ന്യുസിലാന്റിൽ മലയാള പുസ്തകവായനയ്ക്ക് ഇടമൊരുക്കി അങ്കമാലിക്കാരൻ ജോബിൻ

ന്യുസിലാന്റിൽ  മലയാള പുസ്തകവായനയ്ക്ക് ഇടമൊരുക്കി അങ്കമാലിക്കാരൻ ജോബിൻ

 വെല്ലിംഗ്ടൺ :അക്ഷരങ്ങൾ മാഞ്ഞുപോവുകയും പകരം  E - വായന തഴയ്ക്കുകയും ചെയ്യുന്ന പുതിയകാലത്ത് ന്യൂസിലാൻഡിൻ്റെ  പടിഞ്ഞാറൻ തീര നഗരമായ ന്യൂ പ്ലിമൗ ത്തിൽ അങ്കമാലിക്കാരൻ ജോബിൻ ജോർജിൻ്റെ  മലയാളം വായനാലയം  ശ്രദ്ധേയമാവുന്നു . എംടി,കേശവദേവ്,ബഷീർ, തകഴി, പെരുമ്പടവം തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളെല്ലാം ജോബിൻ്റെ  വായനശാലയിൽ ലഭ്യമാണ്. അതോടൊപ്പം ഇവരുടെ കൈയ്യഴുത്തിലുള്ള കത്തുകൾ കൂടി ഇപ്പോൾ ഇവിടെനിന്ന്  വായിക്കാൻ പറ്റും .കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണനയച്ച 'കത്തുകളുടെ പുസ്തക'മാണ് ജോബിൻ്റെ   വായനശാലയിലെ  പുതിയ അതിഥി. 'ഓ. വി.വിജയനും മുട്ടത്തുവർക്കിയും', അബുദാബി ശക്തി അവാർഡ് നേടിയ 'സൽക്കഥകൾ','വിശുദ്ധ സസ്യങ്ങളും വ്രതങ്ങളും' തുടങ്ങിയ പായിപ്രയുടെ കൃതികളും ഇപ്പോൾ എത്തിച്ചേർന്നിട്ടുണ്ട്.

 ന്യൂ പ്ലിമൗത്തിലെ മലയാളി സമാജവുമായി സഹകരിച്ച് ജോബിൻ ജോർജ് രൂപീകരിച്ച 'വായനക്കൂട്ടം' എന്ന ഫോണിൻ ഗ്രൂപ്പ് വഴിയാണ് പുസ്തകവിതരണം. ഫോണിലെ പുസ്തക ലിസ്റ്റ് പ്രകാരം ആവശ്യപ്പെടുന്ന കൃതികൾ സൗജന്യമായി സ്വന്തം കാറിൽ ജോബിൻ എത്തിച്ചു കൊടുക്കുകയും രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു വാങ്ങുകയും ചെയ്യുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലൈബ്രറിയിലെ നവാതിഥിയായ 'കത്തുകളുടെ പുസ്തകത്തി'ലൂടെ മലയാളസാഹിത്യകാരന്മാരുടെ സ്വന്തം കൈപ്പടയിലുള്ള കത്തുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രദർശിപ്പിക്കുവാനും ഉദ്ദേശിക്കുന്നുവെന്ന് ജോബിൻ ജോർജ് 'വേൾഡ് എം ന്യുസി'നോട്   പറഞ്ഞു . ന്യൂസിലൻഡിലെ മലയാളി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന 'മലയാളി കാഴ്ച' എന്ന യൂട്യൂബ് ചാനലും ജോബിൻ നടത്തി വരുന്നുണ്ട്.