ആർട്ടിസ്റ്റ് പി.പി.പ്രദീപിന്റെ ചിത്രപ്രദർശനം ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു
മുംബൈ: ആർട്ടിസ്റ്റ് പി.പി.പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ പ്രശസ്ത ചിത്രകാരൻ റ്റി.വി സന്തോഷ് ഉദ്ഘാടനം ചെയ്‌തു.ഒക്ടോബർ 19വരെ പതിവായി രാവിലെ 11 മണിമുതൽ വൈകുന്നേരം7 മണിവരെ പ്രദർശനം ഉണ്ടായിരിക്കും. "ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ് ലിറ്റിൽ ഡ്രീംസ്("Between Infinity and Little Dreams") എന്ന് നാമകരണം ചെയ്തിട്ടുള്ള ചിത്രപ്രദർശനത്തിൽ ഓയിൽ പെയിന്റ്, വാട്ടർ കളർ, അക്രിലിക് കളർ എന്നിവ ഉപയോഗിച്ച് ചെയ്ത ചിത്രങ്ങളാണുള്ളത് . രണ്ട് വ്യത്യസ്ത സീരീസിലുള്ള ചെറുതും വലുതുമായ 40 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത് .വിവിധ കാലഘട്ടങ്ങളിൽ സാമൂഹികവും സാംസ്കാരികവുമായ വന്നിട്ടുള്ള മാറ്റങ്ങളും അവ മനുഷ്യജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തി ലോക്ക് ഡൗൺ കാലഘട്ടത്തിനു മുൻപ് ചെയ്ത ചിത്രങ്ങളും 'ലിറ്റിൽ ഡ്രീംസ്' എന്ന പേരിൽ അതിനു ശേഷം ചെയ്ത ചിത്രങ്ങളും ആണ് പ്രദർശനത്തിനുള്ളത്. ലോക്ക്ഡൗൺ കാലഘട്ടത്തിലെ പരിമിതമായ സ്വാതന്ത്ര്യത്തോടെ കൂടുതൽ സമയവും ഒരു വീട്ടിൽ അല്ലെങ്കിൽ മുറിയുടെ ഉള്ളിൽ അടഞ്ഞിരിക്കേണ്ടി വരുന്ന സാഹചര്യം, ഏകാന്ത ,ഭയം, അസുഖം ,അതിജീവനം എന്നിവയോടൊപ്പം ചെറിയ സന്തോഷങ്ങളും പ്രത്യാശകളും പ്രതിഫലിക്കുന്നവയാണ് "ലിറ്റിൽ ഡ്രീംസ്" സീരീസിലെ ചിത്രങ്ങൾ. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള കൂവപ്പടി ആണ് പ്രദീപിന്റെ സ്വദേശം .

