻ എംജി.അരുൺ , ബാലാജി , ശ്രീകാന്ത് നായർ, പ്രേമൻ ഇല്ലത്ത് ,പി.ഡി.ബാബു ,അമ്പിളി കൃഷ്ണകുമാർ ,നിഷ മനോജ് ,അനിൽ പ്രകാശ് ,കെ പി വിനയൻ ,അഡ്വ.രാജകുമാർ,സിഎച്ച് ബാലക്കുറുപ്പ് ,രാജേന്ദ്രൻ കുറ്റൂർ , ഇ. എസ്. സജീവൻ, ഡോ. കെ. എം. ഭാസ്കരൻ, വിനയൻ കളത്തൂർ, രമേഷ് നാരായണൻ, എൻ. ടി. പിള്ള, ടി. കെ. രാജേന്ദ്രൻ, മുരളി വട്ടേനാട്, മോഹനൻ, ഡോ.പി. പി. രാധാകൃഷ്ണൻ തുടങ്ങീ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധിപേർ സംസാരിച്ചു. ആർ .നാരായണൻ കുട്ടി അവതാരകനായിരുന്നു .സമാജം കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ.കെ.സുരേഷ് ബാബു നന്ദി പറഞ്ഞു.